വി ഡി സതീശൻ കേരളത്തിന്റെ 13 -മത് കേരളാ മുഖ്യമന്ത്രി; “നിലപാടുകളുടെ രാജകുമാരൻ” ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ നേതാക്കൾ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി . ഡി . സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്ത് ദിവസത്തോളമായി നീണ്ട അനിശ്ചിതത്വത്തിനും രഹസ്യ ചർച്ചകൾക്കും ഒടുവിലാണ് തീരുമാനം പുറത്തുവന്നത്.
പോൾ കറുകപ്പിള്ളിൽ (ഐഒസി യു എസ് എ ചെയർമാൻ ) ഉൾപ്പടെ യുള്ള ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ നേതാക്കൾ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു .

മല്ലികാർജുന കാർഗെ , രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നിർണായക ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്. കേരളത്തിലെ കോൺഗ്രസ് എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയ നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ . സി . വേണുഗോപാൽ , രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും ശക്തമായി പരിഗണിച്ചിരുന്നുവെങ്കിലും ജനപിന്തുണയും യു.ഡി.എഫ് ഘടകകക്ഷികളുടെ പിന്തുണയും വി.ഡി. സതീശന് അനുകൂലമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതൃത്വവും വി.ഡി. സതീശന് പിന്തുണ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് വഴിയൊരുങ്ങിയത്. സംസ്ഥാന ഗവർണറെ കാണാൻ യു.ഡി.എഫ് നേതൃത്വം സമയം തേടിയതായും റിപ്പോർട്ടുകളുണ്ട്.
2026 നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻവിജയത്തിന് പിന്നാലെ കേരളത്തിൽ ഒരു ദശാബ്ദത്തിന് ശേഷം കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലെത്തുകയാണ്. വി . ഡി . സതീശൻ മുഖ്യമന്ത്രിയാകുന്നതോടെ പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകളും വേഗത്തിലാകും.




