കണ്ണൂര്‍: മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യവുമായി ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ് രംഗത്ത്. ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൂട്ടത്തോല്‍വിക്ക് പിന്നാലെ കെപിസിസിയില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തെത്തിയിരുന്നു. മുല്ലപ്പള്ളിയെ മാറ്റി കെ. സുധാകരനെയോ, കെ. മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടപ്പാക്കിയത് മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശങ്ങളായിരുന്നുവെന്നും, സ്ഥാനാര്‍ത്ഥി പട്ടിക പോലും രാഹുലിന്റെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കിയതെന്നുമാണ് മറുവാദം.