ന്യൂയോര്‍ക്ക്: ആത്മീയ വിശുദ്ധിയുടെ അനുഭവങ്ങള്‍ക്കായി എലന്‍വില്‍ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ട് വീണ്ടും ഒരുങ്ങുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 13 ബുധന്‍ മുതല്‍ 16 ശനി വരെയാണ് നടക്കുന്നത്.
ന്യൂയോര്‍ക്ക് റോക്ക്ലാന്റ് കൗണ്ടി ഏരിയയില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ ദൂരെ, അള്‍സ്റ്റര്‍ കൗണ്ടിയിലെ മനോഹര ഭൂപ്രദേശമായ കാറ്റ്സ്കില്‍/ഷോണ്ഗങ്കില് 250 ഏക്കറില്‍ പരന്നുകിടക്കുന്ന ഓണേഴ്സ് ഹേവന്‍ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ട്, ഫാമിലി കോണ്‍ഫറന്‍സിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
ഇത് സംബന്ധിച്ച നടപടികളുടെ ക്രമീകരണത്തിനായി ആലോചനായോഗങ്ങള്‍ നടന്നുവരുന്നു. വെസ്റ്റ് സേയ് വില്‍ സെന്റ് മേരീസ്, ന്യൂയോര്‍ക്ക്, മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്, ന്യൂജേഴ്സി, ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ്, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ നടന്ന ആലോചനാ യോഗങ്ങളില്‍ ഇടവകമെത്രാപോലീത്താ സഖറിയാ മാര്‍ നിക്കോളോവോസിന്റെ നേതൃത്വത്തില്‍ മലങ്കര അസോസിയേഷന് അംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, അസംബ്ലി അംഗങ്ങള്‍, കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അടുത്ത ആലോചനായോഗം മാര്‍ച്ച് 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണിക്ക് ന്യൂജേഴ്സിയിലെ നോര്‍ത്ത് പ്ലെയിന്‍ ഫീല്‍ഡിലുള്ള സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയില്‍ വെച്ച് നടക്കും(9 Mercer Ave, North Plainfield, NJ-07060).
ഫാ.വിജയ് തോമസ് ആണ് കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍. ജനറല്‍ സെക്രട്ടറി ആയി ഡോ.ജോളി തോമസ് സേവനമനുഷ്ഠിക്കുന്നു. ജീമോന്‍ വറുഗീസ് ആണ് ട്രഷറാര്‍.
ജോര്‍ജ് തുമ്പയില്‍