ദുബൈ: എക്സ്പോ 2020ൽ ഞായറാഴ്ച പത്ത് ദിർഹമിന് പ്രവേശനം. എക്സ്പോയിൽ ഒരു കോടി സന്ദർശകരെത്തുന്നത് ആഘോഷിക്കാനാണ് പത്ത് ദിർഹമിന് ടിക്കറ്റ് നൽകുന്നത്. കഴിഞ്ഞയാഴ്ച 90 ലക്ഷം കവിഞ്ഞ എക്സ്പോയിൽ ഞായറാഴ്ച സന്ദർശകർ ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ. ആറ് മാസം കൊണ്ട് രണ്ട് കോടി സന്ദർകരെയാണ് ദുബൈ എക്സ്പോ പ്രതീക്ഷിക്കുന്നത്.
ഒരു കോടി സന്ദർശകരെത്തുന്നതിന്റെ ആഘോഷവും ഞായറാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട വിനോദ പരിപാടികളുമുണ്ടാകും. എന്നെന്നും ഓർത്തിരിക്കാവുന്ന നാഴികക്കല്ലായി ഈ ദിവസം മാറ്റുക എന്നതാണ് ലക്ഷ്യം. കൊറിയയുടെ ദേശീയ ദിനാഘോഷവും ഞായറാഴ്ചയാണ്. പരമ്പരാഗത കൊറിയൻ കലാപ്രദർശനങ്ങളും ജൂബിലി സ്റ്റേജിൽ സംഗീത നിശയും ഉണ്ടാകും. എക്സ്പോ സൈറ്റുകൾ വഴിയും എക്സ്പോയിലെ വേദിയിലും ടിക്കറ്റുകൾ ലഭിക്കും. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം.