ജമ്മു കശ്മീരിലെ സിയാച്ചിനിൽ ഉണ്ടായ ഹിമപാതത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ട ഇന്ത്യൻ സൈനികൻ മരിച്ചു. കാണാതായ മറ്റൊരു സൈനികനായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. ഡാർജിലിങ്ങിൽ നിന്നുള്ള ലാൻസ് ഹവിൽദാർ ഭവൻ തമങ് ആണ് മരിച്ചത്. സൈനികന് ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സൈന്യം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് സിയാച്ചിനിലെ ടുർടുക്ക് മേഖലയിൽ പെട്രോളിങ് നടത്തുകയായിരുന്ന സംഘം ഹിമപാതത്തിൽപ്പെട്ടത്. ഇതിൽ ഒരു സൈനികനെ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ രണ്ടാമത്തെ സൈനികനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സൈനികനായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.