ഹൃദയസ്തംഭനം ഉള്‍പ്പെടെ ജീവന്‍ തന്നെ നഷ്ടപ്പെടാവുന്ന നിരവധി സങ്കീര്‍ണതകളിലേക്ക് നയിക്കാവുന്ന ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ഒരു പ്രായം കഴിഞ്ഞാല്‍ പലരിലും പ്രത്യക്ഷപ്പെടുന്ന രക്തസമ്മര്‍ദം കണ്ടെത്തി കഴിഞ്ഞാല്‍ മരുന്ന് കഴിച്ച് തുടങ്ങുകയെന്നതാണ് നമ്മുടെ  ശീലം. എന്നാല്‍ ശരിയായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

1. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് കറിവച്ചും തോരനും മെഴുക്കുപുരട്ടിയായുമെല്ലാം  നാം കഴിക്കാറുണ്ടെങ്കിലും ഇത് പച്ചയ്ക്ക് കഴിക്കുന്നതിന്‍റെ ഗുണമൊന്ന് വേറെയാണ്. ബീറ്റ്റൂട്ട് ജ്യൂസായി കുടിക്കുന്നതിലൂടെ രക്തസമ്മര്‍‍ദത്തെ ഒരു പരിധി വരെ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് വീതം ഒരു മാസത്തേക്ക് കഴിച്ചവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിച്ചതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

2. തണ്ണിമത്തന്‍

വേനലില്‍ നാമെല്ലാം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്  വെള്ളവും മധുരവും നിറഞ്ഞ തണ്ണിമത്തനുകള്‍. എന്നാല്‍ ഇവ ദാഹം ശമിപ്പിക്കാനും ശരീരത്തെ തണുപ്പിക്കാനും മാത്രമല്ല രക്തസമ്മര്‍ദം കുറയ്ക്കാനും സഹായകമാണ്. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള സിട്രുലൈന്‍ നൈട്രിക് ഓക്സൈഡിനെ ഉത്പാദിപ്പിക്കും. ഇത് രക്തക്കുഴലുകളെ റിലാക്സ് ചെയ്ത് രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ കൊണ്ടുവരും. 

3. ഓട്സ്

ഭാരം കുറയ്ക്കാന്‍ ഡയറ്റിങ് പിന്തുടരുന്നവരുടെ പ്രിയ ഭക്ഷണമാണ് പലപ്പോഴും ഓട്സ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റ-ഗ്ലൂക്കന്‍ രക്തസമ്മര്‍ദത്തെയും നിയന്ത്രിച്ച് നിര്‍ത്തും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ വയറിന്‍റെ ആരോഗ്യത്തെ സഹായിക്കുകയും ഇത് വഴി ചയാപചയം മെച്ചപ്പെട്ട് കൊളസ്ട്രോള്‍ ശരീരത്തില്‍ അടിയുന്നതിനെ ഒഴിവാക്കുകയും ചെയ്യും. ഇത്തരത്തിലും ഓട്സ് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായകമാകും. 

4. വെളുത്തുള്ളി

ആന്‍റി ബയോട്ടിക്, ആന്‍റി ഫംഗല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി ശരീരത്തില്‍ നെട്രിക് ഓക്സൈഡിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കും. ഇത് രക്തക്കുഴലുകളെ റിലാക്സ് ചെയ്യിച്ച് രക്തസമ്മര്‍ദം കുറയ്ക്കും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിനും മനുഷ്യ ശരീരത്തിന് പല തരത്തില്‍ ഗുണം ചെയ്യും. 

5. മാതളനാരങ്ങ

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് മാതളനാരങ്ങ. ഇവ ജ്യൂസാക്കി കഴിക്കുന്നത്  സെറം ആന്‍ജിയോടെന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈമിന്‍റെ പ്രവര്‍ത്തനെ തടഞ്ഞ്  സിസ്റ്റോളിക് രക്ത സമ്മര്‍ദം കുറയ്ക്കുന്നതിന് കാരണമാകും. 

6. പുളിപ്പിച്ച ഭക്ഷണം

നല്ല ബാക്ടീരിയയും ഈസ്റ്റും അടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദം ഉയര്‍ത്തുന്ന എന്‍സൈമുകളെ നിയന്ത്രിക്കും. എന്നാല്‍ ഉപ്പിന്‍റെ സാന്നിധ്യം അധികമുള്ള പുളിപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിപരീത ഫലമുളവാക്കും. 

7. പച്ചിലകള്‍

ചീര, കാബേജ്, കടുകില പോലുള്ള പച്ചിലകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. മനുഷ്യശരീരത്തിന് ആവശ്യമായ നിരവധി പോഷണങ്ങളും ഇതില്‍ നിന്ന് ലഭിക്കും. 

8. പഴം

പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഈ പൊട്ടാസ്യയത്തിന് സോഡിയത്തിന്‍റെ ആഘാതം കുറയ്ക്കാനും രക്തക്കുഴലുകളുടെ ഭിത്തിയിലുണ്ടാകുന്ന സമ്മര്‍ദത്തെ ലഘൂകരിക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here