സിമി വാലിയില്‍ ചെറുവിമാനപകടം: പൈലറ്റ് മരിച്ചു, വീടുകള്‍ക്ക് നാശം

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയില്‍ ഒരു ചെറുവിമാനം ജനവാസമേഖലയിലേയ്ക്ക് തകര്‍ന്ന് വീണ ദുരന്തത്തില്‍ പൈലറ്റ് മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറിലുള്ള സിമി വാലിയിലാണ് അപകടം സംഭവിച്ചത്.
ഒറ്റ എഞ്ചിന്‍ ചെറുവിമാനമാണ് വീടുകള്‍ക്കിടയിലേക്ക് ഇടിച്ചിറങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും വലിയ ദുരന്തം ഒഴിവായി. അപകടസമയത്ത് വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അഗ്‌നിശമന സേന അറിയിച്ചു.
അഗ്‌നിശമന സേനയും പൊലീസും അടിയന്തരമായി സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സമീപവാസികളെ നേരത്തേ തന്നെ ഒഴിയാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൈലറ്റിന്റെ പേര് ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിമാനപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.