ന്യൂഡൽഹി: ബിജെപി പാർലമെന്ററി ബോർഡ് പുനഃസംഘടിപ്പിച്ചു. ബിജെപിയിലെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന പാർട്ടി പാർലമെന്ററി ബോർഡിൽ നിന്ന് മുതിർന്ന നേതാക്കൾ പുറത്തായിരിക്കുകയാണ്.

കർ‌ണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, അസം മുൻ മുഖ്യമന്ത്രി സ‌ർബാനന്ദ സോണോവാൾ, ഒ ബി സി മോർച്ച ദേശീയ അദ്ധ്യക്ഷൻ കെ ലക്ഷ്മണ എന്നിവർ ബോർഡിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇഖ്‌ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായൺ ജതിയ, ബി എൽ സന്തോഷ് എന്നിവരാണ് ബോ‌ർഡിലുള്ള മറ്റ് അംഗങ്ങൾ. അതേസമയം, കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരെ ഒഴിവാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉൾപ്പെടുത്താത്തതും രാഷ്ട്രീയ പ്രാധാന്യം നേടുന്നു. ബിജെപിയുടെ ഉന്നതാധികാര സമിതിയായ കേന്ദ്ര പാർലമെന്ററി ബോർഡും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമാണ് പുനഃസംഘടന നടത്തിയത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അഴിച്ചുപണി നടന്നു. മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വനതി ശ്രീനിവാസനെ തിരഞ്ഞെടുപ്പ് സമിതിയിൽ ഉൾപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, ഓം മാത്തൂർ, എന്നിവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ, ജുവൽ ഒറാം എന്നിവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here