ന്യൂഡൽഹി : എ.ഐ.സി,സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് മത്സരിക്കാമെന്ന് വ്യക്തമാക്കി സോണിയാ ഗാന്ധി. തരൂരുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് അദ്ധ്യക്ഷ നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി മത്സരിച്ചേക്കില്ലന്നും സോണിയ സൂചന നൽകിയതായി റിപ്പോർട്ടുണ്ട്.
ഗാന്ധി കുടുംബത്തിൽ നിന്ന ആരും അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെങ്കിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരും സോണിയയുമായുള്ള കൂടിക്കാഴ്ച. ഡൽഹി ജൻപഥിലെ സോണിയയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു
അതേസമയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ തന്നെ കോൺഗ്രസിനെ നയിക്കണമെന്നും അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന തീരുമാനം പുനഃ പരിശോധിക്കണമെന്നും മഹാരാഷ്ട്ര, യു.പി, കോൺഗ്രസ് ഘടകങ്ങൾ പ്രമേയം പാസാക്കി,. രാഹുൽ മത്സരിച്ചില്ലെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി പദം ഒഴിഞ്ഞ് പുതിയ പദവിയിലെത്താൻ ഗലോട്ടിന് താത്പര്യമില്ലാത്തത് നേതൃത്വത്തെ കുഴക്കുന്നുണ്ട്.