ഡാളസിൽ തെറ്റായ ദിശയിൽ സഞ്ചരിച്ച വാഹനം അപകടത്തിന് ഇടയാക്കി; രണ്ട് പേർ മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

ഡാളസ് : ഡാളസ് നഗരത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരണപ്പെട്ടതിനും മറ്റ് രണ്ട് പേർക്ക് പരിക്കുകളേറ്റ് ചികിത്സയിൽ തുടരുന്നതും സംബന്ധിച്ച് അധികൃതർ സ്ഥിരീകരിച്ചു. ഗാലേറിയയ്ക്ക് സമീപമുള്ള ഡാളസ് നോർത്ത് ടോൾവേയുടെ തെക്ക് ഭാഗത്തുള്ള ലെയ്നുകളിലാണ് അപകടം ഉണ്ടായത്. രാവിലെ നാലരയ്ക്കു സമീപമാണ് അപകടം സംഭവിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ 2020 മോഡൽ ഡോഡ്ജ് ഡുറാൻഗോ വാഹനമാകാമെന്ന് സംശയിക്കുന്നു. തെറ്റായ ദിശയിൽ, അഥവാ വടക്കോട്ടായി തെക്കൻ ലെയ്നുകളിൽ ഈ വാഹനം സഞ്ചരിക്കുമ്പോൾ, നേരെ വന്ന 2018 മോഡൽ മെഴ്‌സിഡസ് സി.എൽ.എ. 250 കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അതിന്റെ ആഘാതത്തിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് മൂന്ന് പേരെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവരിൽ ഒരാൾ പിന്നീട് മരിച്ചു.
ഡോഡ്ജ് ഡുറാൻഗോയുടെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ലഹരിയിൽ ആയിരുന്നതിനുള്ള സംശയമുണ്ടെന്ന് ടെക്സസ് ഡിപിഎസ് അറിയിച്ചു.
അപകടത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. അപകടത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ ഇനിയും പുറത്തുവിട്ടിട്ടില്ല.