മർഫിയിൽ വീണ്ടും ജനവിശ്വാസം നേടിയ എലിസബത്ത് എബ്രഹാം സിറ്റി കൗൺസിലറായി അധികാരമേറ്റു

മർഫി: ടെക്സസ് സംസ്ഥാനത്തെ മർഫി നഗരസഭയിലെ സിറ്റി കൗൺസിൽ അംഗമായി എലിസബത്ത് എബ്രഹാം മൂന്നാംവട്ടം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മേയ് 20-നു ചൊവ്വാഴ്ച വൈകിട്ട് നടന്ന ഔദ്യോഗിക ചടങ്ങ് മർഫി സിറ്റി ഹാളിലാണ് നടന്നത്.
മേയ് 3-ന് നടന്ന തിരഞ്ഞെടുപ്പിൽ എതിരാളിയായ നദീം കരീമിനെ വൻ ഭൂരിപക്ഷത്തോടെ തോൽപ്പിച്ചായിരുന്നു എലിസബത്തിന്റെ വിജയം. ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ഇടവക വികാരി റവ. റോയ് തോമസ് ഉൾപ്പെടെ നിരവധി പേര്‍ ചടങ്ങിൽ പങ്കെടുത്തു.
2019-ലാണ് എലിസബത്ത് ആദ്യമായി കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2022-ൽ വീണ്ടും മികച്ച ഭൂരിപക്ഷം നേടിയാണ് അവർ വീണ്ടും അധികാരത്തിൽ എത്തിയത്. ഇപ്പോഴത്തെ കാലാവധി 2025 മെയ് മാസത്തോടെ അവസാനിക്കുകയായിരുന്നുവെന്ന് കാരണം മൂലമാണ് അവർ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നിലവിൽ മേയർ പ്രോ ടെം എന്ന നിലയിലും എലിസബത്ത് സേവനമനുഷ്ഠിച്ചിരുന്നു.
മർഫിയുടെ വികസനത്തിന് മാറ്റംകാട്ടുന്ന നിരവധി പദ്ധതികൾക്ക് എലിസബത്ത് നേതൃത്വം നൽകി. മാക്സ്വെൽ ക്രീക്കിന് സമീപം നിർദേശിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരായ ജനകീയ പ്രക്ഷോഭത്തിൽ അവർ മുഖ്യപങ്ക് വഹിച്ചു. നഗരത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി H-E-B, ടോർച്ചീസ് ടാക്കോസ് പോലുള്ള മുൻനിര ബിസിനസുകളെ മർഫിയിലേക്ക് ആകർഷിക്കുന്നതിലും നിർണായകമായ പങ്ക് വഹിച്ചു.
താമസക്കാർക്ക് ഉയർന്ന നിലവാരമുള്ള ജീവിതം ഉറപ്പാക്കുന്നതിനുള്ള എലിസബത്തിന്റ സമർപ്പണമാണ് ഇന്ന് മർഫിയെ ടെക്സസിലെ ഏറ്റവും സുരക്ഷിതവും വികസിതവുമായ നഗരങ്ങളിൽ ഒന്നായി മാറാൻ സഹായിച്ചത്. നഗര ബോർഡുകളിലും കമ്മീഷനുകളിലും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ നഗരത്തെ കൂടുതൽ സജീവമായി രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കി. സുസ്ഥിരതയും പുരോഗതിയും കൂടിയൊരു ഭാവിയിലേക്ക് മർഫിയെ നയിക്കാനാണ് എലിസബത്ത് എബ്രഹാമിന്റെ നേതൃത്വം കേന്ദ്രബിന്ദുവാകുന്നത്.