നെറ്റിയിൽ ചുളിവ് വീണിരിക്കുന്ന കാര്യം രാവിലെ കണ്ണാടിയിൽ നോക്കുമ്പോഴാണ് സുമ ശ്രദ്ധിക്കുന്നത്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി കാലവും സുമയും തമ്മിൽ പോരാട്ടത്തിലായിരുന്നു. വെളുത്ത മുടിയെന്നല്ല, ചെമ്പിച്ച മുടിയിഴ പോലും സമൃദ്ധമായ ആ കേശഭാരത്തിനുള്ളിൽ കണ്ടുപിടിക്കാനാവില്ല. അത്രയേറെ സൗന്ദര്യകാര്യത്തിൽ ശ്രദ്ധിക്കുന്നയാളാണെന്ന് ചുരുക്കം. പക്ഷേ ഇത്? അല്പമൊന്നാലോചിച്ചപ്പോഴാണ് ചുളിവിന്റെ കാര്യത്തിൽ ഇത്രയധികം ടെൻഷനടിക്കേണ്ടതില്ലെന്ന് സുമയ്ക്ക് മനസിലായത്. നഗരത്തിലെ അസംഖ്യം ബ്യൂട്ടി ക്ലീനിക്കുകളിൽ ഏതെങ്കിലുമൊരു പാർലറിൽ അപ്പോയ്ൻമെന്റ് എടുക്കുക മാത്രമേ വേണ്ടൂ. ആന്റി ഏജിംഗ് ക്രീമുകൾ മുതൽ തെറാപ്പികൾ വരെ നീളുന്ന കോഴ്സുകൾ ചുളിവിനെ ചുരണ്ടിയെടുത്ത് കളഞ്ഞ് പഴയ പടിയാക്കി തരും.
ആരോഗ്യമുള്ള ചർമ്മത്തിലെ കോശങ്ങൾ മൂന്നാഴ്ചയിലൊരിക്കൽ പൊഴിഞ്ഞ് പോകുന്നെന്ന് മെഡിക്കൽ സയൻസ് പറയുന്നുണ്ട്. അതായത് ഓരോ മാസവും നമ്മുടെ ചർമ്മോപരിതലത്തിൽ പുതിയ കോശങ്ങളുണ്ടാകുന്നുവെന്ന് അർത്ഥം. മൃതകോശങ്ങൾ പൊഴിഞ്ഞുപോയ ശേഷം പുതിയ കോശങ്ങൾ വരുന്ന ഒരു ചാക്രിക കാലമാണ് എപ്പിഡേർമൽ ടേണോവർ ടൈം (ഇ.ടി.ടി). നമുക്ക് പ്രായമാകുമ്പോൾ ഇ.ടി.ടിയുടെ ദൈർഘ്യം ആറ് - എട്ട് ആഴ്ചവരെ നീളുന്നു. ഇതാണ് ചുളിവുകൾക്ക് കാരണമാകുന്നത്.
ചുളിവ് മാറ്റുന്നതെങ്ങനെ?
പല ഘട്ടങ്ങളിലായി ചെയ്യുന്ന ചികിത്സയാണ് മൈക്രോ ഡെർമാബ്രേഷൻ. നല്ല ചെലവ് വരുന്ന ട്രീറ്റ്മെന്റാണിത്. ചെറിയ ബ്ലീഡിംഗുണ്ടാകും. ചർമ്മത്തിൽ ചികിത്സയുടെ ഫലമായുണ്ടാകുന്ന കറുത്തപാടുകൾ അപ്രത്യക്ഷമാകാൻ രണ്ടാഴ്ച സമയമെടുക്കും. പെർഫെക്ടർ എന്ന ആധുനികോപകരണമാണ് മറ്റൊരു സങ്കേതം. ഒരു ചെറിയ കംപ്യൂട്ടറുമായി ഘടിപ്പിച്ച രണ്ട് ഇലക്ട്രിക് പ്രോബ്സാണ് പെർഫെക്ടർ എന്ന ഉപകരണം. ഇലക്ട്രിക് പ്രോബ്സ് ഉപയോഗിച്ചാണ് രോഗിയുടെ മുഖത്ത് പരിശോധന നടത്തുക. ആറ് ആന്റി - ഏജിംഗ് തെറാപ്പികളുടെ ഒരു പാക്കേജാണ് പെർഫെക്ടറിലൂടെ ചെയ്യുക. സൂപ്പർ ഫിഷ്യൽ ഫേയ്സ് ലിഫ്ട്, ഡീപ് ഫേസ് ലിഫ്ട്, ഫേമിംഗ്, അയണൈസേഷൻ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. 24 സിറ്റിംഗുകൾ വേണ്ടി വന്നേക്കും. പ്രകൃതിക്ക് ചെയ്യാനാകാത്തതാണ് പെർഫെക്ടർ ചെയ്യുക. ഇതിലൂടെ കടന്നുവരുന്ന മൈക്രോ കറന്റ് മൃതകോശങ്ങളെ നീക്കി പുതിയവയെ സജീവമാക്കുന്നു. ഇന്ന് ഈ ചികിത്സാരീതിക്ക് ആവശ്യക്കാരുമേറെയാണ്.
ലേസർ തെറാപ്പി
ലേസർ തെറാപ്പിയിൽ ഇൻഫ്രാറെഡ് കിരണങ്ങൾ ചർമ്മത്തിനുള്ളിലേക്ക് തുളച്ചിറങ്ങും. ചർമ്മത്തിന് ഒരു പോറൽ പോലും ഉണ്ടാക്കാതെ ജഡകോശങ്ങളെ പാടേ തുടച്ചു നീക്കുന്നു. ചുളിവുകളെ നിർമ്മാർജ്ജനം ചെയ്യാൻ ഏറ്റവും ഫലപ്രദവും ശാശ്വതവുമായ ചികിത്സാരീതിയാണിത്. എന്നാൽ ചെലവ് വളരെ കൂടുതലാണ്. ചർമ്മം ഫോട്ടോ സെൻസിറ്റീവാകുകയും ചെയ്യും.
ഇലക്ട്രോ തെറാപ്പി
കമ്പ്യൂട്ടറൈസ് ചെയ്ത ചെറിയൊരു ഉപകരണം ചർമ്മത്തിനുള്ളിലേക്ക് മൈക്രോ കറന്റ് കടത്തിവിടുന്നു. ഇത് വഴിതുറക്കുന്ന ദ്വാരങ്ങൾ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സാഹചര്യമൊരുക്കുന്നു.
ഈ മാർഗത്തിലൂടെ പിന്നീട് ആന്റിപ്രിങ്കിൾ ഉല്പന്നങ്ങൾ ആഗിരണം ചെയ്യുന്നു. ചർമ്മോപരിതലത്തിൽ മാത്രമേ ചെയ്യാനാവൂയെന്നതാണ് ന്യൂനത. ചുളിവുകൾ ആഴമുള്ളതാണെങ്കിൽ ഇലക്ട്രോതെറാപ്പി ഫലം ചെയ്യില്ല.
പവർ മസാജ്
മുഖത്തെ മസിലുകളിലൂടെ ഇലട്രിക്കൽ ചാർജ്ജുള്ള ഫേസ് പാക്കുകൾ മൈക്രോ കറന്റ് കടത്തിവിടുന്നു. ചർമ്മകോശങ്ങളിലെ രക്തയോട്ടം വർദ്ധിക്കുന്നു. പുനരുജ്ജീവനം ലഭിക്കുന്നു. എന്നാൽ രണ്ടാഴ്ചത്തേക്ക് മാത്രമേ പവർ മസാജിന്റെ ഫലം നീണ്ടുനിൽക്കൂ.
ബോട്ടോക്സിംഗ്
ആന്റി ഏജിംഗ് ചികിത്സാസങ്കേതങ്ങളിൽ അമേരിക്കയിലും ഇപ്പോൾ നോർത്തിന്ത്യയിലും ഒരുഹരമായി പടർന്നുകൊണ്ടിരിക്കുകയാണ് ബോട്ടോക്സിംഗ്. ബോട്ടുലിനം ടോക്സിൽ എന്ന നേർപ്പിച്ച ലായനി മുഖത്ത് കുത്തിവച്ച് ചുളിവുകളെ തുടച്ചുനീക്കുന്ന സങ്കേതമാണിത്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ബോട്ടുലിനം ടോക്സിൻ സാന്ദ്രത കൂടിയ അവസ്ഥയിൽ കൊടുംവിഷമാണ്, പൊതുവേ ഒരു ജൈവായുധമായിട്ടാണ് ഇതറിയപ്പെടുന്നത്. എന്നിരുന്നാലും ലക്ഷക്കണക്കിന് യൂണിറ്റ് നേർപ്പിച്ചു കഴിയുമ്പോൾ ഇത് ചർമ്മത്തെ സുന്ദരമാക്കുന്ന ഉത്തമ ഔഷധമായി മാറുന്നു. ചർമ്മത്തിന് നേരിയ പരാലിസിസ് നൽകിയാണ് ബോട്ടുലിനം ടോക്സിൻ ചുളിവ് നിവർക്കുക. ഈ ചികിത്സാരീതിയിൽ വേദന അനുഭവിക്കേണ്ടി വരില്ല എന്നതാണ് ഗുണം. പല്ല് ക്ലീൻ ചെയ്യുന്നതിനേക്കാൾ എളുപ്പമാണിത്. എന്നാൽ ഫലം താത്ക്കാലികം മാത്രമാണ്. നാലുമാസത്തിൽ കൂടുതൽ ചികിത്സാഫലം നീണ്ടുനിൽക്കില്ല. എന്നാൽ എത്ര ആവർത്തിച്ചുചെയ്താലും ദോഷമൊന്നും ഉണ്ടാകില്ല. നെറ്റിയിൽ മാത്രമല്ല, ബോടോക്സിംഗ് പ്രയോഗിക്കാനാവുന്നത്. തല മുതൽ കാൽവിരൽ വരെ ഏത് സ്ഥലത്തും ചെയ്യാം.