കോഴിക്കോട്: അർബുദം പിടിപെട്ടാൽ ജീവിതം തീർന്നെന്ന ആശങ്കകൾ ഇനി ധൈര്യമായി മാറ്റിവെക്കാം. കേരളത്തിൽ അർബുദം പിടിപെട്ട 50 ശതമാനത്തോളം പേരും ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിന്റെ (ആർ.സി.സി.) കണക്ക്.
tആദ്യഘട്ടത്തിൽത്തന്നെ ചികിത്സ തേടുന്ന 80 ശതമാനം പേർക്കും രോഗം മാറാറുണ്ട്. സംസ്ഥാനത്ത് വർഷം പുതുതായി 50,000 അർബുദ രോഗികളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിൽ 16,000 ത്തോളം പേരും ചികിത്സതേടിയെത്തുന്നത് ആർ.സി.സി.യിൽ. ഇനി പ്രതീക്ഷാനിർഭരമായ ചില കാര്യങ്ങൾ:
● ബ്രിട്ടനിൽ അർബുദം വന്നശേഷം അതിജീവിക്കുന്നവർ 60 ശതമാനം. മുന്നിൽ സ്ത്രീകൾ
● 2015-ൽ അമേരിക്കയിൽ അർബുദം ഭേദമായവർ 1.55 കോടി.
● അർബുദചികിത്സയിൽ വൻമുന്നേറ്റം. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി എന്നിവയിൽ വലിയ മാറ്റങ്ങൾ. ഇതോടെ, പാർശ്വഫലങ്ങൾ കുറഞ്ഞു
● അർബുദകോശങ്ങളെ മാത്രം കണ്ടെത്തി നശിപ്പിക്കുന്ന ടാർഗറ്റഡ് തെറാപ്പി പോലുള്ള ചികിത്സാരീതികൾ വന്നു
● ജീൻ തെറാപ്പി, ട്യൂമർ വാക്സിൻസ്, ലേസർ തെറാപ്പി, വിത്തുകോശ ചികിത്സ എന്നിവ ഭാവിയിൽ വഴിത്തിരിവാകും
എണ്ണം കണ്ട് ഞെട്ടേണ്ട
2015-ൽ ഇന്ത്യയിൽ അർബുദം ബാധിച്ച് മരിച്ചത് ഏഴുലക്ഷത്തോളം പേർ. മുന്പും ഏതാണ്ട് ഇതേതോതിൽ അർബുദം ഉണ്ടായിരുന്നുവെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തിരിച്ചറിയാൻ മാർഗങ്ങൾ കുറവായിരുന്നു. ഇപ്പോൾ അർബുദം കൃത്യമായി തിരിച്ചറിഞ്ഞ് രജിസ്റ്റർ ചെയ്യപ്പെടുന്നു. അതിനാൽ എണ്ണത്തിൽ വർധന പെട്ടെന്ന് അനുഭവപ്പെടും. ജനസംഖ്യ കൂടുന്നതിനനുസരിച്ച് അർബുദബാധിതരുടെ എണ്ണം കൂടുന്നതും സ്വാഭാവികം.
നേരത്തേ അറിയാം, ചികിത്സിക്കാം
അർബുദം തിരിച്ചറിയാൻ വൈകുന്നതാണ് രോഗത്തെ മാരകമാക്കുന്നത്. അർബുദം തിരിച്ചറിയാൻ ഒട്ടേറെ അവസരങ്ങൾ തൊട്ടടുത്തുതന്നെയുണ്ട്
● തിരുവനന്തപുരം ആർ.സി.സി.: ഡിറ്റക്‌ഷൻ സെന്ററിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നിർണയക്യാമ്പ്.
ഫോൺ: 0471-2442541
● തലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ക്യാന്പുകൾ നടത്താറുണ്ട്. ഫോൺ: 0490 2355881, 2357881
● മലബാർ കാൻസർകെയർ സൊസൈറ്റിയുടെ കണ്ണൂർ തെക്കി ബസാറിലെ രോഗനിർണയകേന്ദ്രം. വിദഗ്‌ധ ഡോക്ടർമാരടങ്ങുന്ന സഞ്ചരിക്കുന്ന ടെലിമെഡിസിൻ യൂണിറ്റ് സഞ്ജീവനിയും ഉണ്ട്. ഫോൺ: 9447035309
● ആർ.സി.സി.യുടെ കീഴിലുള്ള ഏർളി കാൻസർ ഡിറ്റക്‌ഷൻ സെന്ററുകൾ: എറണാകുളം കലൂർ. ഫോൺ-0484-2347531
● പാലക്കാട്, കഞ്ചിക്കോട്. ഫോൺ: 0491-2566124
● കൊല്ലം, ചവറ. ഫോൺ: 9747110149
മാറാരോഗികൾക്ക് മാത്രമല്ല പരിചരണം
അർബുദബാധിതർക്ക് പരിചരണവുമായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററുകൾ എല്ലാ പഞ്ചായത്തുകളിലുമുണ്ട്. അതതിടത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാൽ മാത്രം മതി.
കൂടാതെ 200 സർക്കാറിതര സന്നദ്ധസംഘടനകളും പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നു. ചികിത്സകൊണ്ടു കാര്യമില്ലാത്തവർക്ക് മാത്രമേ പരിചരണം ലഭിക്കുള്ളൂവെന്ന ധാരണ തെറ്റാണെന്ന് കോഴിക്കോട് മെഡിക്കൽകോളേജിലെ പാലിയേറ്റീവ് വിഭാഗം ഡയറക്ടർ ഡോ. സുരേഷ് പറയുന്നു. രോഗത്തിന്റെ ആദ്യഘട്ടത്തിൽ ഉള്ളവർക്കും പാലിയേറ്റീവ് പരിചരണം ലഭ്യം.
ഭാരമാകില്ല, ചികിത്സ
അർബുദബാധിതർക്ക് കൈത്താങ്ങായി ഒട്ടേറെ സർക്കാർ പദ്ധതികളുണ്ട്.
● കാൻസർ സുരക്ഷാ പദ്ധതി: 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആർ.സി.സി.യിലും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആസ്പത്രികളിലും സൗജന്യ ചികിത്സ.
● സുകൃതം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് സൗജന്യ ചികിത്സ.
● കാരുണ്യ ബെനവലന്റ് ഫണ്ട്: മൂന്നുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് രണ്ടുലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം
● പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് പൂർണമായും സൗജന്യ ചികിത്സ
● ചിസ് പ്ലസ്: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചിസ് പ്ലസ് കാർഡുള്ളവർക്ക് 70,000 രൂപവരെ സൗജന്യ ചികിത്സ
● രാഷ്ട്രീയ ആരോഗ്യനിധി: കേന്ദ്രസർക്കാർ പദ്ധതി: നഗര-ഗ്രാമ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടുലക്ഷം രൂപ വരെ

LEAVE A REPLY

Please enter your comment!
Please enter your name here