സാങ്കേതിക ലോകത്ത് എല്ലാം റിയാലിറ്റിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഗവേഷകരും സാങ്കേതിക വിദഗ്ധരും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ മേഖലകളിലും ഇതിനായുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ ഈ കണ്ടെത്തലുകൾക്ക് ഗുണവും ദോഷവുമുണ്ട്. കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങളും വെർച്വൽ റിയാലിറ്റി സംവിധാനങ്ങളും ഉപയോഗിച്ച് പുതുലോകം സൃഷ്ടിക്കുകയാണ്… അതാണ് ടെക്കികളും സ്വപ്നം കാണുന്നത്. ഇതിന്റെ ഭാഗമായി കംപ്യൂട്ടർ ഗെയിംസ് രംഗത്തുപോലും വലിയ മാറ്റങ്ങൾ വന്നു. സ്മാർട്ട്ഫോൺ വന്നതോടെ ഡെസ്ക്ടോപ് കംപ്യൂട്ടറുകളിൽ നിന്ന് മിക്ക ഗെയിമുകളുടെയും രൂപവും ഭാവവും മാറി. ഗെയിം കളിക്കുന്നവരുടെ എണ്ണവും കൂടി. അതെ, ഏറ്റവും അവസാനമായി ഇറങ്ങിയ പോക്കിമോൻ ഗെയിമും ഒരു അദ്ഭുതമാണ്.

കുറഞ്ഞ രാജ്യങ്ങളിൽ മാത്രം പുറത്തിറക്കിയിട്ടുള്ള പോക്കിമോൻ ഇതിനകം തന്നെ ടെക്ക് ലോകം ഇളക്കിമറിച്ചു കഴിഞ്ഞു. സോഷ്യൽമീഡിയകളിലും ഓൺലൈൻ ഫോറങ്ങളിലും എല്ലാം ചർച്ച പോക്കിമോൻ ഗോ തന്നെ. കേവലം ഒരു ഗെയിമിനു ഇത്രയും സ്വാധീനം എങ്ങനെ ലഭിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. പോക്കിമോൻ ഗോയ്ക്ക് പിന്നാലെയാണ് അമേരിക്കയിലെ കുട്ടികൾ. മറ്റു രാജ്യങ്ങളിലൊക്കെ പോക്കിമോന്റെ വരവും കാത്തിരിക്കുകയാണ് കുട്ടികൾ.

 

എന്താണ് പോക്കിമോൻ

പോക്കിമോൻ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഗെയിമാണ്. ആപ്ലിക്കേഷൻ ഉപയോഗിച്ച് കളിക്കാവുന്ന ഗെയിം. പോക്കിമോൻ കാർട്ടൂണുകൾ നേരത്തെ തന്നെ എല്ലാവർക്കും പരിചിതമാണ്. ഈ കാർട്ടൂൺ കഥാപാത്രങ്ങളാണ് പുതിയ ഗെയിമായും വന്നിരിക്കുന്നതെന്ന് പറയാം. സാധാരണ ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി പോക്കിമോൻ ഗോ റിയാലിറ്റി ലോകം കൊണ്ടുവന്നു. ഇതാണ് പോക്കിമോനെ മുതിർന്നവർക്കിടയിൽ പോലും ഹിറ്റാക്കിയത്.

poke-mon.jpg.image.784.410

ഐഒഎസ്, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ ലിസ്റ്റു ചെയ്തിട്ടുള്ള പോക്കിമോൻ ഗോ കുറഞ്ഞ ദിവസങ്ങളിൽ ഏകദേശം 75 ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്. ഇതിലൂടെ കമ്പനിക്ക് ദിവസവും കിട്ടുന്നതോ 16 ലക്ഷം ഡോളർ (ഏകദേശം 10.74 കോടി രൂപ). അമേരിക്കയിലെ കുട്ടികൾക്കിടയിൽ പോക്കിമോൻ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രതീതിയാഥാര്‍ഥ്യം (ഓഗ്‌മെന്റഡ് റിയാലിറ്റി) എന്ന അത്യാധുനിക, വ്യത്യസ്തമായ ആശയമാണ് പോക്കിമോൻ നിർമാതാക്കളായ നിന്റെന്റോ ഗെയിംസ് പരീക്ഷിച്ചത്. ഇത് വൻ ഹിറ്റാകുകയും ചെയ്തു. സ്മാർട്ട് ഫോൺ ക്യാമറ ഉപയോഗിച്ച് സമീപത്ത് കാണുന്ന സ്ഥലങ്ങളിൽ ഗെയിം നടക്കുന്നതായി അനുഭവപ്പെടും. നമുക്ക് മുന്നിലുള്ള സ്ഥലത്താണ് പോക്കിമോൻ ഗെയിം നടക്കുന്നതെന്ന് സ്മാർട്ട്ഫോൺ സ്ക്രീനിൽ നോക്കുമ്പോൾ തോന്നും.

 വിവിധ കഴിവുകളുള്ള, രീതിയിലുള്ള പോക്കിമോനുകളുണ്ട്. കളിക്കുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് വരെ പോക്കിമോൻ കഥാപാത്രങ്ങൾ മാറും. സാഹചര്യങ്ങളോട് ഒത്തിണങ്ങിയുള്ള ഗെയിം എന്ന് പറയാം. സ്ക്രീനിൽ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം. സ്മാർട്ട്ഫോണിലെ ജിപിഎസ് വഴി നൽകുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതാണ് ഗെയിം.

വഴികളിലും പുഴകളിലും കടലിലും എന്തിന് വെള്ളച്ചാട്ടത്തിൽ വരെ പോക്കിമോനെ കണ്ടെന്നിരിക്കും. അത് പിടിക്കാൻ പോയാൽ വൻ ദുരന്തവും സംഭവിച്ചേക്കാം. പോക്കിമോൻ കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ ഭീഷണിയാണെന്നാണ് മിക്കവരും വിലയിരുത്തുന്നത്. പോക്കിമോൻ തേടിപോകുന്ന കുട്ടികൾ കിണറ്റിലോ, പുഴയിലോ അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിലോ എത്തിപ്പെടാൻ സാധ്യതയുണ്ട്. പോക്കിമോൻ കളിച്ച് മുന്നോട്ടുപോയ കുട്ടികൾ തെന്നിവീണിട്ടുണ്ട്, ചിലർ വഴി യാത്രക്കാരുമായി ഇടിച്ചുവീണു. ട്രെയിനിലും ബസിലും പോക്കിമോൻ വരുമെന്ന് പ്രതീക്ഷിച്ച് യാത്രവരെ വൈകിച്ചവരുണ്ട്.

pokemon-game.jpg.image.784.410

ഏറെ സുരക്ഷാ പ്രശ്നമുള്ള ഈ ഗെയിമിനെതിരെ പൊലീസ് വരെ രംഗത്തെത്തി. കുട്ടികളെ ശ്രദ്ധിക്കണമെന്നും അവർ ഈ ഗെയിം കളിക്കുന്നവരാണെങ്കിൽ ഏറെ സൂക്ഷിക്കണമെന്നും രക്ഷിതാക്കൾക്ക് പൊലീസ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here