ഇന്ത്യന്‍ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് പുതിയ 205 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നു. 2200 കോടി ഡോളര്‍ (ഏകദേശം 1.5 ലക്ഷം കോടി രൂപ) ചെലവിട്ടാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്.

ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വിമാനക്കമ്പനി നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്. നിലവില്‍ നല്‍കിയിട്ടുള്ള 55 വിമാനത്തിനുള്ള ഓര്‍ഡറിനു പുറമേ നൂറ് ബി 737-8 മാക്‌സ് വിമാനവും 50 ഡ്രീംലൈനര്‍, ബി-737 വിമാനങ്ങളുടെ വാങ്ങല്‍ അവകാശവുമാണ് ഈ ഓര്‍ഡറില്‍ ഉള്‍പ്പെടുന്നതെന്ന് സ്‌പൈസ് ചെയര്‍മാന്‍ അജയ് സിംഗ് അറിയിച്ചു.

രണ്ടുവര്‍ഷം മുമ്പ് അടച്ചു പൂട്ടലിന്റെ വക്കിലായിരുന്ന സ്‌പൈസ് ജെറ്റ് അജയ് സിങ് ഏറ്റെടുക്കുകയായിരുന്നു. 2005-ലാണ് സ്‌പൈസ് ജെറ്റ് ആദ്യമായി നെക്സ്റ്റ് ജനറേഷന്‍ ബി 737 ബോയിംഗിന് ഓര്‍ഡര്‍ നല്‍കിയത്. ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിലും പുതിയ ലക്ഷ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ വ്യാപിപ്പിക്കുവാനാണ് ജെറ്റിന്റെ പദ്ധതി.

ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സി.എഫ്.എം ഇന്റര്‍നാഷണല്‍ ലീപ് 1ബി എന്‍ജിന്‍, ഏറ്റവും പുതിയ വിംഗ്‌ലെറ്റ് ടെക്‌നോളജി, മികച്ച പ്രകടനത്തിനു സഹായിക്കുന്ന വിധത്തിലുള്ള നവീകരണം, സുഖകരമായ യാത്ര തുടങ്ങിയവയോടെയാണ് പുതിയ ബോയിംഗ് ബി 737 മാക്‌സ് പുറത്തിറങ്ങുന്നത്. ആദ്യതലമുറ ബി 737 ബോയിംഗിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാണ് മാക്‌സ് ബോയിംഗുകള്‍. അതേപോലെ ഓരോ സീറ്റിനുമുള്ള പ്രവര്‍ത്തനച്ചെലവ് ഏറ്റവും അടുത്ത എതിരാളിയുടേതിനേക്കാള്‍ എട്ടു ശതമാനം കുറവാണ്.


 

 

LEAVE A REPLY

Please enter your comment!
Please enter your name here