ഒരേ ഒരു മാസം, അതിനുള്ളില്‍ രാജ്യത്തെ എല്ലാവരുടേയും അക്കൗണ്ടുകളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് നടപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. മാര്‍ച്ച് 31 നകം ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം നല്‍കി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം.

ഓണ്‍ലൈന്‍ ഇടപാടുകളും ഡിജിറ്റല്‍ പേയ്‌മെന്റുകളും വ്യാപകമാക്കാനാണെന്നാണ് പുതിയ ഉത്തരവിനെ വിശദീകരിച്ച് ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞത്. ഇടപാടുകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കാന്‍ മന്ത്രാലയം കഠിനശ്രമം നടത്തുകയാണ്. ഡിജിറ്റല്‍ സുരക്ഷയും സൈബര്‍ സുരക്ഷയും ഒരുക്കിയാണ് ഈ സംവിധാനങ്ങള്‍ കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ എങ്ങനെ ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറുമെന്നതിനെപ്പറ്റി ഒരു വിശദീകരണവും മന്ത്രാലയമോ കേന്ദ്ര സര്‍ക്കാരോ നല്‍കുന്നില്ല. ഉപയോഗിക്കാന്‍ അറിയാത്തവരെപ്പറ്റിയും പരാമര്‍ശമില്ല.

നോട്ട് നിരോധന സമയത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ ഉയര്‍ച്ച ഉണ്ടായിരുന്നുവെങ്കിലും പണം തിരിച്ചുവന്നതോടെ അതേപോലെ ഇടിവുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നോട്ട് നിരോധന സമയത്തേക്കാളും 28.2 ശതമാനം ഇടിഞ്ഞിരുന്നു. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്നും ആക്ഷേപമുണ്ട്.

നോട്ട് നിരോധനത്തെത്തുടര്‍ന്ന് മാസങ്ങളോളം ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയും ദിവസങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ജനങ്ങള്‍ ഒന്നുകൂടി ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുമോയെന്ന ആശങ്കയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here