കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആര്‍.എസ്.എസ് നേതാവ്.

ഭോപാലിലെ ഉജ്ജ്വയ്‌നില്‍ നിന്നുള്ള ആര്‍.എസ്.എസ് പ്രമുഖ് ഡോ. ചന്ദ്രാവത്ത് ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റും ഇതിനായി പണം ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉജ്ജയ്‌നിലെ ഒരു പൊതുപരിപാടിയില്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുത്തുന്ന രീതിയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നത് എന്നായിരുന്നു ആര്‍എസ് എസ് നേതാവിന്റെ വിമര്‍ശനം.

കേരളത്തില്‍ ആര്‍ എസ് എസ്-ബി ജെ പി നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നേതാവിന്റെ ഭീഷണി.

എന്നാല്‍ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യപിച്ച ആര്‍ എസ് എസ് നേതാവിന്‍റെ ഭീഷണിയെ പരിഹസിച്ച് പിണറായി വിജയന്‍ രംഗത്തെത്തി. സംഘപരിവാറിന് പലരുടെയും തലയെടുത്താണ് പരിചയമെന്നും ഇങ്ങനെ ആര്‍ എസ് എസ് പലരുടെയും തലയെടുത്തിട്ടണ്ടെന്നും പിണറായി പറഞ്ഞു.

അതേസമയം ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന വന്‍ വിവാദമായതോടെ ചന്ദ്രാവത്തിന്റെ പ്രസ്താവനയെ തള്ളി പറഞ്ഞ് ആര്‍എസ്എസും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.

ആര്‍എസ്എസ് ഹിംസയില്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ചുനിന്നുള്ള പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നത്. കേരളത്തില്‍ തുടര്‍ച്ചയായി സിപിഎം അക്രമങ്ങള്‍ ഉണ്ടായിട്ടും ജനാധിപത്യരീതിയിലുള്ള പ്രതികരണങ്ങള്‍ക്കാണ് ആര്‍എസ്എസ് മുന്നിട്ടിറങ്ങിയതെന്നും ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു.

ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരം ആര്‍എസ്എസിന്റേതല്ലെന്നും സംഘത്തിന്റെ ഭാഷയും ശൈലിയും പ്രവര്‍ത്തന പാരമ്പര്യവും ഇത്തരത്തിലുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും സിപിഎം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കുന്ദന്‍ ചന്ദ്രാവത്തിനോട് യോജിപ്പില്ലെന്നും ഇത് ബിജെപിയുടെ ശൈലിയല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനും വ്യക്തമാക്കി. പ്രസ്താവന നടത്തിയ ആളെ ആര്‍എസ്എസ് അഖിലേന്ത്യാ നേതൃത്വം തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ എസ് എസ് നേതാവിന്റെ ഭീഷണിയില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും രംഗത്തെത്തി.

“To sin by silence, when we should protest, Makes cowards out of men”
മൗനം പാപമാണ് പ്രതിക്ഷേധശബ്ദങ്ങള്‍ ഉയരട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്‍ കേവലം ഒരു വ്യക്തിയല്ല ജനാധിപത്യവും മതനിരപേക്ഷിതയും രാജ്യത്ത് നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചു നടക്കുന്ന പോരാട്ടത്തിന്റെ പ്രസ്ഥാനമാണ്, പിണറായി വിജയനിലൂടെ ഉയരുന്ന ശബ്ദം രാജ്യത്ത് ജനാധിപത്യവും സെക്യുലറിസവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ശബ്ദവുമാണ്.

കേരളത്തിന്റെ മുഖ്യമന്ത്രിയെ ജനാധിപത്യത്തിന്റേയും മതനിരപേക്ഷിതയുടേയും കാവല്‍ ഭടനായി സമൂഹം കാണുന്നത് സംഘപരിവാറിനെ വിറളിപിടിപ്പിച്ചുവെന്നും ഡിവൈഎഫ്‌ഐ നേതാവ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here