തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലുമാസംമാത്രം അവശേഷിക്കേ സംസ്ഥാനം ചെലവഴിച്ചത് 38.62 ശതമാനം തുക മാത്രം.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍പ്രകാരം 2017-18ലെ മൊത്തം പദ്ധതി അടങ്കല്‍ 34,538.95 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷം എട്ടുമാസം പിന്നിട്ടപ്പോള്‍ 13,338.57 കോടി മാത്രമാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചെലവഴിച്ചത്. ഇനി ശേഷിക്കുന്ന 21,000 കോടി വരുന്ന നാലുമാസങ്ങള്‍കൊണ്ട് സര്‍ക്കാരിന് ചെലവഴിക്കേണ്ടതായിവരും. നടക്കാത്ത പദ്ധതികളുടെപേരില്‍ ഫണ്ട് വിനിയോഗിച്ചതായി രേഖയുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഇനി നടക്കുകയെന്നാണ് ആരോപണം.

പദ്ധതിവിഹിതം ചെലവഴിക്കുന്നതില്‍ ഏറ്റവുംപിന്നില്‍ ഭവന നിര്‍മാണ വകുപ്പാണ്. 55.91 കോടി രൂപ വിഹിതമായി ലഭിച്ചെങ്കിലും 0.03 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. 0.05 ശതമാനം മാത്രമാണിത്. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പിന് 135.71 കോടി പദ്ധതി വിഹിതമായി ലഭിച്ചപ്പോള്‍ ചെലവഴിച്ചത് 7.2 കോടി രൂപ മാത്രമാണ്. ഐ.ടി വകുപ്പിന് 549.31 കോടി ലഭിച്ചെങ്കിലും ചെലവഴിച്ചത് 18.34 ശതമാനം മാത്രമാണ്.
കേന്ദ്രസര്‍ക്കാര്‍ 8,039 കോടി രൂപയാണ് കേരളത്തിനായി മാറ്റിവച്ചിട്ടുള്ളത്. ഇതില്‍ 27.06 ശതമാനം തുക മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. ഈ സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയത് 6,227.5 കോടി രൂപയാണ്.
അതില്‍ 1,723 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നും ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here