കൊണ്ടോട്ടി: പണത്തിന് ആവശ്യം വരുമ്പോള്‍ വീട്ടുവളപ്പിലെ മരം മുറിച്ചു വില്‍ക്കുന്നതിന് പകരം പണയം വച്ചാലോ. കേള്‍ക്കുമ്പോള്‍ ഒന്ന് നെറ്റിചുളിയുമെങ്കിലും സംഗതി സത്യമാണ്. വീട്ടുവളപ്പിലെ മരം പണയ വസ്തുവാക്കി വായ്പ നല്‍കാന്‍ പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങള്‍. മരങ്ങള്‍ പണയ വസ്തുവാക്കി പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ വഴി സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതി. 
തേക്ക്, ഈട്ടി, മഹാഗണി, ആഞ്ഞിലി, പൂവരശ്, പ്ലാവ് തുടങ്ങിയ കാതലുള്ള മരങ്ങളാണ് പണയ വസ്തുവായി കണക്കാക്കുക. മരങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയുടെ 75 ശതമാനം വരെ നിലവിലുള്ള പലിശ നിരക്കില്‍ സഹകരണ സംഘങ്ങള്‍ വായ്പയായി നല്‍കും. 5 മുതല്‍ 10 വര്‍ഷം വരെയാണ് മരം ജാമ്യവസ്തുവായി പണം നല്‍കുക. മരം നില്‍ക്കുന്ന വസ്തുവിന്റെ പറ്റുചീട്ട് നല്‍കി സഹകരണ സംഘവുമായി ഉടമസ്ഥന്‍ കരാര്‍ ഉണ്ടാക്കണം. നിര്‍ദ്ദിഷ്ടവസ്തുവില്‍ പ്രവേശിച്ച് മരം പരിശോധിക്കാനും സംരക്ഷിക്കാനുമുള്ള അവകാശവും വായ്പ അവസാനിക്കുന്നതുവരെ സംഘത്തിനായിരിക്കും. മരത്തിനു നമ്പര്‍ നല്‍കി ചുറ്റളവും ഉയരവും ഇനവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി തിരിച്ചറിയാന്‍ കഴിയുന്ന വിധം മഹസര്‍ തയാറാക്കി ഗുണഭോക്താവ് ഒപ്പിട്ട കരാര്‍ ഉടമ്പടിയുടെ ഭാഗമാക്കും.
മരം പണയ വസ്തുവാക്കി വായ്പ എടുക്കുന്നവരുടെ ആദ്യ വര്‍ഷത്തെ പലിശക്കു തുല്യമായ തുക തദ്ദേശ സ്ഥാപനം സബ്‌സിഡിയായി നല്‍കും. വായ്പാകാലാവധി കഴിയുന്നത് വരെ മരം മുറിക്കാന്‍ ഉടമക്ക് അവകാശമില്ല. കാലാവധി തീരുന്ന മുറയ്ക്ക് മുതല്‍ തിരികെ അടച്ചു തീര്‍ക്കണം. മരങ്ങളുടെയും ഉടമസ്ഥരുടെയും വിവരങ്ങള്‍ തദ്ദേശ സ്ഥാപനത്തിലെ ജൈവവൈവിധ്യ രജിസ്റ്ററില്‍ ചേര്‍ക്കുകയും പിന്നീട് വെബ്-സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്തുള്‍ക്കും നഗരസഭകള്‍ക്കുമാണ് പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശമുള്ളത്.
കൂമ്പടഞ്ഞ തെങ്ങുകള്‍ മുറിച്ച് മാറ്റി പുതിയത് നടാനും പദ്ധതിയുണ്ട്. ഇതിനായി 1000 രൂപയാണ് കൃഷി വകുപ്പ് മുഖേന നല്‍കുക. ഗ്രാഭസഭകളിലൂടെയും കൃഷിവകുപ്പിന് നേരിട്ടും അപേക്ഷ നല്‍കിയാല്‍ നശിച്ച തെങ്ങ് കൃഷി ഓഫിസര്‍ പരിശോധിച്ച് മുറിച്ച് മാറ്റാന്‍ ഒന്നിന് ആയിരം രൂപ വീതം നല്‍കും. പകരം പുതിയ തെങ്ങിന്‍ തൈ നടണമെന്നത് നിര്‍ബന്ധമാണ്. ഈ വര്‍ഷം മുതലാണ് തെങ്ങ് മുറിച്ചു മാറ്റാന്‍ ആയിരം രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here