 627 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്‌തി മുൻവർഷത്തേക്കാൾ വർദ്ധിച്ചു
 162 പുതിയ ശതകോടീശ്വരന്മാരും ഈ വർഷത്തെ ഹുറൂൺ പട്ടികയിൽ

കൊച്ചി: കൊവിഡ് കാലത്തും സമ്പത്ത് വാരിക്കൂട്ടി ഇന്ത്യൻ ശതകോടീശ്വരന്മാർ. ഹുറൂൺ ഇന്ത്യയുടെ ഈവർഷത്തെ പട്ടികപ്രകാരം 40 വനിതകളും ഉൾപ്പെടെ 828 ഇന്ത്യൻ ശതകോടീശ്വരന്മാരാണുള്ളത്. ഇവരിൽ 627 പേരുടെയും ആസ്‌തി 2019നേക്കാൾ ഈവർഷം വർദ്ധിച്ചു. പട്ടികയിലേക്ക് പുതുതായി 162 പേർ എത്തിയെന്ന പ്രത്യേകതയുമുണ്ട്.ഈവർഷം 73 ശതമാനം വർദ്ധനയോടെ മൊത്തം 6.58 ലക്ഷം കോടി രൂപയുടെ ആസ്‌തിയുള്ള റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാമത്. ആസ്‌തി 23 ശതമാനം കുറഞ്ഞ് 1.43 ലക്ഷം കോടി രൂപയായെങ്കിലും ഹിന്ദുജ സഹോദരന്മാർ രണ്ടാംസ്ഥാനം നിലനിറുത്തി.

₹7,​300 കോടി
ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ശരാശരി ആസ്‌തി 7,​300 കോടി രൂപ; ശരാശരി പ്രായം 63.

₹90 കോടി
മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും മുകേഷ് അംബാനിക്ക് അത് ശുക്രദശയുടെ ആരംഭമായിരുന്നു. ലോക്ക്ഡൗണിൽ ഓരോ മണിക്കൂറിലും അംബാനി വാരിക്കൂട്ടിയത് ശരാശരി 90 കോടി രൂപ! തുടർച്ചയായ 9-ാം വർഷവും ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ എന്ന പട്ടവും നിലനിറുത്തി.

പെൺകരുത്തായി
സ്‌മിത വി. കൃഷ്‌ണ
ഗോദ്‌റെജ് മേധാവി സ്‌മിത വി. കൃഷ്‌ണയാണ് ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരി. 32,​400 കോടി രൂപയാണ് ആസ്‌തി. ബയോകോൺ മേധാവി കിരൺ മജുംദാർ ഷാ 31,600 കോടി രൂപയുമായി രണ്ടാംസ്ഥാനം നേടി.

മലയാളികളിൽ

യൂസഫലി
ഹുറൂൺ പട്ടികയിൽ മലയാളികളിലെ ഏറ്റവും സമ്പന്നൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെ. 20 ശതമാനം വർദ്ധനയോടെ 42,​700 കോടി രൂപയാണ് ആസ്‌തി. മൊത്തം ഇന്ത്യക്കാരുടെ പട്ടികയിൽ 19-ാം സ്ഥാനമാണ് അദ്ദേഹത്തിന്. 2019ൽ സ്ഥാനം 20 ആയിരുന്നു.ജെംസ് എജ്യൂക്കേഷന്റെ സണ്ണി വർക്കിയാണ് (ആസ്‌തി 22,​400 കോടി രൂപ)​ രണ്ടാമത്. ആസ്‌‌തി 115 ശതമാനം ഉയർത്തിയ ബൈജൂസ് ആപ്പ് മേധാവി ബൈജു രവീന്ദ്രനാണ് മൂന്നാമത്; ആസ്‌തി 20,​400 കോടി രൂപ.

മലയാളിപ്പട്ടിക
(ആദ്യ അഞ്ച് സ്ഥാനക്കാർ)​

1. എം.എ. യൂസഫലി (₹40,​700 കോടി – ലുലു ഗ്രൂപ്പ്)​
2. സണ്ണി വർക്കി (₹22,​400 കോടി – ജെംസ് എജ്യൂക്കേഷൻ)
​3. ബൈജു രവീന്ദ്രൻ (₹20,​400 കോടി – തിങ്ക് ആൻഡ് ലേൺ)​
4. എസ്. ഗോപാലകൃഷ്‌ണൻ (₹18,​100 കോടി – ഇൻഫോസിസ്)
​5. പി.എൻ.സി മേനോൻ (₹15,​600 കോടി – പി.എൻ.സി ഇൻവെസ്‌റ്റ്മെന്റ്‌സ്)​

 14-ാം സ്ഥാനത്തുള്ള റിജു രവീന്ദ്രൻ (39)​ ഏറ്റവും പ്രായം കുറഞ്ഞ മലയാളി കോടീശ്വരൻ; ആസ്‌തി : ₹7,​800 കോടി. കമ്പനി : തിങ്ക് ആൻഡ് ലേൺ

സമ്പന്ന മേഖലകൾ
(ഇന്ത്യൻ ശതകോടീശ്വരന്മാർ ഏറെയുള്ള മേഖലകൾ)​
 ഫാർമ : 122
 കെമിക്കൽസ് : 55
 സോഫ്‌റ്റ്‌വെയർ : 50
 വാഹനം : 43
 ജുവലറി : 38

(ജുവലറി രംഗത്തെ ഏറ്റവും സമ്പന്നൻ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആണ്)​

LEAVE A REPLY

Please enter your comment!
Please enter your name here