ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അറിയപ്പെട്ട മാധ്യമ പ്രവര്‍ത്തകനായിരുന്ന ജോസ് പിന്റോ സ്റ്റീഫന്‍ അന്തരിച്ചു. ഇന്ന് രാവിലെ 6:30-ന് ന്യൂജെഴ്സിയിലെ കെയര്‍ പോയിന്റ് ഹെല്‍ത്ത് ക്രൈസ്റ്റ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

മലയാളത്തില്‍ മാത്രമല്ല, ഇംഗ്ലീഷിലും നല്ല സ്ഫുടഭാഷയില്‍ വാര്‍ത്തകളും ലേഖനങ്ങളുമെഴുതിയിരുന്ന ജോസ് അമേരിക്കന്‍ മലയാളികള്‍ക്കിടയിലും, ഇന്ത്യാക്കാര്‍ക്കുമിടയിലും ഏറെ പ്രിയങ്കരനായിരുന്നു. മാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസിന്റെ പത്രപ്രവര്‍ത്തനം വിദേശ മാധ്യമങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. സെലിബ്രിറ്റികളെ സമൂഹത്തിന് പരിചയപ്പെടുത്തുവാനുള്ള ജോസിന്റെ കഴിവ് സ്തുത്യര്‍ഹമാണ്.

ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന ജോസ് അവിടെ വരുന്ന പല ലോക നേതാക്കളേയും വിശിഷ്ട വ്യക്തികളേയും അഭിമുഖം നടത്തി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമായിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ദീര്‍ഘാബോധാവസ്ഥയിലായ ജോസ് കഴിഞ്ഞ 23 ദിവസമായി അതേ അവസ്ഥയില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്.

തിരുവനന്തപുരം കൊച്ചുവേളിയാണ് സ്വദേശം. 2001ലാണ് അമേരിക്കയിലെത്തിയത്. പീറ്റര്‍ സ്റ്റീഫന്‍ – കൊച്ചാനി സ്റ്റീഫന്‍ എന്നിവരാണ് മാതാപിതാക്കള്‍. ബീന സ്റ്റീഫന്‍, നിമ്മി ജോസ് എന്നിവര്‍ സഹോദരിമാരാണ്.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here