തണുപ്പുകാലത്തെ അവധി ദിവസങ്ങൾ ചിലവഴിക്കാൻ സ്വസ്ഥവും ശാന്തവുമായ ഒരിടം തേടുകയാണോ നിങ്ങൾഎങ്കിൽ ഷാർജയിലെ അൽനൂർ ദ്വീപിലേക്ക് ചെന്നോളൂ. പ്രകൃതിയോട് ഇഴചേർന്ന് നിൽക്കുന്ന കാഴ്ചകളും ശലഭവീടും ആകാശക്കാഴ്ചയും വാസ്തുവിദ്യയിലെ വിസ്മയങ്ങളുമെല്ലാം ചേർന്ന് വന്നെത്തുന്ന സഞ്ചാരിയുടെ മനസ് നിറയ്ക്കാൻ പാകത്തിലുള്ള നിരവധി വിശേഷങ്ങളാണ് ഖാലിദ് തടാകത്തിലെ ഈ പച്ചത്തുരുത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്.

തീരത്തെ ഭക്ഷണശാല

ദ്വീപിന്റെ ശാന്തമായ തീരത്ത് പ്രത്യേകം തയാറാക്കിയ ഇടങ്ങളിലിരുന്നുള്ള രുചിയനുഭവമാണ് ‘ബൈ ദി ബേ’. ഷാർജ നഗരത്തിന്റെ മനോഹരകാഴ്ചകളും അൽമജാസ് വാട്ടർ ഫ്രണ്ടിലെ നിറങ്ങളുമെല്ലാം തിരക്കും ബഹളവുമൊന്നുമില്ലാതെ ഇവിടിരുന്ന് ആസ്വദിക്കാം. പുതുവർഷരാവിലാണെങ്കിൽ കാഴ്ചകളുടെ മാറ്റേറും. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.

കുടുംബത്തോടൊപ്പം ശലഭക്കാഴ്ചകൾ കാണാം

ചിത്രശലഭക്കാഴ്ചകൾ അടുത്തു കാണാനും അവയെ കുറിച്ച് കൂടുതൽ മനസിലാക്കാനും പാകത്തിലുള്ള അനുഭവമാണ് ‘ജൂനിയർ ബട്ടർഫ്ലൈ കീപ്പർ’. ദ്വീപിലെ ശലഭവീട്ടിലെ കാഴ്ചകൾ വിവരിച്ചു തരാനും സഹായിക്കാനും​ഗൈഡിന്റെ സേവനമുണ്ടാവും. ശേഷം കുട്ടികൾക്ക്  ചിത്രശലഭങ്ങളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചുമെല്ലാം പറഞ്ഞുകൊടുക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം. ആറ് മുതൽ പതിനഞ്ചു വയസ് വരെയുള്ള കുട്ടികൾക്ക് ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമാവും ഈയനുഭവം.

ആകാശവിസ്മയങ്ങൾ

നക്ഷത്രങ്ങളെക്കുറിച്ചും ​ആകാശത്തെ മറ്റുവിസ്മയ കാഴ്ചകളെക്കുറിച്ചുമെല്ലാം അറിയാനാ​ഗ്രഹമുള്ളവർക്കായി പ്രത്യേകം തയാറാക്കിയതാണ് അൽനൂർ ദ്വീപിലെ ‘സ്കൈ വാച്ചേഴ്സ്’. വാനനിരീക്ഷണത്തിൽ  വി​ദ​ഗ്ധപരിശീലനം നേടിയ ​ഗൈഡിനോടൊപ്പം ദ്വീപിലെ ടെലസ്കോപ്പിലൂടെ അകാശവിസ്മയങ്ങൾ അടുത്തു കാണാം. തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളിൽ കാഴ്ചകൾക്ക് മിഴിവേറും.

കുട്ടികളുടെ ദ്വീപ് പര്യവേശണം

വിനോദത്തോടൊപ്പം കുട്ടികളിൽ ജിജ്ഞാസയും അന്വേഷണാത്മകതയും വളർത്താൻ സഹായിക്കുന്ന ‘യങ് ഐലൻഡ് എക്സ്പ്ലോറർ’ പാക്കേജാണ് മറ്റൊരു വിശേഷം. പ്രത്യേകം തയാറാക്കിയ ഭൂപടം നൽകിയതിന് ശേഷം ദ്വീപിൽ പലയിടങ്ങളിലായി ഒളിപ്പിച്ചുവച്ച വിവരങ്ങൾ കണ്ടെത്താനായി കുട്ടികൾക്ക് നിർദേശം നൽകും. പര്യവേശണത്തിനായി ഒരു ടോയ് കിറ്റും നൽകും. ഒരേസമയം വിജ്ഞാനപ്രദവും രസകരവുമായ ഈ അനുഭവം കുട്ടികൾക്കായാണ് ക്രമീകരിച്ചിരിക്കുന്നത്. ശേഷം ശലഭവീട്ടിലൂടെയുള്ള ടൂറുമുണ്ട്.

വെറുതേ കാഴ്ചകളുമാസ്വദിച്ച്ചിത്രങ്ങളും പകർത്തി നടക്കാനാണ് താത്പര്യമെങ്കിൽ അതിനുള്ള അവസരവുമുണ്ട്. പച്ചപുതച്ച വൃക്ഷങ്ങൾക്കും അപൂർവ സസ്യങ്ങൾക്കുമിടയിലൂടെ മൂന്നര കിലോമീറ്ററോളം നീണ്ടു കിടക്കുന്ന മരത്തടികൾ പാകിയ നടപ്പാതയിലൂടെ നടക്കുമ്പോൾ ന​ഗരമധ്യത്തിലെ ഒരു ദ്വീപാണെന്ന് തോന്നുകയേ ഇല്ല.

എല്ലാ പ്രായത്തിലുള്ളവർക്കും അനുയോജ്യമായകീശ കാലിയാക്കാത്ത വേറിട്ട അനുഭവങ്ങളൊരുക്കുന്ന അൽ നൂർ ദ്വീപിന്റെ വിസ്തൃതി 45470 ചതുരശ്ര മീറ്ററാണ്. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിലുള്ള ഈ വിനോദകേന്ദ്രത്തിന്റെ വാസ്തുവിദ്യക്ക് ജർമൻ ഡിസൈൻ പുരസ്കാരമടക്കം നിരവധി അന്താരാഷ്ട്രപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here