ആഷാ മാത്യു

ലോകത്തെവിടെയായാലും പിറന്ന നാടിനേയും ആ നാടിന്റെ ആഘോഷങ്ങളേയും കൈവിടാതെ മനസ്സില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ജീവിതം കരയ്ക്കടുപ്പിക്കാന്‍ കടലു കടന്നപ്പോള്‍ പ്രവാസികളാകേണ്ടി വന്നവര്‍ക്ക് ആഘോഷങ്ങള്‍ അന്യമായി. ആ നഷ്ട ബോധത്തെ മറികടക്കാനാണ് ഓരോ പ്രവാസിയും ചേര്‍ന്ന് തങ്ങള്‍ ജീവിക്കുന്ന ഇടങ്ങളില്‍ മലയാളി കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കുന്നത്. നാടിന്റെ മണ്ണും മണവും അനുഭവിക്കാന്‍ പറ്റുന്നില്ലെങ്കിലും ഓര്‍മ്മകളിലെ നിറമുള്ള ഉത്സവങ്ങള്‍ മലയാളികള്‍ പ്രവാസലോകത്തും ഒരുക്കുന്നു. ആ രീതിയില്‍ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി കൂട്ടായ്മയാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം.

പെന്‍സില്‍വാനിയ, ഡെലവര്‍, ന്യൂജേഴ്‌സി ഏരിയയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓരോ വര്‍ഷവും അമേരിക്കയില്‍ ഓണാഘോഷമൊരുക്കുന്നത് കേരളത്തിലെ ആഘോഷങ്ങളെപ്പോലും കടന്നുവെക്കുന്ന തരത്തിലാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവാസികള്‍ ഒരുമിച്ചു ചേരുമ്പോള്‍ ആഘോഷത്തിന് മാറ്റു കൂടുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഇത്തവണത്തെ ഓണാഘോഷം ഓഗസ്റ്റ് 12ന് ഫിലാഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ‘തിരുവരങ്ങില്‍ തിരുവോണം’ എന്നതാണ് 2023 ലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷത്തിന്റെ ടാഗ് ലൈന്‍.

ചെണ്ടമേളം, ഘോഷയാത്ര, മാവേലിക്ക് വരവേല്‍പ്പ്, പൂക്കളമത്സരം, തിരുവാതിര, മോഹിനിയാട്ടം, പുലിക്കളി, ഗാനമേള തുടങ്ങി ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ എല്ലാ പ്രാവശ്യത്തേയും പോലും ഇത്തവണയും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ബെസ്റ്റ് ഡ്രസ്ഡ് കപ്പിള്‍ മത്സരം ഇപ്രാവശ്യവും സംഘടിപ്പിച്ചിട്ടുണ്ട്. അതിനു പുറമേ മികച്ച കര്‍ഷകര്‍ക്കും അവാര്‍ഡ് നല്‍കും. ഓണാഘോഷത്തിനെത്തുന്ന മുഴുവനാളുകളേയും ആകര്‍ഷിക്കുന്ന പ്രധാന ഇനം ബെസ്റ്റ് ഡ്രസ്ഡ് കപ്പിള്‍ മത്സരം തന്നെയാണ്. വിജയികളാകുന്ന കപ്പിളിന് ആയിരം ഡോളറാണ് ലഭിക്കുന്നത്. ഈ തുക സ്വന്തമാക്കാന്‍ ചില നിബന്ധനകളൊക്കെയുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് മത്സര സമയം. ഈ രണ്ട് മണിക്കൂറിനിടയില്‍ മത്സര സ്ഥലത്തെത്തുന്ന ദമ്പതികളെ മാത്രമേ ജഡ്ജസ് വിലയിരുത്തൂ. പരമ്പരാഗത രീതിയില്‍ കേരളത്തനിമയാര്‍ന്ന ഓണക്കോടിയണിഞ്ഞു വേണം പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥലത്തെത്താന്‍. സ്ത്രീകള്‍ അണിഞ്ഞിരിക്കുന്ന പൊട്ടും സിന്ദൂരവും വളയും ഓണക്കോടിയുമെല്ലാം കൃത്യമായി വിലയിരുത്തപ്പെടും. മുടി കെട്ടുന്ന രീതിയും പരിഗണിക്കും. ഏറ്റവും സൗന്ദര്യമുള്ള കപ്പിള്‍ ആരെന്നല്ല, മറിച്ച് ഏറ്റവും ഭംഗിയായി കേരളീയ വേഷം ധരിച്ച് എത്തുന്നവര്‍ ആരെന്ന് മാത്രമാവും വിലയിരുത്തപ്പെടുക.

ശോശാമ്മ ചെറിയാനാണ് ‘ബെസ്റ്റ് ഡ്രസ്ഡ് കപ്പിള്‍’ മത്സരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ബ്രിജിറ്റ് വിന്‍സെന്റ്, സെലിന്‍ ജോര്‍ജ് ഓലിക്കല്‍, ജയശ്രീ സുരേഷ് നായര്‍ എന്നിവരായിരിക്കും മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ബെസ്റ്റ് ഡ്രസ്ഡ് കപ്പിളിന് പുറമേ, ബെസ്റ്റ് ഡ്രസ്ഡ് മാന്‍-വുമണ്‍ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ട്രൈസ്റ്റേറ്റ് ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനായ വിന്‍സെന്റ് ഇമ്മാനുവലാണ് രണ്ട് മത്സരങ്ങളുടേയും കോഡിനേറ്റര്‍. മത്സരം കൂടുതല്‍ ഭംഗിയാക്കാനും നിറപ്പകിട്ടാക്കാനുമായി നിബന്ധനകള്‍ കൃത്യമായി മത്സരാര്‍ത്ഥികളിലേക്കെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here