എ.സി. ജോര്‍ജ്

ഈ ഓണക്കാലത്ത് പതിവുപോലെ ഈ വര്‍ഷവും പ്രജാവല്‍സലനായ മാവേലി തമ്പുരാന്‍ നാട്ടിലും മറുനാട്ടിലും ഉള്ള പ്രജകളെ അത്യന്തം ആഹ്ലാദപൂര്‍വ്വം, സ്‌നേഹമസ്രണമായി സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. മഹാബലി തമ്പുരാന്‍ അന്നത്തെ കേരളം എന്ന രാഷ്ട്രത്തിന്റെ ഭരണത്തലവന്‍ ആയിരുന്നു എന്നാണല്ലോ ഐതിഹ്യം. അതിനാല്‍ മാവേലി മഹാരാജാവിന്റെ ഈ ഓണക്കാല യാത്രയില്‍ ഒരല്പം രാഷ്ട്രീയത്തിന്റെ മേമ്പടിയും കലര്‍ത്തുന്നതില്‍ ഒരുതരത്തിലും അനൗചിത്യം ഇല്ലല്ലോ? ഇപ്പോഴത്തെ കേരള സംസ്ഥാന ആസ്ഥാനമായ അനന്തപുരി അല്ലെങ്കില്‍ തിരുവനന്തപുരത്തെ പാവങ്ങളുടെ ചേരിയാണ് മാവേലി തമ്പുരാന്‍ ആദ്യം സന്ദര്‍ശിച്ചത്.

മാവേലിയുടെ ഭരണകാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെയായിരുന്നു. എല്ലാവര്‍ക്കും കുടിക്കാനും തിന്നാനും ഉണ്ടായിരുന്നു. ഒരുതരത്തിലുള്ള സ്ഥിതി സമത്വം അവിടെല്ലാം കളിയാടിയിരുന്നു. ഇന്ന് കാലം മാറി കോലം മാറി. ധനവാനും ദരിദ്രനും തമ്മിലുള്ള വിടവ് പ്രതിദിനവും കൂടിക്കൊണ്ടിരിക്കുന്നു. അതിനാല്‍ നീതി നിഷ്ഠനും, ഏഴകളുടെ തോഴനുമായ മാവേലി ചക്രവര്‍ത്തി അവിടുത്തെ ദരിദ്രരുടെ കുടിലുകളാണ് ആദ്യം സന്ദര്‍ശിച്ചത്. ഓണമല്ലേ ഈ പാവങ്ങളുടെ ഇടയില്‍ സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കില്‍ തന്നെയും ‘ കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് എന്ന് പറയുന്ന മാതിരി’ അല്ലെങ്കില്‍ ‘കാണം വിറ്റും ഓണം ഉണ്ണണം’ ഒരുപക്ഷേ ‘ കാണം’ എന്ന വാക്കുകൊണ്ട് അത് ആദ്യം പറഞ്ഞയാള്‍ ഉദ്ദേശിച്ചത് ‘ കോണകം’ എന്നുതന്നെ ആയിരിക്കണം. കാരണം മലയാള ഡിക്ഷണറി തപ്പിയിട്ടും ‘കാണ’മെന്ന വാക്കിന് ഒരര്‍ത്ഥവും കിട്ടിയില്ല.

ദയവായി മലയാള ഭാഷാ പണ്ഡിതന്മാര്‍, മലയാളഭാഷ പോയിട്ട് ഒരു ഭാഷയിലും വിശാരതനല്ലാത്ത ഈ വ്യക്തിയെ, ഈ ലേഖകനെ ഈ വാക്കിന്റെ പേരില്‍ കുരിശിലേറ്റരുത് എന്ന ഒരു അപേക്ഷയാണ് ഉള്ളത്. അതുപോലെ ഈ ‘കോണകം’ എന്ന വാക്ക് ഒരിക്കലും ഒരു അശ്ലീലമായി കരുതരുത് എന്ന ഒരു അപേക്ഷ കൂടിയുണ്ട്. കാരണം നമ്മുടെ മുതു മുത്തപ്പന്മാരും മുത്തശ്ശികളും സര്‍വ്വസാധാരണമായി അക്കാലത്ത് ഉപയോഗിച്ചിരുന്ന ഒരു അടിവസ്ത്രം അല്ലെങ്കില്‍ ചിലരുടെ മേല്‍ വസ്ത്രം പോലും അതായിരുന്നല്ലോ? പോരാത്തതിന് ഇപ്പോഴും നമ്മുടെ ചില പൂജാരികളുടെ അടിവസ്ത്രം പോയിട്ട് മേല്‍ വസ്ത്രം കൂടെ അതുതന്നെയാണല്ലോ എന്ന വസ്തുത ബഹുമാനപൂര്‍വ്വം ഓര്‍മിപ്പിക്കുകയാണ് ഇവിടെ. അതിനെ ഇത്രയേറെ മഹത്തീകരിച്ച ഇവിടെ പറയാന്‍ കാരണം ആ അടിവസ്ത്രം പോലും വിറ്റ് പണമില്ലാത്ത പാവങ്ങള്‍ ഓണം ആഘോഷിക്കുന്ന അവരുടെ ഉത്സാഹത്തെ അല്ലെങ്കില്‍ ശുഷ്‌കാന്തിയെ ഒന്നു പൊക്കി പ്രകടമാക്കാന്‍ വേണ്ടിയാണ്.

ഇപ്പോള്‍ രാജ്യം ഇല്ലാത്ത രാജാവ് ആണെങ്കില്‍ തന്നെയും, ഒരു രാജാവിന് വേണ്ടതായ അന്നത്തെ വേഷഭൂഷാദികള്‍, കിന്നരി തൊപ്പി, ആഭരണഭൂഷിതമായ മേലാട, മുന്‍ സൂചിപ്പിച്ച തിളങ്ങുന്ന, കീഴാട രാജ കോണകം അതിന്റെ മേലെ താറു പാച്ചിയ സുതാര്യമായ വെട്ടി തിളങ്ങുന്ന മല്‍മല്‍ മുണ്ട്. ഷേവ് ചെയ്ത് വാസനയുള്ള പൗഡര്‍ ചാര്‍ത്തിയ കക്ഷം പ്രദര്‍ശിപ്പിച്ചുകൊണ്ട് അനുഗ്രഹത്തിന്റെ, ആശിര്‍വാദത്തിന്റെ, അഭിവാദ്യത്തിന്റെ കൈകള്‍ ഉയര്‍ത്തിയും, ചില അവസരത്തില്‍ കൈകള്‍ കൂപ്പിയും മഹാബലിയുടെ എഴുന്നള്ളത്ത് അല്ലെങ്കില്‍ റോഡ് ഷോ ആരംഭിക്കുകയായി.

എന്നാല്‍ കഷ്ടം എന്ന് പറയട്ടെ, ഒരുവന്‍ റോഡ് ബ്ലോക്ക്, മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത് തടയപ്പെട്ടു. കാരണം അതുക്കും മേലെയുള്ള ഇപ്പോള്‍ കേരളം ഭരിക്കുന്ന ഒരു മഹാ തമ്പുരാന്റെ, മുഖ്യമന്ത്രിയുടെ, ചക്രവര്‍ത്തി സമാനമായ എഴുന്നള്ളത്താണ്. മുഖ്യന്റെ സിമ്മിംഗ് പൂളില്‍ ഉള്ള മുങ്ങിക്കുളിയും 56 ഐറ്റം കൂട്ടിയുള്ള ഓണ അമൃതേത്തും കഴിഞ്ഞ് ‘ ഹ.. ഹ..എന്ത് സുഖമാണീ രാവ്…’ നികുതി ദായകരുടെ പണം, വിയര്‍പ്പ്, കാട്ടിലെതടി തേവരുടെ ആന വലിയടാ വലി’ ”ഈ ഓണക്കാലത്ത് പോലും, സ്വന്തം കോണകം വിറ്റു പോലും കഞ്ഞി കുടിക്കാന്‍ കഷ്ടപ്പെടുന്ന അനേകം ദരിദ്ര നാരായണന്‍മാരെയും നാരായണികളെയും വില കയറ്റത്തിന്റെയും നികുതികളുടെയും ദുരിതക്കയത്തില്‍ ആക്കിക്കൊണ്ട് ഈ അഭിനവ രാജ ഭരണത്തിന്റെ പൊതു ധൂര്‍ത്ത് കണ്ടപ്പോള്‍ മഹാനായ മാവേലി ചക്രവര്‍ത്തി ഞെട്ടിത്തെറിച്ച് മൂക്കത്ത് വിരല്‍ വെച്ചുപോയി. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുമ്പിലും പിമ്പിലും അനേകം പോലീസ് വാഹനങ്ങള്‍ ഇരമ്പിപ്പായുന്നു കൂടാതെ മുഖ്യമന്ത്രിയുടെ ചുറ്റും അംഗരക്ഷകരായ അനേകം പോലീസ് എറാന്‍ മൂളികള്‍ ഓച്ഛാനിച്ച് ഓച്ഛാനിച്ച് മുഖ്യനെ കാറില്‍ ഏറ്റുന്നു. കാലം പോയ പോക്കേ?

ഇന്നത്തെ ജനകീയനെന്ന് പറയപ്പെടുന്ന ഭരണ രാജാക്കന്മാര്‍ അവരുടെ സുഖസൗകര്യങ്ങള്‍ക്കായി മാത്രം രാജ്യഭരണം നടത്തുന്നു. എന്നാല്‍ താനോ? പ്രജകള്‍ക്കായി മാത്രം ഭരണം നടത്തി. അവസാനം തന്റെ രാജ്യം പോലും വാമനനോ പ്രജകള്‍ക്കോ വിട്ടുകൊടുത്തുകൊണ്ട് അങ്ങ് പാതാളത്തിലേക്ക് താമസം മാറ്റി ചവിട്ടി താഴ്ത്തപ്പെട്ടു എന്ന് പറയാം. അന്ന് കൊച്ചു വാമനന്‍ കാല്‍ പൊക്കി ശുഷ്‌കാന്തിയോടെ കേരള മണ്ണിനായി തന്റെ തലയില്‍ ചവിട്ടാന്‍ ശുഷ്‌കാന്തി കാണിച്ചു കാലു പൊക്കിയപ്പോള്‍ വേണമെങ്കില്‍ കൊച്ചു വാമനന്റെ കാലില്‍ പിടിച്ച് അങ്ങ് വലിച്ചെറിഞ്ഞ് കേരള രാജ്യത്ത് അന്ന് വാഴാമായിരുന്നു. എന്നാല്‍ തന്റെ പ്രജകളുടെ മുമ്പില്‍ വാക്കു പാലിക്കാന്‍, സത്യം നീതി പാലിക്കപ്പെടാന്‍ വാമനനു തലവച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍ ഇന്നത്തെ ഭരണാധികാരികള്‍ ഭരണ സിംഹാസനങ്ങളില്‍ സ്ഥിരമായി കുത്തിയിരിക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍ ഇന്ന്, ജനാധിപത്യം എന്ന സുന്ദര സംവിധാനം ഉള്ള ഇന്ന് ഭരണ കര്‍ത്താക്കളുടെ, ഭരണ രാജാക്കളുടെ തെറ്റുകള്‍, അഴിമതികള്‍, ധൂര്‍ത്ത്, കള്ളക്കടത്ത്, വെട്ടിപ്പ്, തട്ടിപ്പ്, സ്വജനപക്ഷപാതം മുതലായ തെറ്റുകള്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ചാല്‍, അത് ചൂണ്ടിക്കാണിച്ച വ്യക്തിയെ, ഈഡിയെ, സിബിഐയെ, തുടങ്ങിയ സര്‍വ്വത്ര പോലീസ് മിഷനറിയെ വിട്ടു കള്ളക്കേസ് ചുമത്താനും, പീഡിപ്പിക്കാനും വാദിയെ പ്രതിയാക്കാനും കേന്ദ്ര ഭരണകൂടവും സ്റ്റേറ്റ് ഭരണകൂടവും ശ്രമിക്കുന്നതായി അറിഞ്ഞപ്പോള്‍ മാവേലി തമ്പുരാന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളി ധാരയായി ഒഴുകി. ഈ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈയുഗത്തില്‍ ജീവിക്കേണ്ടിവന്ന പാവം പ്രജകളെ ഓര്‍ത്ത് പഴയ തമ്പുരാന്‍ വിങ്ങി വിങ്ങി കരഞ്ഞു.

തന്നെ അനുകരിച്ചു കൊണ്ട്, തന്റെ പ്രതിരൂപങ്ങളായി മറ്റ് അനേകം സ്ത്രീപുരുഷന്മാരും കുട്ടികള്‍ പോലും മാവേലി തമ്പുരാന്റെ വേഷം കെട്ടി നാട്ടിലും പ്രവാസ നാട്ടിലും തന്നെ പ്രതിനിധാനം ചെയ്തു കണ്ടപ്പോള്‍ സാക്ഷാല്‍ ഒറിജിനല്‍ മാവേലി തമ്പുരാന് വളരെ സന്തോഷമായി. പാതാളത്തില്‍ നിന്ന് എത്തിയ ഒറിജിനല്‍ മാവേലിയുടെ ഒപ്പം യാത്ര ചെയ്തു കൊണ്ട്, മാവേലിയുടെ സ്വന്തം ലേഖകന്‍ എന്നപോലെ ഒരു അല്പം നര്‍മ്മത്തില്‍ ചാലിച്ച് ഈ ഓണക്കാല യാത്രയുടെ ചില സംഭവപരമ്പരകള്‍ ശിഥിലമായി ഒരു വിഹഗ വീക്ഷണത്തില്‍ രേഖപ്പെടുത്തുക മാത്രമാണ് ഇവിടെ.

പെട്ടെന്നാണ് എന്റെ, ഈ ലേഖകന്റെ സെല്‍ഫോണ്‍ അടിച്ചത്. നാട്ടിലെ ഓണത്തിന് മാറ്റുകൂട്ടാനും, അമേരിക്കന്‍ മലയാളികളെ കേരളത്തിലെ ഓണാഘോഷത്തിനും കേരളത്തിലെ ലോക കേരള ലോകസഭാ സമ്മേളനത്തിനും പ്രതിനിധാനം ചെയ്യാനും അമേരിക്കയിലെ മെഗാ സംഘടനകളായ ഫൊക്കാനാ, ഫോമാ, വേള്‍ഡ് മലയാളി ചില ചോട്ടാ ബഡാ നേതാക്കന്മാരും നേത്രിമാരും കേരള ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്ക് കുതിച്ചിട്ടുണ്ടെന്ന് ആയിരുന്നുആ ടെലിഫോണ്‍ സന്ദേശം. അവരുടെയൊക്കെ ഉന്നം പതിവുപോലെ ചില മന്ത്രി പുങ്കന്‍ന്മാരുടെയും, സിനിമ സീരിയല്‍ നടിനടന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒക്കെ ഒപ്പം നിന്ന് കുറച്ചു ഫോട്ടോകള്‍ എടുത്തു പത്ര മാധ്യമങ്ങളില്‍ കൊടുത്തു സായൂജ്യമടയുക സന്തോഷിക്കുക മാത്രമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. നാട്ടിലെ ഈ വിലപിടിപ്പുള്ള കഥാപാത്രങ്ങള്‍ അമേരിക്കയില്‍ എത്തുമ്പോഴും അവരെ പൊക്കിയെടുത്ത് തോളില്‍ വച്ച് സ്വീകരണ വേദികളില്‍ ഇരുത്തി നല്ല വാക്ക് പറഞ്ഞ് ചൊറിഞ്ഞു പൊക്കുക. അതിന്റെയൊക്കെ ഫോട്ടോകള്‍ മാധ്യമങ്ങളില്‍ വാര്‍ത്താസഹിതം പൊലിപ്പിച്ചു എഴുതി പ്രദര്‍ശിപ്പിക്കുക എന്നതൊക്കെയാണ് മിക്കവാറും മെഗാ സംഘടനക്കാരുടെയും, മറ്റ് തട്ടിക്കൂട്ട് പേപ്പര്‍ സംഘടനക്കാരുടെയും മുഖ്യ അജണ്ട എന്ന് പൊതുജനം പറയുന്നതില്‍ കഴമ്പില്ലേ?

ഋഇപ്പോള്‍ മാവേലി തമ്പുരാന്‍ തൃപ്പൂണിത്തുറയിലെ ഒരു കണ്ടന്‍ ഇടവഴിയില്‍ ആണ്. തമ്പുരാന്‍ വെളുപ്പിന് ഇറങ്ങിയതാണ്. ഒരല്പം ദാഹവും പരവേശവും ഉണ്ട്. വഴിയില്‍ കണ്ട കിട്ടുണ്ണിയുടെ പഴയ രീതിയിലുള്ള ഹോട്ടല്‍ ടിഷോപ്പിലേക്ക് തമ്പുരാന്‍ കയറി കുത്തിയിരുന്നു. ‘കടുപ്പത്തില്‍ ഒരു ചായ’ പിന്നെ കടിക്കാന്‍ വല്ലതും ഉണ്ടോ? തമ്പുരാന്‍ ചോദിച്ചു? നല്ല ചായ തരാം തിരുമേനി പക്ഷേ കടിക്കാന്‍ ഇവിടെ ഒന്നുമില്ല. കഴിക്കാന്‍ ആണെങ്കില്‍ പുട്ട് കടല ഊത്തപ്പം ഇടിയപ്പം മസാല ദോശ ഒക്കെ ഉണ്ട്. അടുത്ത ബെഞ്ചില്‍ ഇരുന്ന രണ്ടു രസികന്‍ പിള്ളേര്‍പാര്‍ട്ടി മാവേലിത്തമ്പുരാനെ ഒന്ന് കളിയാക്കി കൊണ്ട് പറഞ്ഞു. ‘ കടി കൊടുക്കാനാണോ, കടി മേടിക്കാന്‍ ആണോ പ്ലാന്‍? പയ്യന്മാരോട് മാവേലി ഒരു മറുപടിയും പറഞ്ഞില്ല. ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

മാവേലി പുറത്തേക്ക് ഇറങ്ങി. റോഡിന് ഇരുവശവും മാലിന്യ കൂമ്പാരങ്ങള്‍ ആണ്. പെട്ടെന്നാണ് മാലിന്യ കൂമ്പാരത്തിനിടയില്‍ നിന്ന് ഒരു പട്ടി കുരച്ചുകൊണ്ട് മാവേലിയുടെ മുന്നിലേക്ക് ചാടിയത്. പട്ടിയുടെ കടി മേടിക്കാതിരിക്കാന്‍ തമ്പുരാന്‍ ഓടി. ആ ഓട്ടത്തിനിടയില്‍ തമ്പുരാന്‍ റോഡിലെ കുണ്ടിലും കുഴിയിലും വീണു. ഓട്ടത്തിനിടയില്‍ തമ്പുരാന്റെ കീഴ് മേലാട കല്ലില്‍ ഉടക്കി പറിഞ്ഞുപോയി. ഒറ്റ കൗപീന ശീലയില്‍ കണ്ട തമ്പുരാനെ നോക്കി മുന്‍ സൂചിപ്പിച്ച സ്ഥലത്തെ പ്രധാന പയ്യന്‍സ് ആര്‍ത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു. ‘ പേപ്പട്ടിയാ’ ഇപ്പോ കടി കിട്ടിയോ? തമ്പുരാന് ദേഷ്യം വന്നു. പേപ്പട്ടി കടിക്കുന്നത് ‘ഫ്രീ’ ആയിട്ടല്ലേ? ഞാനൊന്നും പട്ടിക്കു ‘പേ’ ചെയ്തിട്ടില്ല. പിന്നെന്തിന് ആ പാവം പട്ടിയെ പേപ്പട്ടി എന്ന് വിളിക്കുന്നു? അര്‍ത്ഥം മനസ്സിലാക്കിയ പിള്ളേര് പാര്‍ട്ടി ലജ്ജിച്ചു തലതാഴ്ത്തി.

കാലത്തിന്റെ മാറ്റം അനുസരിച്ച് ഓരോ വര്‍ഷവും മാവേലിയുടെ വരവേല്‍പ്പും, ആഹാര നിഹാര രീതികളും, ഓണസദ്യയുടെ, ഓണകലാ പരിപാടികളുടെ മണവും ഗുണവും, ചിലയിടങ്ങളില്‍ ഓണകലാ പരിപാടികള്‍, ഓണകലാപ പരിപാടികളായി മാറിക്കൊണ്ടിരിക്കുന്നതും മാവേലി മന്നന്റെ ശ്രദ്ധയില്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ ആണെങ്കിലും തന്റെ പ്രിയപ്പെട്ട പ്രജകളെ കാണുമ്പോള്‍ അത്യന്തം സ്‌നേഹപുരസരം വാത്സല്യത്തോടെ പ്രജകളുടെ ചുണ്ടുകളില്‍ ആവുന്നത്ര ചുടുചുംബനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മാവേലി തമ്പുരാന്‍ എഴുന്നള്ളുകയാണ്. ചിലയിടങ്ങളില്‍ ആവേശത്തിമിര്‍പ്പില്‍ കോള്‍ മൈര്‍ കൊണ്ട് തന്റെ പ്രജകളുടെ മേല്‍ മാവേലി തമ്പുരാന്‍ ചുംബനങ്ങളുടെ ഒരു പുഷ്പിതമായ പെരുമഴ തന്നെ സൃഷ്ടിക്കാറുണ്ട്. ചന്തമുള്ള കൊച്ചുകുട്ടികളെയും പെണ്‍മണികളെയും പിടിച്ചു ചേര്‍ത്തു നിര്‍ത്തി ശീല്‍ക്കാര ചുംബനം പോലും കൊടുക്കാന്‍ നമ്മുടെ മഹാനായ ഈ ചക്രവര്‍ത്തി മറക്കാറില്ല. എല്ലാം വളരെ പോസിറ്റീവായ സെന്‍സില്‍ മാത്രം എടുത്താല്‍ മതി കേട്ടോ?

പിടിച്ചുനിര്‍ത്തി ചുംബിക്കാന്‍ പറ്റാത്ത ആയിരക്കണക്കിന് പ്രജകളെ ഫ്‌ലൈയിങ് കിസ്സ്, പറക്കും ചുംബനങ്ങള്‍ അല്ലെങ്കില്‍ അന്തരീക്ഷ ആകാശ ചുംബനങ്ങള്‍ കൊണ്ടുംകൊടുത്തും താലപ്പൊലിയെന്തിയ സുന്ദരികളായ മഹിളാമണികളാല്‍ ചുറ്റപ്പെട്ടു ചെണ്ടമേള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാവേലി മന്നന്‍ സുസ്‌മേര വദനനായി എഴുന്നള്ളുമ്പോള്‍, മന്നന്റെ സ്വന്തം മനസ്സില്‍ ഒരു ഉരുള്‍പൊട്ടല്‍. അടുത്തകാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു ചെറുപ്പക്കാരനായ എംപി, പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും ആയി ഒരു ചുടുചുംബന ഫ്‌ലൈയിങ് കിസ്സ് തൊടുത്തുവിട്ടു. അടുത്തകാലത്ത് കത്തിച്ചുവിട്ട ചന്ദ്രയാനേക്കാളും കൂടുതല്‍ വാര്‍ത്ത പ്രാധാന്യവും പൊല്ലാപ്പും കേസും വയ്യാവേലിയും ചെറുപ്പക്കാരനായ ഈ പാര്‍ലമെന്റ് മെമ്പറുടെ മേല്‍ ഉണ്ടായി. കാരണം മധ്യവയസ്‌കയായ ഒരു ഭരണപക്ഷ മന്ത്രിണിയുടെ നെഞ്ചിലും, ചെഞ്ചുണ്ടിലും തൊടുത്തു വിട്ട ആ ഫ്‌ലയിങ് ക്വിസിന്റെ അണു പ്രസരണവും മറ്റും അതിശക്തിയായി നിപതിച്ചുവെത്രെ. അതിനാല്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് തുടങ്ങിയ വകുപ്പില്‍ കേസെടുക്കണം എന്നായി ആ വനിതാ മന്ത്രി. പാര്‍ലമെന്റില്‍ അപ്പോള്‍ കുത്തിയിരുന്ന മറ്റാരുടെ ചുണ്ടിലും ശരീരത്തിലും അന്തരീക്ഷത്തിലൂടെയാണെങ്കിലും പടര്‍ന്ന് കയറിപ്പിടിക്കേണ്ട ആ ഫ്‌ലൈയിങ് ചുംബന ബോംബ് ഈ മന്ത്രി കൊച്ചമ്മയുടെ ചുണ്ടിലും ദേഹത്തും മാത്രം കയറി പറ്റി ഒട്ടിപ്പിടിക്കണമെങ്കില്‍ അവര്‍ക്ക് മാത്രം എന്തെങ്കിലും മാസ്മരികത ഉണ്ടായിരിക്കണം. ഈ വാര്‍ത്ത കേട്ട് അറിഞ്ഞിട്ട് ആകണം നമ്മുടെ മാവേലി ചക്രവര്‍ത്തിയുടെ മനസ്സിലും ഭയത്തിന്റെ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ കാരണം. തന്റെ പ്രജകള്‍ക്ക് നല്‍കുന്ന ഈ ആകാശ ചുംബനത്തിന്റെ പേരില്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ്, തന്റെ പേരില്‍ കേസെടുത്ത്, അന്ന് വാമനന്‍ ചെയ്ത പോലെ പാതാളത്തിലേക്ക് മാത്രമല്ല നരകത്തിന്റെ തന്നെ അടിത്തട്ടിലേക്ക് ചവിട്ടി താഴ്ത്തുമോ എന്ന് മാവേലി തമ്പുരാന്‍ ശങ്കിച്ചു പോയി.

എന്തും വന്നാല്‍ വരട്ടെ ആവേശഭരിതനായ മാവേലി തമ്പുരാന്‍ പ്രജകള്‍ക്ക് പറക്കും ചുംബനങ്ങള്‍ നല്‍കിയും, പ്രജകള്‍ തരുന്ന നിരവധി ആകാശ പറക്കും ചുംബനങ്ങള്‍ ഏറ്റുവാങ്ങിയും ‘ ഒരുവട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന… ആ ദേശീയര്‍ എവിടെയുണ്ടെങ്കിലും … അവിടെല്ലാം പൂത്ത ചുടുചുംബനങ്ങള്‍ അര്‍പ്പിക്കും ഞാന്‍’ എന്ന കവിത ശകലം മനസ്സില്‍ ഓര്‍ത്തുകൊണ്ട്, ‘വല്ലഭന് പുല്ലും ആയുധം’ എന്ന മട്ടില്‍ ധൈര്യം അവലംബിച്ചുകൊണ്ട്, കുറെ കൊല്ലങ്ങള്‍ക്കു മുമ്പ് കേരളത്തിലെ കൊച്ചിയില്‍ നടന്ന ചുംബന സമരത്തെ പോലും അനുസ്മരിച്ചുകൊണ്ട് അനേകായിരം മധുരമുള്ള ഫ്‌ലയിങ് കിസ്സ് തലങ്ങും വിലങ്ങും ഒളിഞ്ഞും തെളിഞ്ഞും എവിടെല്ലാം തന്റെ പ്രജകളെ കണ്ടോ അങ്ങോട്ട് എല്ലാം തുരുതുരെ തൊടുത്തു വിട്ടു.

തൃപ്പൂണിത്തുറയിലെ പട്ടികടിയില്‍ നിന്ന് രക്ഷപ്പെട്ട മാവേലി തമ്പുരാന്‍ തൃപ്പൂണിത്തുറ മെയിന്‍ തെരുവിലെത്തിയപ്പോള്‍ ജനലക്ഷങ്ങള്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച വേദിയിലേക്ക് കൊട്ടും കുരവയും ആയി സ്വാഗതം ചെയ്തു. അവിടത്തെ ഗംഭീരമായ ഓണാഘോഷങ്ങള്‍ക്കുശേഷം അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ആണ് മാവേലി പുറപ്പെട്ടത്. ഈ പുഷ്പക വിമാനം എന്നൊക്കെ ഉള്ളത് വെറും മിത്തായാലും, നത്തായാലും ശരി പുഷ്പക വിമാനത്തില്‍, സ്വയം പൈലറ്റ് ആയി ന്യൂയോര്‍ക്കിലെ എന്റര്‍ടൈന്‍മെന്റ് സ്‌പോട്ട് ആയ ടൈം സ്‌ക്വയറില്‍ മാവേലി മന്നന്‍ വന്നിറങ്ങി. അവിടെയാണല്ലോ മൂന്നു മാസങ്ങള്‍ക്കു മുന്‍പ് പെര്‍ഫോം ചെയ്യാനായി കേരളത്തിലെ ജനകീയ മന്നനും വന്നിറങ്ങിയത്. മാവേലി മന്നന്റെ മുമ്പില്‍ മലയാളി മങ്കമാര്‍ തിരുവാതിര നൃത്തം ആടി തകര്‍ത്തു. ചെറുപ്പക്കാരുടെ ചെണ്ടമേളം, പുലികളി കടുവാകളി മറ്റു ആദ്യവാസി ആധുനികവാസി നൃത്തങ്ങള്‍, ചുവടുവെപ്പുകള്‍ ടൈം സ്‌ക്വയറിലെ മലയാളികളെ മാത്രമല്ല അവിടെ കൂടിയ ലോക ജനതയെ തന്നെ ത്രസിപ്പിച്ചു.

കടുവാ കളിയിലെ കടുവ ചാടി ചാടി നൃത്തം ചെയ്ത് മടുത്തപ്പോള്‍, കടുവ ഔട്ട് ഫിറ്റിനുള്ളില്‍ ശ്വാസംമുട്ടിയ മനുഷ്യ കടുവ, തന്നെ വെടിവെക്കാന്‍ ഏറ്റിരുന്ന കടുവ വെടിക്കാരന്റെ തോക്ക് ബലമായി പിടിച്ച് വാങ്ങി വെടിക്കാരനെ തന്നെ വെടിവെച്ച് വീഴ്ത്തിയതും ഒരു സംഭവവുമായി മാറി. പബ്ലിസിറ്റി ആഗ്രഹിച്ച സംഘടന നേതാക്കന്മാരും മറ്റു പൊതു ജനങ്ങളും അനേകം ക്യാമറ വീഡിയോ കണ്ണുകളിലൂടെ രംഗങ്ങള്‍ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയിലും മറ്റു പൊതു മീഡിയയിലും തല്‍സമയം പ്രക്ഷേപണം ചെയ്തു.

പിന്നങ്ങോട്ട് അമേരിക്കയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ വേദികളില്‍ ഓണാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു കൊണ്ടേയിരിക്കുന്നു. ‘ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയും… ചക്രവര്‍ത്തിക്കുമാരാ .. എന്ന പാടി പതിഞ്ഞ ഹൃദയ ഗാനാലാപം ഓര്‍മ്മിക്കുമാറ് മാവേലി തമ്പുരാന്‍ മലയാളി ഹൃദയങ്ങളെ കോരിത്തരിപ്പിച്ചു കീഴടക്കിക്കൊണ്ട് ഓണക്കാല ജൈത്രയാത്ര തുടരുകയാണ്. ഓണാഘോഷങ്ങള്‍ ഇനിയും അമേരിക്കയില്‍ ഒരു മാസം കൂടി നീണ്ടുനില്‍ക്കും. ഇവിടത്തെ ചില മുഖ്യ ഓണ ആഘോഷ വേദിക്കും പരിസരത്തിനും അപ്പുറം പാര്‍ക്കിംഗ് ലോട്ടിലേ കാറുകളുടെ ഡിക്കിക്കു സമീപം അല്പം തലയ്ക്ക് മാധുര്യമുള്ള കിക്ക് തരുന്ന മദ്യ ലഹരി ഊറ്റിക്കുടി സദ്യയും ഇവിടങ്ങളുടെ പരിപാടിയിലെ ഒരു രഹസ്യ അജണ്ടയാണ്. അതിനെ ചിലര്‍ ഓണത്തിനിടയിലെ പൂട്ടുകച്ചവടം എന്നും മറ്റു ചിലര്‍ ഓരോരുത്തരുടെയും അച്ചി വീട്ടിലെ ഒരു പ്രത്യേക ഓണം എന്നും പറയാറുണ്ട്.

ചില അവസരങ്ങളില്‍ അവിടെയും ഓണത്തല്ലും ഓണതെറിയും അരങ്ങേറാവുണ്ട്. ചിലയിടങ്ങളില്‍ മാവേലി തമ്പുരാനും ഒരല്പം മോന്തിയിട്ട് അവിടെയും പോയി ഇടപെടാറുണ്ട്. ഇനി അവിടങ്ങളിലെ ചില മെയിന്‍ സ്റ്റേജ് ഓണപരിപാടികളിലേക്ക് പോയാല്‍ പലയിടത്തും ഓണത്തിന്റെ മഹത്തായ തത്വവും, ഒരുമയും, സാരാംശവും മനസ്സിലാക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിവിധ മത മേലധ്യക്ഷന്മാരും, സിറ്റി ടൗണ്‍ രാഷ്ട്രീയക്കാരും ഓണാഘോഷങ്ങളുടെ തിരി തെളിയിക്കുന്നത് കാണാം, അവരുടെയൊക്കെ പതിവുമാതിരിയുള്ള സമയം കൊല്ലി ബോറടി പ്രസംഗങ്ങളും ഗത്യന്തരമില്ലാതെ ജനങ്ങള്‍ സഹിക്കുന്നത് കണ്ടിട്ടുണ്ട്. അവിടെക്കേറി പല പണക്കാരും ഭാരവാഹികളുടെ ശില്ബന്തികളും, പലകങ്ങളും പൊന്നാടകളും വാങ്ങുന്നതിനെയും ജനങ്ങള്‍ കയ്യടിക്കേണ്ടി വരുന്നു. പല ബഹുമതികള്‍ക്കും അര്‍ഹതപ്പെട്ടവര്‍ കഴിവുള്ളവര്‍ ഏറ്റവും പിറകിലേക്ക് തള്ളപ്പെടുന്നതും മഹാബലി അടക്കം പൊതുജനങ്ങളും ശ്രദ്ധിക്കുന്നുണ്ടാകാം. ‘ അങ്ങനെ അവിടെയും മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ’ എന്ന ഓണത്തിന്റെ ആ മഹാ സന്ദേശവും ഓണാഘോഷങ്ങള്‍ക്കിടയിലും ലംഘിക്കപ്പെടുന്നത് കാണാം.

നാട്ടിലാണെങ്കിലും അമേരിക്കയില്‍ ആണെങ്കിലും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക അഴിമതികളെ പറ്റിയോ, മൂല്യച്വതിയെ പറ്റിയോ പ്രതികരിക്കാന്‍ എഴുത്തുകാരോ സാംസ്‌കാരിക നായകന്മാരോ തയ്യാറാകാത്തതില്‍ മാവേലി തമ്പുരാന് വിഷമമുണ്ട്. ഈ സാംസ്‌കാരിക നായകര്‍ ന്യായത്തിനു വേണ്ടി പ്രതികരിച്ചാല്‍ ഒരുപക്ഷേ അവര്‍ക്കെതിരെ കേസെടുക്കപ്പെടും അല്ലെങ്കില്‍ അവര്‍ എല്ലാ രംഗത്തും നിന്നും തള്ളപ്പെടും എന്ന ഭയത്താല്‍
അവര്‍ പ്രതികരിക്കുന്നില്ല അല്ലെങ്കില്‍ അവര്‍ മലക്കം മറിഞ്ഞ് അന്യായം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കുന്നു. അതാണിപ്പോള്‍ കണ്ടുവരുന്നതെന്ന് മാവേലി തമ്പുരാന്‍ ഈ ലേഖകനോട് പറഞ്ഞു. തന്റെ നാടും നാട്ടാരും എവിടെയാണെങ്കിലും സമ്പല്‍സമൃദ്ധിയോടെ നീതി നിഷ്ഠയോടെ സന്തോഷാത്മകമായി ജീവിക്കട്ടെ… ആ നല്ല നാളുകള്‍ എന്നെങ്കിലും കൈവരട്ടെ എന്ന ശുഭാപ്തി ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടാണ് ഓരോ ഓണ ആഘോഷവേദികളില്‍ നിന്നും മാവേലി തമ്പുരാന്‍ വിട പറയുന്നത്.

പിന്നെ ഓരോ ജാതി മത ആരാധനാലയങ്ങള്‍, അതേ രീതിയിലുള്ളതോ, അത്തരത്തിലുള്ള പോഷക സംഘടനകളോ, അത്തരത്തിലുള്ള പേരും വെച്ച് സാമൂഹ്യ സംഘടനകള്‍ എന്ന് മുദ്ര ചാര്‍ത്തിയവ പോലും പ്രത്യേകമായി ഓണം കൊണ്ടാടുന്നതില്‍ ഒരു സാങ്കഥ്യവുമില്ല. അത്തരം വേറിട്ട ഇടുങ്ങിയ സംഘടനകള്‍ക്കുള്ളതല്ലാ ഓണം. ഓണം എല്ലാ മലയാളികളുടെയും സ്വന്തമാണ്. ഓണം ഒരുമയുടേതാണ്. പരമ്പരാഗതമായി ഓണം ഹിന്ദുവിന്റേതാണ് എന്ന് പറയുന്നതില്‍ ഒരു നേരുമില്ല സത്യവും ഇല്ല. അത് ആര്‍ക്കും ഒരു മതത്തിന് മാത്രമായി ഹൈജാക്ക് ചെയ്ത് പോകേണ്ട ഒന്നല്ല. ഓണം ഏതെങ്കിലും ഒരു മതത്തിന്റെ സ്വന്തമാണ് എന്ന് പറയുന്നതും അതിനെ ചുറ്റിപ്പറ്റി മെനഞ്ഞെടുത്ത കഥകളുമാണ് മിത്ത്.. ആരോടും ഇതിനെപ്പറ്റി തര്‍ക്കിക്കാനും താനില്ല എന്ന് മാവേലി തമ്പുരാന്‍ പുഞ്ചിരിയോടെ വ്യക്തമാക്കി.

ഒരിക്കല്‍കൂടെ ഓണം മനുഷ്യരുടെതുമാണ്. അത് ഒരുമയുടേതാണ് മഹാബലി തമ്പുരാന്‍ അര്‍ത്ഥശങ്കക്കു ഇടം ഇല്ലാത്ത വിധം തറപ്പിച്ചു പറഞ്ഞു. എല്ലാം മനുഷ്യരും സഹോദരി സഹോദരങ്ങളാണ്. എല്ലാവരും ഈശ്വര സൃഷ്ടികളായതിനാല്‍ എല്ലാവരിലും ഈശ്വരാംശമുണ്ട്. നിരീശ്വരനിലും ഈശ്വരാംശമുണ്ട്. മാവേലി തമ്പുരാന്‍ പറഞ്ഞു നിര്‍ത്തി. എന്നാല്‍ അമേരിക്കന്‍ മലയാളികളുടെ, സാമൂഹ്യ സംഘടനകള്‍ സംഘടിപ്പിക്കുന്ന അവസാനത്തെ ഓണവും ആഘോഷിച്ചിട്ട് മാത്രമേ ഇപ്രാവശ്യവും തമ്പുരാന്‍ തിരിച്ചു പോകുകയുള്ളൂ. കൂട്ടത്തില്‍ അവിടെ കൂടിയിരിക്കുന്ന എല്ലാ സന്മനസ്സുള്ളവര്‍ക്കും ഒരു ഫ്‌ലയിങ് കിസ്സ്, ഒരു അന്തരീക്ഷ ചുംബനം, ഒരു ആകാശ ചുംബനം നല്‍കിയിട്ട് തന്റെ പുഷ്പക വിമാനത്തിലേക്ക് തമ്പുരാന്‍ മെല്ലെ കാലെടുത്തുവെച്ചു. ഈ ലേഖകനും കൈവീശി ഒരു ”ഫ്‌ലയിങ് കിസ്സ്” മാവേലി തമ്പുരാന് നല്‍കി മടങ്ങുമ്പോള്‍, വേര്‍പാടിന്റെ ദുഃഖഭാരത്താല്‍ കണ്ണുകള്‍ നനഞ്ഞു പോയി.

LEAVE A REPLY

Please enter your comment!
Please enter your name here