നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറായ “ദി ഗ്രേ മാനില്‍’ ധനുഷ് പ്രധാനവേഷത്തിലെത്തുന്നു. റിയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍, അന ഡി അര്‍മാസ് എന്നിവര്‍ക്കൊപ്പമാണ് ധനുഷും ഒരു പ്രധാനകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് ധനുഷ് രംഗത്തെത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും തനിക്ക് എന്നും ശക്തിയും ഊര്‍ജ്ജവും തന്ന് ഒപ്പം നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള ആരാധകരോട് നന്ദിയും സ്‌നേഹവും അറിയിക്കുകയാണെന്നും ധനുഷ് പറഞ്ഞു.

2009 ല്‍ പുറത്തിറങ്ങിയ മാര്‍ക്ക് ഗ്രീനിയുടെ ദി ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ ബ്രദേഴ്‌സ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ വാഗ്‌നര്‍ മോറ, ജസീക്ക ഹെന്‍വിക്, ജൂലിയ ബട്ടേര്‍സ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ധനുഷിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ചിത്രമാണ് ദി ഗ്രേ മാന്‍. നേരത്തേ, 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫകീര്‍’ എന്ന ചിത്രത്തിലും ധനുഷ് വേഷമിട്ടിരുന്നു.

നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും ദി ഗ്രേ മാന്‍ എന്നാണ് അറിയുന്നത്. ഏകദേശം 1500 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്ന ധനുഷിനെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ബോളിവുഡില്‍ അത് രംഗീ രേ, തമിഴില്‍ കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ജഗമേ തന്ത്രം, മാരി ശെല്‍വരാജിന്റെ കര്‍ണന്‍, കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഡി 43 എന്നീ ചിത്രങ്ങളാണ് ധനുഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here