‘എംഎൽ’, ഈ ചുരുക്കപ്പേരിന് പ്രത്യേകിച്ചൊരു വിശേഷണത്തിന്റെ ആവശ്യമില്ല. ഈ പേര് ഈ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പ്രമുഖ കമ്പനികളുടെയും ഉത്പന്നങ്ങളുടെയും ബ്രാൻഡ് അംബാസിഡർ ആയ മോഹൻലാൽ സ്വന്തം പേരിൽ ബ്രാൻഡുമായി എത്തുന്നോ എന്നതായിരുന്നു ആരാധകരുടെ സംശയം. അതിനു കാരണമായതും മലയാളത്തിന്റെ പ്രിയതാരം തന്നെ.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച പാചക വിഡിയോയിൽ ധരിച്ച ടി ഷർട്ടും ഈ പേരിലുള്ള ബ്രാന്‍ഡിന്റേതായിരുന്നു. അങ്ങനെ ML എന്ന ബ്രാൻഡ് ടി ഷർട്ട് സമൂഹമാധ്യമലോകത്തും വലിയ ചർച്ചയായി. ലോകത്തെ തന്നെ പ്രമുഖ ബ്രാന്‍ഡുകളിൽ ഒന്നാണ് എംഎൽ. ഇതേ പേരിൽ മോഹൻലാൽ തന്നെ വിപണയിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കുമോ എന്നായി പിന്നീടുള്ള ആരാധകരുടെ ചർച്ച.

ഇപ്പോഴിതാ ഈ സംശയത്തിന് ആക്കം കൂട്ടി വ്യവസായിയും മോഹൻലാലിന്റെ സുഹൃത്തുമായ സമീർ ഹംസയും. സമീർ സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. എംഎൽ ബ്രാന്‍ഡ് ടി ഷർട്ട് അണിഞ്ഞ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് സമീര്‍ പങ്കുവച്ചത്. വലിയ എന്തിനോ തുടക്കമാകുന്നു എന്ന സൂചന നിലനിർത്തിയാണ് സമീറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ബോളിവുഡിൽ സൽമാൻ ഖാൻ, ഹൃതിക് റോഷൻ, വിരാട് കോഹ്‍ലി എന്നിവരുടെ പേരിൽ സ്വന്തം ബ്രാൻഡ് ഉണ്ടെങ്കിലും മലയാളത്തിൽ ഇങ്ങനെയൊരു സംരംഭം ഇല്ല. മോഹൻലാലിലൂടെ അങ്ങനെയൊരു തുടക്കം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here