ദോഹ: കാൻസ് ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫാമിലി ചിൽഡ്രൻസ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട  മലയാള ഹ്രസ്വചിത്രം “ഒച്ച്” ൻ്റെ സംവിധായകൻ നഹ്ജുൽ ഹുദയെ പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. ഖത്തറിൽ ഇലക്ട്രോണിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന നഹ്ജുൽ ഹുദ തിരൂർ ചേന്നര സ്വദേശിയാണ് . ഇന്ത്യൻ ഇൻഡിപെൻഡൻഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോട്ഫിലിമിനുള്ള ഹോണറബിൾ മെൻഷനും ഒച്ച് സിനിമക്ക് ലഭിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം നൂല് ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

ക്യു എഫ് എം റേഡിയോ  സി ഇ ഒ അൻവർ ഹുസൈൻ വാണിയമ്പലം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ലോകത്തോട് ഏറ്റവും എളുപ്പത്തിൽ സംവദിക്കാനാവുന്ന മാധ്യമമെന്ന നിലയിൽ ഇത്തരം  സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ചുറ്റുപാടുകളിലെ അനീതികളെ ചോദ്യം ചെയ്യുന്ന  സിനിമകൾ സമൂഹത്തിന് മുതൽകൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് റഷീദലി നഹ്ജുൽ ഹുദക്ക് പൊന്നാടയണിയിക്കുകയും ജില്ലയുടെ ഉപഹാരം കൈമാറുകയും ചെയ്തു. പരിപാടിയിൽ ആശംസകളർപ്പിച്ച് റഷീദലി സംസാരിച്ചു.  പ്രവാസി വെൽഫെയർ ജില്ലാ ആക്ടിംഗ് പ്രസിഡൻ്റ് ഷാനവാസ് വേങ്ങര അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം സ്വാഗതവും പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കലാ സാംസ്കാരിക വകുപ്പ് കൺവീനർ സാലിഖ് നന്ദിയും പറഞ്ഞു.

ഫോട്ടോ :- നഹ്ജുൽ ഹുദയെ പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി ആദരിക്കുന്നു.