വരിക്കാശ്ശേരി മനയെന്ന് കേൾക്കുമ്പോൾ ആദ്യം വരുന്നത് മംഗലശ്ശേരി നീലകണ്ഠനെയും പൂവള്ളി ഇന്ദുചൂഢനെയുമൊക്കെയാണ്. വരിക്കാശ്ശേരി മനയുടെ ‘ഓള്‍ഡ് ഫ്യൂഡൽ ലോർഡ്’ ഇതാ വീണ്ടുമെത്തിയിരിക്കുന്നു. ഇത്തവണ നെയ്യാറ്റിൻകര ഗോപനായാണ് സൂപ്പർതാരം മോഹൻലാലിന്റെ കൂടുമാറ്റം.

വരിക്കാശ്ശേരി മനയിൽ ഷർട്ടും മുണ്ടുമണിഞ്ഞ് മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ ഗെറ്റപ്പ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് സിനിമയുടെ ഷൂട്ടിനായി വരിക്കാശ്ശേരി മനയിൽ എത്തിയതാണ് മോഹൻലാൽ.

ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്‌ഷൻ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും പറയുന്നു.

പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽനിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നു; തുടർന്നുള്ള സംഭവങ്ങളാണ് ‘ആറാട്ട്’. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here