ദുൽഖറിനെയും സണ്ണി വെയ്‌നേയും മലയാളത്തിന് സമ്മാനിച്ച സെക്കൻഡ് ഷോയുടെ ഒൻപതാം വർഷത്തിൽ ഇരുവരും വീണ്ടും ഒന്നിക്കുന്ന പോസ്റ്റർ പുറത്തുവിട്ട് കുറുപ്പ് അണിയറപ്രവർത്തകർ. സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പിന്റെയും സംവിധാനം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ റെക്കാഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം മെയ് 28ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. മികച്ചൊരു തിയേറ്റർ അനുഭവം ഒ.ടി.ടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്ന പ്രേക്ഷകർക്ക് പുതിയ വാർത്ത സന്തോഷം നൽകുന്നുണ്ട്. കാക്കി പാന്റ്സും വെള്ള ടിഷർട്ടും ധരിച്ച് ബൈക്കിൽ ഇരിക്കുന്ന ദുൽഖറും സണ്ണി വെയ്നുമാണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്റർ ഇറങ്ങിതോടെ ആരാധകർ നിരവധി സംശയങ്ങളുമായി എത്തിയിരിക്കുകയാണ്.

ദുൽഖർ പൊലീസ് വേഷത്തിലാണോ എന്നാണ് ചിലർ ഉന്നയിക്കുന്ന സംശയം. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം ചിത്രീകരണം നീണ്ടുനിന്നു. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിംഗിനായി ചെലവഴിച്ചു. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായി. ജിതിൻ കെ. ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്.അരവിന്ദും ചേർന്നാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here