ഏറെ നാളായി വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് നടി കങ്കണ റണാവത്. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോ​ഭങ്ങളിൽ താരത്തിന്റെ നിലപാടുകളും അഭിപ്രായ പ്രകടനങ്ങളും ഏറെ വിവാദമായിരുന്നു.

തന്റെ പുതിയ ചിത്രമായ ധാക്കഡിന്റെ ചിത്രീകരണത്തിനായി മധ്യപ്രദേശിലെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. എന്നാൽ കങ്കണയുടെ ചിത്രത്തിനെതിരേ കോൺ​ഗ്രസ് പ്രവർത്തകർ രം​ഗത്ത് വന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കർഷകപ്രക്ഷോഭത്തിൽ‌ താരത്തിന്റെ നിലപാടുകൾക്കെതിരേയാണിത്. തന്റെ ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന പ്രവർത്തകരുടെ വീഡിയോ കങ്കണ തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

“ഷൂട്ടിങ്ങ് ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന കോൺ​ഗ്രസ് പ്രവർത്തകർ. പോലീസ് എത്തി അവരെ പിരിച്ചു വിട്ടുവെങ്കിലും എനിക്ക് കുറച്ച് ദൂരമേറിയ വഴിയിലൂടെ കാറിൽ വന്നെത്തേണ്ടതായി വന്നു. നിലപാടുകളുള്ള ഒരു സ്ത്രീയുടെ ​അവസ്ഥ..”

“എനിക്ക് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു.കർഷകർക്ക് വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നതെന്നാണ് കോൺ​ഗ്സ് എംഎൽഎ പറയുന്നത്. ഏത് കർഷകരാണ് അവർക്ക് അതിനുള്ള അധികാരം നൽകിയത്. അവർക്ക് സ്വന്തമായി സമരം ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ട്”? കങ്കണ ട്വീറ്റിൽ പറയുന്നു.

കങ്കണ ദില്ലിയിൽ പ്രതിഷേധിക്കുന്ന കർഷകരെ തീവ്രവാദികളെന്ന് അഭിസംബോധന ചെയ്തതും അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞതും വിവാദമായിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ഗായിക റിഹാനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കങ്കണ രം​ഗത്തെത്തിയതും വലിയ വാർത്തയായി.

LEAVE A REPLY

Please enter your comment!
Please enter your name here