രാജേഷ് തില്ലങ്കേരി

മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകിയ ഒരു ഹാസ്യനടനായിരുന്നു അടൂർ ഭാസി. എന്നും നായകന്റെ അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാളചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു ഭാസി. 1927 മാർച്ച് 29 നാണ് കെ ഭാസ്‌ക്കരൻ എന്ന അടൂർഭാസിയുടെ ജനനം. ഹാസ്യസാഹിത്യകാരനായിരുന്ന ഇ വി കൃഷ്ണപ്പിള്ളയുടെയും സി വിരാമൻപിള്ളയുടെ മകൾ കെ മഹേശ്വരിയുടെയും മകനായിരുന്നു അടൂർ ഭാസി. 

 

 
തിരുവനന്തപുരം വഴുതക്കാട്ട് റോസ്‌കോട്ട് ബംഗ്ലാവിലാണ് ജനനിച്ചതെങ്കിലും അച്ഛന്റെ മരണത്തോടെ കുടുംബം അടൂരിലേക്ക് താമസം മാറ്റുകയായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം മധുരയിലേക്ക് ജോലി തേടിപോയി. പിന്നീട് തിരുവനന്തപുരം ആകാശവാണിയിൽ ജോലിലഭിച്ചു. ഇക്കാലത്താണ് പ്രശസ്ത സാഹിത്യകാരനായിരുന്ന ടി എൻ ഗോപിനാഥൻ നായരെ പരിചയപ്പെടുന്നത്. അദ്ദേഹം അക്കാലത്ത് സഖി എന്ന മാസികയുടെ പത്രാധിപരായിരുന്നു. സഖിയുടെ സഹപത്രാധിപരായി അടൂർഭാസി നിയമിതനായി.
 

ഇക്കാലത്ത് തിരുവനന്തപുരം അമച്വർ നാടക സഘത്തിന്റെ പ്രധാന ഭൂമികയായിരുന്നു. ടി ആർ സുകുമാരൻ നായർ, ടി എൻ ഗോപിനാഥൻ നായർ, ജഗതി എൻ കെ ആചാരി, നാഗവള്ളി ആർ എസ് കുറുപ്പ്, പി കെ വിക്രമൻ നായർ തുടങ്ങിയ നാടകാചാര്യന്മാരുടെ സംഘത്തിൽ അടൂർ ഭാസിയും ചേർന്നു. നാടക പ്രവർത്തനരംഗത്തുള്ള ദീർഘകാലത്തെ അഭിനയ പരിചയവുമായാണ് സിനിമയിലെത്തിയത്. 
 
1953 ൽ പുറത്തിറങ്ങിയ തിരമാലയായിരുന്നു ആദ്യ ചിത്രം. എന്നാൽ അപ്രധാനമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. 1965 ൽ പുറത്തിറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രൻ എന്നീ ചിത്രങ്ങളിലൂടെയാണ് അടൂർ ഭാസിയെന്ന നടനെ പ്രേക്ഷകർ തിരിച്ചറിയുന്നത്. 
 
 
1965-70 കാലങ്ങളിൽ മിക്കവാറും എല്ലാ ചിത്രങ്ങളിലും ഭാസിയുടെ വേഷങ്ങൾ ഉണ്ടായിരുന്നു. പ്രേംനസീർ പ്രധാന നായകനായി മാറിയ കാലമായിരുന്നു അത്. നസീറിനൊപ്പം ഒരു വേഷം എന്നതായിരുന്നു അക്കാലത്തെ രീതി. 
 
 
700 ൽപരം ചിത്രങ്ങളിൽ വേഷമിട്ടു. കൊമേഡിയൻ എന്ന നിലയിൽ നിന്നും മാറി വില്ലൻ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട് അടൂർ ഭാസിയെന്ന അഭിനയപ്രതിഭ. കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യൻ എന്നിവയാണ് അടൂർഭാസി വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ. കൊട്ടാരം വിൽക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ സിനിമകളിൽ ഡബിൾ വേഷത്തിലും അടൂർഭാസി അഭിനയിച്ചിരുന്നു. 
 
ചട്ടക്കാരിയിൽ മികച്ച നടനുള്ള അവാർഡ്, 1974, 1979ൽ ചെറായന്റെ ക്രൂരകൃത്യങ്ങൾ എന്ന ചിത്രത്തിലൂടെയും സംസ്ഥാനത്തെ മികച്ച നടനായി, 1984 ൽ ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡിനും അർഹനായി.

അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ , നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത നടനായിരുന്ന ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാള സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്‌കാരം തന്നെ സൃഷ്ടിച്ചു. ഇതിനു ആസ്പദമായി കേരളത്തിൽ കാർട്ടൂൺ പരമ്പരയും പ്രശസ്തമാണ്.
1990 മാർച്ച് 29 ന് 63 ാം വയസിൽ അടൂർ ഭാസിയെന്ന അതുല്യ നടൻ ഈ ലോകത്തോട് വിടപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here