നവതലമുറ സംവിധായകരില്‍ രാജേഷ്പിള്ളയെ വേറിട്ട് നിര്‍ത്തുന്നത് വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കാനുള്ള അദേഹത്തിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് 2005-ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലൂടെയാണ് അദേഹം സിനിമാരംഗത്ത് അരങ്ങേറിയതെങ്കിലും. 2011-ല്‍ പുറത്തിറങ്ങിയ ട്രാഫിക്കിലൂടെയാണ് അദേഹം ശ്രേദ്ധേയനാവുന്നത്. പിന്നീട് മിലി എന്ന ഇന്‍സിപിരേഷണല്‍ ചിത്രവും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ട്രാഫിക്കിന് ശേഷം രാജേഷ് പിള്ളയൊരുക്കുന്ന മറ്റൊരു ത്രില്ലര്‍ ചിത്രമാണ് വേട്ട. ഒരു സൈക്കോ ത്രില്ലര്‍ എന്ന വിശേഷണമാണ് ഈ ചിത്രത്തിന് കൂടുതല്‍ യോജിക്കുക.
ഒരു ഇരട്ടകൊലപാതകം അതന്വേഷിക്കാന്‍ എത്തുന്ന രണ്ട് ഉദ്യോഗസ്ഥര്‍ അവരെ കുഴക്കുകയും അവരുടെ ജീവതത്തെ അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഒരു പ്രതി. വേട്ട എന്ന ചിത്രത്തെ ഒറ്റവാക്കില്‍ ഇങ്ങനെ ചുരുക്കാം. വേട്ടയുടെ ആദ്യപകുതി പതിഞ്ഞ താളത്തിലാണ് ആരംഭിക്കുന്നത്. നാടകീയതകളോ, സസ്‌പെന്‍സുകളോ ഇല്ലാതെ ചിത്രം മുന്‍പോട്ട് നീങ്ങുന്നു. ഉദ്യോഗസ്ഥരെ നിരന്തരം കുഴക്കുന്ന പ്രതി ഒടുവില്‍ അവരുടെ വ്യക്തിജീവിതത്തില്‍ ഇടപെട്ട് തുടങ്ങുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു.
രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ചിത്രം പൂര്‍ണമായും ത്രില്ലര്‍ സ്വഭാവം കൈവരിക്കുകയാണ്. അതു വരെ സഞ്ചരിച്ച ട്രാക്കില്‍ നിന്നു ചിത്രം പാടെ വഴിമാറുന്നു. സമീപകാലത്ത് കേരളത്തിലെ അരങ്ങേറിയ ഒരു വിവാദസംഭവത്തെ കഥയിലേക്ക് കൊണ്ടു വരിക വഴി കഥയില്‍ പ്രേക്ഷകന് വിശ്വാസം ജനിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം എന്നതിനാല്‍ പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കാനുള്ള നിരവധി കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലുടനീളം കാണാം. ക്ലൈമാക്‌സില്‍ അത് പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടെങ്കിലും ഒരു അപൂര്‍ണത ചിത്രത്തില്‍ അനുഭവപ്പെട്ടേക്കാം. ഇടയില്‍ കയറിവരുന്ന പ്രേം പ്രകാശിന്റെ കഥാപാത്രം ഈ അപൂര്‍ണതയ്ക്ക ഉദാഹരണമാണ്.
കുഞ്ചാക്കോ ബോബന്‍, മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത് എന്നിവരാണ് വേട്ടയിലെ മുഖ്യവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കരിയറില്‍ ഇതാദ്യമായി മഞ്ജുവാര്യര്‍ ഒരു പോലീസ് വേഷത്തിലെത്തുന്നു എന്ന സവിശേഷത വേട്ടയ്ക്കുണ്ട്. എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രം നേട്ടമാവുന്നത് കുഞ്ചാക്കോ ബോബനാണ്. അദേഹത്തിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷമാണ് വേട്ടയിലെ മെല്‍വിന്‍. വ്യത്യസ്തമായ അനവധി ജീവിതസന്ദര്‍ഭങ്ങളിലൂടെ കടന്നു പോവുന്ന മെല്‍വിന്‍ എന്ന കഥാപാത്രത്തെ പാളിച്ചകളില്ലാതെ കുഞ്ചാക്കോ ബോബന്‍ ഭംഗിയാക്കി. മഞ്ജുവിനേയും ഇന്ദ്രജിത്തിനേയും കൂടാതെ വിജയരാഘവന്‍, ദീപക് പറമ്പോള്‍,സന്ധ്യ,സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തിലുണ്ട്.
ഒരു ത്രില്ലര്‍ ചിത്രത്തിനൊത്ത പശ്ചാത്തലസംഗീതവും ഗാനങ്ങളുമാണ് സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. അനീഷ്‌ലാലിന്റെ ഛായഗ്രഹണമികവും എടുത്തു പറയേണ്ടതാണ്. അരുണ്‍ലാല്‍ രാമചന്ദ്രന്‍ രചിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സംവിധാകന്‍ രാജേഷ് പിള്ളയും ഹനീഫ് മൊഹമ്മദും ചേര്‍ന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here