മഹാഭാരതത്തിലെ കര്‍ണനാവാന്‍ മലയാളത്തില്‍ ഇപ്പോള്‍ മത്സരമാണ്. എന്നാല്‍, മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും കര്‍ണന് മുന്‍പേ വരുന്നത് കോപിഷ്ഠനായ മഹര്‍ഷി ദുര്‍വാസാവാവും. മുന്‍കോപം കൊണ്ട് ലോകം ചുട്ടെരിക്കുന്ന മഹാമുനിയാകുന്നത് മറ്റാരുമല്ല സാക്ഷാല്‍ ജഗതി ശ്രീകുമാര്‍. കുഞ്ഞുമോന്‍ താഹയുടെ കര്‍ണന്‍ എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ജഗതിയുടെ ഈ ദുര്‍വാസാവ് വേഷം. വാഹനാപകടത്തില്‍ പരിക്കേറ്റ ശേഷമുള്ള ജഗതിയുടെ തിരിച്ചുവരവല്ലിത്. അപകടം സംഭവിക്കുന്നതിന് രണ്ട് മാസം മുന്‍പ് ചിത്രീകരിച്ച പരമ്പരയാണിത്. പല കാരണങ്ങള്‍ കൊണ്ട് പെട്ടിയില്‍ തന്നെ കിടന്നുപോയ പരമ്പര ഇപ്പോള്‍ സംപ്രേഷണത്തിന് ഒരുങ്ങുകയാണ്.

അനില്‍ മുഖത്തലയുടേതായിരുന്നു തിരക്കഥ. ഇത്രയും വലിയൊരു കഥ സിനിമയാക്കാനുള്ള ധൈര്യം നിര്‍മാതാക്കള്‍ കാട്ടാതിരുന്നതിനെ തുടര്‍ന്നാണ് സിനിമ പരമ്പരയാത്. കുന്തീദേവിക്ക് ദുര്‍വാസാവ് വരം കൊടുക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. എന്നാല്‍, ദുര്‍വാസാവിന്റെ വേഷം ആരു ചെയ്യുമെന്നുള്ളത് അണിയറ പ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ജഗതിക്കല്ലാതെ മറ്റാര്‍ക്കും ഇത് ഭംഗിയാക്കാനാവില്ലെന്ന അഭിപ്രായക്കാരനായിരുന്നു സംവിധായകന്‍ കുഞ്ഞുമോന്‍ താഹ. വേഷത്തിന്റ കാര്യം പറഞ്ഞപ്പോള്‍ അത് സിനിമയാക്കാനായിരുന്നു ജഗതി ഉപദേശിച്ചതെന്ന് ഓര്‍ക്കുന്നു കുഞ്ഞുമോന്‍ താഹ. ജഗതി അഭിനയിക്കുന്നില്ലെങ്കില്‍ സീരിയല്‍ ഉപേക്ഷിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് താന്‍ ശഠിച്ചതോടെ ജഗതി വഴങ്ങുകയായിരുന്നുവെന്നും പറയുന്നു സംവിധായകന്‍.
അംബാസമുദ്രത്തിലും കായംകുളം കൊട്ടാരത്തിലുമായിരുന്നു ചിത്രീകരണം. രണ്ടു ദിവസമാണ് ജഗതി ചിത്രീകരണത്തിനായി നല്‍കിയത്. രണ്ട് ദിവസം കൊണ്ട് തന്നെ തന്റെ വേഷം ജഗതി പൂര്‍ത്തിയാക്കി. മൂന്ന് മണിക്കൂര്‍ കൊണ്ട് ഡബ്ബിങും പൂര്‍ത്തിയാക്കി.
ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്ന നാറാണത്തു ഭ്രാന്തന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ തങ്കമോതിരം, ചന്തുമേനോന്റെ ശാരദ, എന്നീ കഥകള്‍ ഉള്‍പ്പടെ നാല്‍പ്പതോളം ടെലിസിനിമകള്‍, ഒമ്പതോളം സീരിയലുകള്‍, സംസ്ഥാന അവാര്‍ഡ് നേടിയ സംഗീത ആല്‍ബം തുടങ്ങിയവയുടെ സംവിധായകനാണ് കുഞ്ഞുമോന്‍ താഹ.
അജയന്‍ കുഴുമതിക്കാട്, ജയപ്രകാശ് കുണ്ടറ എന്നിവര്‍ ചേര്‍ന്നാണ് പരമ്പര നിര്‍മിച്ചിരിക്കുന്നത്.
ഒ.എന്‍.വി കുറുപ്പ് എഴുതിയ പരമ്പരയുടെ ടൈറ്റില്‍ സോങ് എം.കെ അര്‍ജുനനാണ് ചിട്ടപ്പെടുത്തിയത്.image (7)

LEAVE A REPLY

Please enter your comment!
Please enter your name here