ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രജനികാന്തിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കരോറ്റിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന് വിധേയനാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടും.

ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് രജനികാന്തിനെ പ്രവേശിപ്പിച്ചത്. എംആര്‍ഐ സ്‌കാനിങ്ങില്‍ രക്തക്കുഴലുകള്‍ക്ക് നേരിയ പ്രശ്നം കണ്ടെത്തിയതോടെയാണ് നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ വിജയകരമായെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദം കൂടിയതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ അരവിന്ദന്‍ സെല്‍വരാജ് അറിയിച്ചു.

അതേസമയം ചെന്നൈയിലെ കാവേരി ആശുപത്രിയ്ക്ക് മുന്‍പില്‍ സുരക്ഷയ്ക്കായി 30 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ആശുപത്രിയിലേക്ക് ആരാധകര്‍ തള്ളിക്കയറുന്നത് തടയാനാണ് നടപടി. കൂടാതെ ആശുപത്രിയിലേക്ക് എത്തുന്ന എല്ലാവരേയും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. രണ്ട് എസ്ഐമാര്‍, നാല് വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here