കൊച്ചി: രഞ്ജിത് സംവിധാനം ചെയ്ത ‘ലീല’ എന്ന ചിത്രത്തിന് നിര്‍മാതാക്കളുടെ അപ്രഖ്യാപിത വിലക്ക്. തീയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെക്കൊണ്ട് ചിത്രം റിലീസ് ചെയ്യിക്കാതിരിക്കാനാണ് ശ്രമം. വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിനിമയിലെ ദിവസവേതനക്കൂലിക്കാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
നാമമാത്രമായ വര്‍ധനയാണ് ഇവര്‍ ആവശ്യപ്പെട്ടത്. സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനായ ഫെഫ്കയുടെ പിന്തുണയോടെയായിരുന്നു ഇത്. എന്നാല്‍ വേതനം കൂട്ടിനല്കാനാകില്ലെന്നതായിരുന്നു നിര്‍മാതാക്കളുടെ നിലപാട്. ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് അവര്‍ സമരം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ തൊഴിലാളികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട കൂലി നല്കിക്കൊണ്ട് രഞ്ജിത് ചിത്രീകരണം തുടര്‍ന്നു. ലീലയുടെ നിര്‍മാതാവും രഞ്ജിതാണ്. തുടര്‍ന്ന് അദ്ദേഹത്തെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.രഞ്ജിതിനെതിരായ പ്രതികാരനടപടി അവിടം കൊണ്ട് നിര്‍ത്താതെ ചിത്രത്തിന്റെ വിലക്കിലേക്ക് എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളുടെ സംഘടന.
നിര്‍മാതാക്കള്‍ക്ക് ചിത്രത്തിന്റെ റീലീസ് തടയാന്‍ കഴിയില്ലെന്നിരിക്കെ എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ കൂട്ടുപിടിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കം. ഇതിനായി ഫെഡറേഷന്‍ ഭാരവാഹികളുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയതായി ഇരുസംഘടനകളോടും അടുപ്പമുള്ളവര്‍ വെളിപ്പെടുത്തുന്നു.

വിലക്കിനെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. കനയ്യകുമാറിന്റെ ആസാദി മുദ്രാവാക്യ മാതൃകയില്‍ ‘അസോസിയേഷന്‍ സേ ആസാദി’എന്ന ഹാഷ് ടാഗ് പ്രചരണവുമായി സിനിമാപ്രേമികള്‍ രംഗത്തെത്തി.
ആര്‍.ഉണ്ണിയുടെ കഥയെ ആസ്പദമാക്കിയുള്ള ലീലയില്‍ ബിജുമേനോനാണ് നായകന്‍. ഏപ്രിലിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.
വിലക്കിന് വഴങ്ങില്ല സിഡി ആയിട്ടെങ്കിലും വില്‍കും-രഞ്ജിത്
നിര്‍മാതാക്കളുടെ വിലക്കിന് വഴങ്ങില്ലെന്ന് രഞ്ജിത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സി.ഡിരൂപത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസിനുമുന്നിലിട്ട് വില്പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.. ‘വിതരണക്കാരുടെയോ സാറ്റലൈറ്റ് അവകാശത്തിന്റെയോ പിന്തുണയില്ലാതെ, സുഹൃത്തുക്കളുടെ കയ്യില്‍നിന്ന് കടംവാങ്ങിയ പണംകൊണ്ടാണ് ലീല പൂര്‍ത്തിയാക്കിയത്. ഈ ചിത്രം തീയറ്ററുകളിലെത്തിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ എനിക്ക് എന്റേതായ വഴി തേടേണ്ടിവരും’-രഞ്ജിത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here