കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്.

സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ചയ്ക്ക് പരിഗണിക്കാൻ മാറ്റി. അത് വരെ ദിലീപിൻറെ അറസ്റ്റുണ്ടാകുമോ എന്ന് കോടതി ആരാഞ്ഞപ്പോൾ, ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കും.

ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് തന്നെ കോടതിയിൽ ഹാജരായി.

എന്നാൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിൻറെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിൻറെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിൻറെ ഹർജിയിലെ പ്രധാന ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here