കൊച്ചി: മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവനടൻ ടോണി സിജിമോൻ നായകനിരയിലേക്ക്. മംഗലശ്ശേരി മൂവീസിൻറെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗത സംവിധായകൻ മനീഷ് കുറുപ്പ് ഒരുക്കിയ പുതിയ ചിത്രം വെള്ളരിക്കാപ്പട്ടണത്തിലൂടെയാണ് ഒരു കാലത്ത് മലയാളികളുടെ പ്രിയ ബാലതാരമായിരുന്ന ടോണി സിജിമോൻ നായകനാകുന്നത്.

ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയമാണ് വെള്ളരിക്കാപ്പട്ടണത്തിൻറേത്. അത്തരമൊരു പോസിറ്റീവ് ചിന്തയൊരുക്കുന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് എത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ടോണി സിജിമോൻ പറഞ്ഞു. ഒന്നിനോടും താല്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തൻ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നൽകുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം.

നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാൽ ഏതൊരു പരാജിതൻറെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. നല്ല പ്രമേയം, അതിലേറെ മികച്ച അവതരണം വെള്ളരിക്കാപ്പട്ടണത്തിലൂടെ നായകനാകുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും ടോണി സിജിമോൻ പറഞ്ഞു.              

സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്ന പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ,മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായാണ് ടോണി സിജിമോൻ സിനിമയിലേക്കെത്തുന്നത്. ഈ ചിത്രങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ടോണിയുടേത്. ചാനൽ ഷോകളിൽ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകൻ ബ്ലെസിയാണ് ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത്.

പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി. നല്ല ചിത്രങ്ങളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങളാകുക, അതാണ് എന്റെ അഗ്രഹം. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ടോണി സിജിമോൻ പറയുന്നു. മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിക്കുവാൻ കഴിയുക ഏത് ആർട്ടിസ്റ്റിൻറെയും വലിയ സ്വപ്നമാണ്. ഭാഗ്യം കൊണ്ട് എനിക്കതിന് സാധിച്ചു. ആ മഹാനടന്മാരുടെ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി കാണുന്നു . സിനിമയിലേക്ക് വഴി തുറന്നുതന്ന  സംവിധായകൻ ബ്ലസ്സി സാറിനോട്  എന്നും കടപ്പാടുണ്ടായിരിക്കുമെന്നും ടോണി സിജിമോൻ പറഞ്ഞു.

എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോൾ തിരുവനന്തപുരം ഇൻഫോസിസിൽ ജോലി ചെയ്യുകയാണ്.  വെള്ളരിക്കാപ്പട്ടണത്തിലൂടെ മുൻമന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. അതും ഈ സിനിമയുടെ മറ്റൊരു പുതുമയാണ് . യുവനടിമാരായ ജാൻവി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാർ. ചിത്രത്തിലെ ഗാനങ്ങൾ   കെ ജയകുമാർ ഐ.എ.എസ്സ് ആണ് രചിച്ചിരിക്കുന്നത് ഒപ്പം  സംവിധായകൻ മനീഷ് കുറുപ്പും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

അഭിനേതാക്കൾ-ടോണി സിജിമോൻ, ജാൻവി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയൻ ചേർത്തല, എം ആർ ‘ഗോപകുമാർ, കൊച്ചുപ്രേമൻ,ആൽബർട്ട് അലക്‌സ്, ടോം ജേക്കബ്, ജയകുമാർ, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂർ, അജയ് വിഷ്ണു, മാസ്റ്റർ സൂരജ്, മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ അഭിനവ്. ബാനർ-മംഗലശ്ശേരിൽ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിർമ്മാണം- മോഹൻ കെ കുറുപ്പ് ,ക്യാമറ-ധനപാൽ, സംഗീതം-ശ്രീജിത്ത് ഇടവന.    

LEAVE A REPLY

Please enter your comment!
Please enter your name here