കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജിയണൽ അന്താരാഷ്ട്ര ചലച്ചിത്രമേള  ഏപ്രിൽ 1 മുതൽ 5 വരെ നടക്കും. സരിത, സവിത, കവിത തിയറ്ററുകൾ ആവും ചലച്ചിത്രമേളയുടെ വേദി. ഇത്തവണത്തെ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുന്ന പ്രധാന ചിത്രങ്ങൾ കൊച്ചി മേളയിലും പ്രദർശിപ്പിക്കും.

ചലച്ചിത്ര മേളയുടെ ആലോചനാ യോഗം എറണാകുളം ഗസ്റ്റ് ഹൗസിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ  ചേർന്നു. ഫെസ്റ്റിവൽ ഓഫീസിൻറെ ഉദ്ഘാടനം എറണാകുളം നോർത്തിലുള്ള മാക്ട ഓഫീസിൽ മാർച്ച് 16ന് നടക്കും. 16 മുതൽ ഓഫ്ലൈനായും 25 മുതൽ ഓൺലൈൻ ആയും പ്രതിനിധികളുടെ റജിസ്ട്രേഷൻ ആരംഭിക്കും. ആലോചനാ യോഗത്തിൽ കൊച്ചിൻ കോർപറേഷൻ മേയർ അനിൽകുമാർ, അക്കാദമി സെക്രട്ടറി സി അജോയ്, ജോഷി, സുന്ദർദാസ്, ഷിബു ചക്രവർത്തി, സജിത മഠത്തിൽ, സോഹൻ സീനുലാൽ, ഇടവേള ബാബു, തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിൻറെ 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മാർച്ച് 18ന് തിരുവനന്തപുരത്ത് തുടക്കമാവും. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുക. 15 തിയറ്ററുകളിലായാണ് പ്രദർശനം. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകൾ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്‌ലിക്റ്റ് എന്ന പാക്കേജാണ് ഇത്തവണത്തെ മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഫിപ്രസ്‌കി പുരസ്‌കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരമർപ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടർക്കിഷ് സംവിധായകൻ എമ്ർ കയ്സ് സംവിധാനം ചെയ്ത അനറ്റോളിയൻ ലെപ്പേഡ്, സ്പാനിഷ് ചിത്രമായ കമീല കംസ് ഔട്ട് റ്റു നെറ്റ്, ക്ലാരാ സോള, ദിനാ അമീറിന്റെ യു റീസെമ്പിൾ മി, മലയാളചിത്രമായ നിഷിദ്ധോ, ആവാസ വ്യൂഹം തുടങ്ങിയ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴ് ചിത്രമായ കൂഴങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

അഫ്ഗാൻ ചിത്രമായ ഡ്രൌണ്ടിംഗ് ഇൻ ഹോളി വാട്ടർ, സിദ്ദിഖ് ബർമാക് സംവിധാനം ചെയ്ത ഓപ്പിയം വാർ, കുർദിഷ് ചിത്രം കിലോമീറ്റർ സീറോ, മെറൂൺ ഇൻ ഇറാഖ്, മ്യാൻമർ ചിത്രം മണി ഹാസ് ഫോർ ലെഗ്സ് തുടങ്ങിയ ചിത്രങ്ങളാണ് ഫിലിംസ് ഫ്രം കോൺഫ്‌ലിക്റ്റ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള നടക്കുന്നതെന്നും പ്രതിനിധികൾക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here