കോഴിക്കോട്: ഒന്നിച്ചു നിൽക്കണമെന്ന ഇടതുമുന്നണിയുടെ  നിർദ്ദേശം തള്ളി  ഐഎൻഎൽ. ദേശീയ നേതൃത്വത്തെ  അംഗീകരിക്കാത്ത  വഹാബ് പക്ഷത്തെ ഇനി കൂടെ കൂട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ വ്യക്തമാക്കി. ദേവർ കോവിൽ മുന്നണി നിർദ്ദേശം അവഗണിച്ചെന്ന് എ പി അബ്ദുൾ വഹാബും തിരിച്ചടിച്ചു.

ഐ എൻ എൽ രണ്ട് വിഭാഗങ്ങളും വെവ്വേറെ യോഗം ചേർന്നാണ് നിലപാട് കടുപ്പിച്ചത്. അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ അഹമ്മദ് ദേവർകോവിലിൻറെ അധ്യക്ഷതയിൽ ഔദ്യോദിക പക്ഷം വിളിച്ച യോഗത്തിൽ മുൻ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ  ഉൾപ്പെടെ 45 സംസ്ഥാന കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു. നാഷണൽ സെക്കുലർ കോൺഫ്രൻസിലെ ചിലരാണ് എ പി അബ്ദുൾ വഹാബിനൊപ്പം നിന്ന് കുഴപ്പമുണ്ടാക്കുന്നതെന്ന് കാസിം ഇരിക്കൂർ ആരോപിച്ചു.

ഭിന്നിച്ച് നിൽക്കരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം അവഗണിക്കുന്നതാണ് മന്ത്രി അഹമ്മദ് ദേവർകോവിലിൻറെ പ്രവർത്തനമെന്ന് എ പി അബ്ദുൾ വഹാബ് കുറ്റപ്പെടുത്തി.

ഐ എൻ എല്ലിലെ തർക്കം ഇടതുമുന്നണിയെ ചൊടിപ്പിച്ചിട്ടുണ്ട്. മുന്നണി നിർദ്ദേശം അവഗണിച്ച് ഇരുപക്ഷവും മുന്നോട്ട് പോകുന്നതിൽ സി പി എമ്മിനും അതൃപ്തിയിലാണ്. അടുത്ത ഇടതുമുന്നണി യോഗത്തിലേക്ക് ഐ എൻ എൽനേതാക്കളെ ക്ഷണിച്ചിട്ടില്ല. പകരം മന്ത്രി അഹമ്മദ് ദേവർ കോവിലിനോട് പങ്കെടുക്കാനാണ് നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here