കഴിഞ്ഞ വ‌ർഷത്തെ സൂപ്പർഹിറ്റുകളിലൊന്നായിരുന്ന കുറുപ്പിന് ശേഷം ദുൽഖറിന്റേതായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് ക്രെെം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സല്യൂട്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ചിത്രം സോണി ലിവിലൂടെയാണ് റിലീസായത്. ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന, റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ബോബി-സഞ്ജയ് തിരക്കഥയൊരുക്കിയ ചിത്രത്തിനായി ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. ചടുലമായ ക്രെെം ത്രില്ലറല്ല സല്യൂട്ട്, മറിച്ച് സ്ലോ പേസിൽ നീങ്ങുന്ന ഇൻവസ്റ്റിഗേഷൻ വിഭാ‌ഗത്തിൽ ചിത്രത്തെപ്പെടുത്താം. നേരത്തെ തിയേറ്റർ റിലീസ് പറഞ്ഞിരുന്ന ചിത്രം ഒടുവിൽ ഒടിടിയിലേയ്ക്ക് മാറ്റുകയായിരുന്നു.

അരവിന്ദ് കരുണാകരൻ എന്ന സബ് ഇൻസ്‌പെക്ടറായാണ് ദുൽഖ‌ർ ചിത്രത്തിലെത്തുന്നത്. ലോംഗ് ലീവിലുള്ള അരവിന്ദിന് താൻ പണ്ട് അന്വേഷിച്ചിരുന്ന ഒരു കേസിൽ വീണ്ടും ഇടപെടേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പണ്ട് ശിക്ഷിക്കപ്പെട്ടയാൾ നിരപരാധിയാണെന്ന അരവിന്ദിന്റെ തോന്നലിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നിയമ സംവിധാനങ്ങൾ എതിർത്തിട്ടും ശരിയ്ക്ക് വേണ്ടി ഒറ്റയ്ക്ക് പൊരുതുന്ന പൊലീസുകാരനാണ് ദുൽഖ‌ർ അവതരിപ്പിച്ച അരവിന്ദ്. യഥാർത്ഥ പ്രതിയ്ക്ക് വേണ്ടിയുള്ള അരവിന്ദിന്റെ അൺഒഫിഷ്യലായ അന്വേഷണമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ ക്രെെം ത്രില്ലറായിട്ടും ഒരു ഘട്ടത്തിലും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നി‌ർത്താൻ സംവിധായകന് സാധിച്ചിട്ടില്ല. അരവിന്ദ് കരുണാകരൻ എന്ന സബ് ഇൻസ്‌പെക്ടറുടെ റോൾ ദുൽഖറിന്റെ കെെയ്യിൽ ഭദ്രമായിരുന്നു.

രോമാഞ്ചം നൽകുന്ന ഫെെറ്റുകളോ എടുത്ത് പറയാനാകുന്ന ഡയലോഗുകളോ ചിത്രത്തിലില്ല. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സല്യൂട്ടിൽ ദുൽഖറെത്തുന്നത്. ചടുലമായ നീക്കങ്ങളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിൽ വിരളമാണ്. ഒരു ഗാനം പോലും ചിത്രത്തിലുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജെയ്‌ക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം മികച്ചുനിന്നു. വ്യത്യസ്തമായ കഥയായിരുന്നുവെങ്കിലും തിരക്കഥയിലെ ചെറിയ പോരായ്മകൾ ചിത്രത്തെ പിന്നോട്ടടിച്ചു. ആദ്യ പകുതി കഥ മെല്ലെ പുരോഗമിക്കുകയും രണ്ടാം പകുതിയിൽ ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് സല്യൂട്ട് പിന്തുടരുന്നത്. അജ്ഞാതനായ കൊലയാളിയെത്തേടിയുള്ള പൊലീസിന്റെ യാത്ര പുതുമയുള്ള രീതിയിൽ അവതരിപ്പിക്കാൻ സംവിധായകനായി. ക്ലെെമാക്‌സിനോട് അടുക്കുമ്പോൾ ത്രില്ലടിപ്പിക്കാൻ ഒരു പരിധി വരെ സംവിധായകന് കഴിഞ്ഞു.

 

മനോജ് കെ ജയന്‍, സായ്‌കുമാര്‍, അലന്‍സിയര്‍, ബിനു പപ്പു, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പതിവിൽ നിന്ന് വ്യത്യസ്‌തമായ ഒരു കഥാപാത്രത്തെയാണ് മനോജ് കെ ജയൻ ചിത്രത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. സമ്പന്നമായ താരനിര ചിത്രത്തിലുണ്ടങ്കിലും ശ്രദ്ധിയ്ക്കപ്പെടുന്ന തരത്തിൽ ചിത്രത്തിൽ പലരെയും ഉപയോഗിക്കാൻ സംവിധായകന് സാധിച്ചിട്ടില്ല. ബോളിവുഡ് താരമായ ഡയാന പെന്റിയാണ് ദുൽഖറിന്റെ നായികയായെത്തുന്നത്.

പ്രതി പൂവൻ കോഴിയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ചിത്രമാണ് സല്യൂട്ട്. ദുൽഖ‌ർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്നതിനാൽ ഒരു ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ച് ചിത്രത്തെ സമീപിച്ചാൽ നിരാശയാകും ഫലം. മറിച്ച് സാവധാനത്തിൽ മുന്നോട്ട് പോകുന്ന ഒരു ചെറിയ ഇൻവസ്റ്റിഗേഷൻ ചിത്രം എന്ന നിലയിൽ സല്യൂട്ടിനെ സമീപിക്കുന്നതാകും ഉത്തമം. ഒരിക്കലും സല്യൂട്ട് ഒരു മോശം ചിത്രമല്ല. എന്നാൽ ഒരു ഗംഭീര ചിത്രമെന്ന് അവകാശപ്പെടാനും സല്യൂട്ടിനാകില്ല. മൊത്തത്തിൽ ഒരു ശരാശരി അനുഭവമാണ് ആസ്വാദകന് ചിത്രം സമ്മാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here