നടന്‍ ശ്രീനിവാസന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍എം ബാദുഷ. മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ ആര്‍ക്കാണ് ഇത്ര ഹൃദയ സുഖം എന്ന് ബാദുഷ ചോദിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങള്‍ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല എന്നും ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്‍എം ബാദുഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ ആര്‍ക്കാണ് ഇത്ര ഹൃദയ സുഖം?
ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.ശ്രീനിയേട്ടന്റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടന്‍ സംസാരിച്ചത് എത്ര ഊര്‍ജ ത്തോടെയും ഓജ സോടെയുമാണ്.! ശ്രീനിയേട്ടന്ന് ആദരാഞ്ജലികള്‍ എന്ന വ്യാജ വാര്‍ത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടന്റെ ചിരി കലര്‍ന്ന മറുപടി. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങള്‍ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തില്‍ നമുക്കിടയിലേക്ക് ഓടിയെത്തും.!

അതേ സമയം ശ്രീനിവാസനുമായി സംസാരിച്ചതിനെ പറ്റി നിര്‍മാതാവ് മനോജ് രാംസിംഗ് വെളിപ്പെടുത്തിയിരുന്നു. ശ്രീനിവാസന്റെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ശ്രീനിവാസന്റെ ഭാര്യയുടെ ഫോണിലൂടെ അദ്ദേഹവുമായി താന്‍ നേരിട്ട് സംസാരിച്ചുവെന്ന് മനോജ് പറഞ്ഞത്. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളിലെ താരത്തിന്റെ പ്രതികരണവും നിര്‍മാതാവ് അറിയിച്ചു.

മനോജ് രാംസിംഗിന്റെ കുറിപ്പിങ്ങനെ:

‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്.. കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചു കൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല’

 

LEAVE A REPLY

Please enter your comment!
Please enter your name here