മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ ഏറെ ആവേശത്തോടെ വരവേല്‍ക്കാന്‍ കാത്തിരുന്ന മലയാള സിനിമ ‘ലോക്ഡ് ഇന്‍’ (Locked In) നാളെ ഓഗസ്റ്റ് 20 ശനി ഉച്ചക്ക് ശേഷം 3:30നും 7:10നും പ്രദര്‍ശനത്തിനെത്തുന്നു. റിലീസ് ചെയ്യുന്ന ദിവസം ന്യൂയോര്‍ക്കിലെ തിയേറ്ററില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോങ്ങ് ഐലന്‍ഡ് ബെല്‍മോറിലുള്ള ബെല്‍മോര്‍ പ്ലേയ് ഹൗസില്‍ (525 Bedford Ave, Bellmore, NY 11710) യൂണിവേഴ്‌സല്‍ മൂവീസാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ശനിയാഴ്ച 3:30ന് നടക്കുന്ന ആദ്യ ഷോ കാണാന്‍ സിനിമയിലെ അഭിനേതാക്കളും മറ്റു അണിയറ പ്രവര്‍ത്തകരും തിയേറ്ററില്‍ എത്തും.

ന്യൂ ജേഴ്‌സിയിലെ ബെര്‍ഗെന്‍ഫീല്‍ഡ് സിനിമാസില്‍ (58 S Washington Ave, Bergenfield, NJ 07621) 21 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കുന്നതാണ്. ബെല്‍മോറിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ദിവസങ്ങളിലെ സമയ ക്രമം: 21 ഞായര്‍ 8:00 PM; 22 തിങ്കള്‍ മുതല്‍ 25 വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം 7:15ന്.

ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമുള്ള കലാകാരന്മാര്‍ അഭിനയിച്ചിട്ടുള്ളതും ഉദ്വേഗജനകമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതുമായ ഒന്നര മണിക്കൂര്‍ മുഴുനീള ചിത്രം ന്യൂയോര്‍ക്കില്‍ തന്നെ ചിത്രീകരിച്ചട്ടുള്ളതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ നടന്ന ഒരു സംഭവം ആസ്പദമാക്കി രൂപീകരിക്കപ്പെട്ട ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗത സംവിധായകനും ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഗായകനും കലാകാരനുമായ ശബരീനാഥ് നായരാണ്. ന്യൂയോര്‍ക്കിന്റെയും ന്യൂജേഴ്‌സിയുടെയും പശ്ചാത്തലത്തില്‍ ഛായഗ്രഹണം നടത്തിയത് പ്രശസ്ത ക്യാമെറാമാന്‍ ജോണ്‍ മാര്‍ട്ടിനാണ്.

റൊമാന്‍സും കൊലപാതകവും കുറ്റാന്വേഷണവും എല്ലാം സമ്മിശ്രമായി ഉള്‍ക്കൊള്ളുന്ന ഈ സിനിമയില്‍ മുഖ്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഷാജി എഡ്വേഡ്, സവിത റാവു, ഹാനാ അരീച്ചിറ, ആല്‍ബിന്‍ ആന്റോ, സണ്ണി കല്ലൂപ്പാറ എന്നീ അഭിനേതാക്കളോടൊപ്പം ഹോളിവുഡ് നടന്‍ ജോയല്‍ റാറ്റ്‌നറും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരിലാല്‍ നായര്‍ നിര്‍മ്മാണവും ക്യാമറാമാന്‍ ജോണ്‍ മാര്‍ട്ടിന്‍ ഛായാഗ്രഹണവും നിര്‍വഹിച്ച സിനിമയുടെ പ്രൊജക്റ്റ് ഡിസൈനര്‍ അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസാണ്.

മലയാളത്തിന്റെ വാനമ്പാടിയായ കെ. എസ്. ചിത്ര ആലപിച്ച ‘മുകിലേ ചാരെ വന്നു…..’ എന്ന ഈ സിനിമയിലെ ഗാനം സംഗീത പ്രേമികളുടെയിടയില്‍ വലിയ തരംഗമായിരിക്കുകയാണ്. എത്ര കേട്ടാലും മതിവരാത്ത ഈ ഗാനത്തിന്റെ വരികള്‍ രചിച്ചത് സിജു തുറവൂരും സംഗീത സംവിധാനം നിര്‍വഹിച്ചത് ഗായകന്‍ കൂടിയായ ശബരീനാഥുമാണ്. എഴുപതു-എണ്‍പതുകളിലെ മലയാള സിനിമാ നിര്‍മ്മാതാവായിരുന്ന തിരുവനന്തപുരം മുല്ലശ്ശേരില്‍ മുകുന്ദന്റെ മകനായ ശബരീനാഥ് ന്യൂയോര്‍ക്ക് പ്രദേശത്തെ അറിയപ്പെടുന്ന ഒരു ഗായകനാണ്.

ഉദ്വേഗ നിര്‍ഭരമായ നിരവധി സീനുകള്‍ ഉള്ള ഈ സിനിമാ കണ്ടാസ്വദിക്കുവാന്‍ ലഭിച്ചിരിക്കുന്ന ഈ സുവര്‍ണാവസരം എല്ലാ മലയാളികളും വിനിയോഗിക്കണമെന്ന് സിനിമാ നിര്‍മ്മാതാവ് ഹരിലാല്‍ നായര്‍ അഭ്യര്‍ഥിച്ചു. എല്ലാവരും കാണുവാന്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ ടിക്കറ്റ് ഓണ്‍ലൈനില്‍ ഈ ലിങ്കിലൂടെ ലഭിക്കുന്നതാണ്.

https://www.fandango.com/locked-in-2021-224721/movie-overview

സിനിമയുടെ ട്രൈലെർ ഈ ലിങ്കിൽ ലഭ്യമാണ്     https://youtu.be/m7uet1aM_40

LEAVE A REPLY

Please enter your comment!
Please enter your name here