രാജേഷ് തില്ലങ്കേരി

മലയാളത്തിൽ ഒട്ടേറെ വിജയചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സിബി മലയിൽ. കിരീടം, ചെങ്കോൽ, ദശരഥം, ഹിസ് ഹൈനസ് അബ്ദുല്ല, ഭരതം, സദയം, കമലദളം, ആകാശദൂത്, സാഗരം സാക്ഷി തുടങ്ങി നിരവധിയായ ചിത്രങ്ങൾ മലയാളി പ്രേക്ഷകന് നൽകിയ സംവിധായകനാണ് അദ്ദേഹം. മോഹൻലാലിന് ആദ്യമായ ഭരത് അവാർഡ് ലഭിച്ചത് ഭരതം എന്ന സിബി മലയിൽ ചിത്രത്തിലൂടെയായിരുന്നു. ലോഹിതദാസുമായുള്ള കൂട്ടുകെട്ടിലൂടെ സിബി മലയിൽ മലയാളത്തിൽ അത്ഭുതങ്ങൾ തീർത്തു.
എന്നാൽ കുറച്ചുകാലമായി സിബി മലയിൽ നിശബ്ദനായിരുന്നു. ചില പരീക്ഷണ ചിത്രങ്ങളൊക്കെ ഒരുക്കിയെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെടാതെ വന്നപ്പോൾ സിബി മലയിൽ ഒരു ഇടവേള എടുത്തു എന്നുവേണം കരുതാൻ. ഇന്നിതാ സിബി മലയിൽ അതിശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. കൊ്ത്ത് എന്ന ചിത്രത്തിലൂടെ. ആദ്യമേ പറയാം ഇത് ഒരിക്കലും മലയാളികൾ കണ്ടുപരിചയിച്ച ഒരു സിബി മലയിൽ ചിത്രമല്ല. അദ്ദേഹത്തിന്റെ പുതിയൊരു കാലത്തിലേക്കുള്ള കാലെടുത്തുവയ്പ്പ് എന്നുവേണമെങ്കിൽ കൊത്തിനെ വിശേഷിപ്പിക്കാം.

കണ്ണൂരിലെ രാഷ്ട്രീയ കലാപങ്ങൾ മലയാളികൾ അറിയാവുന്നതാണ്. പ്രമേയപരമായി അതിന് വലിയ കാലിക പ്രസക്തിയുമില്ല. പലവട്ടം കേരളം ചർച്ച ചെയ്ത സംഭവമാണിത്. പ്രമേയപരമായി വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥ സിനിമയാക്കാൻ സിബി മലയിൽ കാണിച്ച ധൈര്യമാണ് കൊത്ത് എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുവെന്നത് ഏറെ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത സംഭവമാണ്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നാണ് അവിടുത്ത ഒരു രാഷ്ട്രീയ ലൈൻ. അത് ശരിയാണോ, തെറ്റാണോ എന്നു ചോദിച്ചാൽ അതൊന്നും ആരും ആലോചിക്കാറില്ല. അത്തരമൊരു ചിന്തയിലേക്ക് അവർ പോവാറുമില്ല. കറ കളഞ്ഞ രാഷ്ട്രീയക്കാരാണ് അവർ. എന്നുവച്ച് കണ്ണൂരിൽ മനുഷ്യകത്വമുള്ളവർ ആരുമില്ലെന്നും പറയാനാവില്ല. ഏറ്റവും നല്ല മനുഷ്യസ്‌നേഹികളുടെയും നാടാണ് കണ്ണൂർ. സഹജീവികളോട് എന്നും സഹാനുഭൂതിയും സ്‌നേഹവുമൊക്കെ കാത്തു സൂക്ഷിക്കുന്നവരാണ് ജനതയുടെ ഭൂരിഭാഗം പേരും. പിന്നെ എന്തുകൊണ്ടായിരിക്കാം ഇത്തരത്തിൽ രാ്ഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്ക് ഇരയാക്കുന്നത് എന്നും., അതിന്റെ മനശാസ്ത്രം എന്താണെന്നും കൊത്ത് നിങ്ങൾക്ക് പറഞ്ഞുതരും.
കൊത്ത് ഒരു ലക്ഷണമൊത്തൊരു സിനിമയാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. എങ്കിലും ഒരു രാ്ഷ്ട്രീയം പ്രമേയമായി വരുന്ന ചിത്രം നല്ല വ്യക്തതയോടെ ചിത്രീകരിക്കാൻ സിബി മലയിൽ ശ്രമിച്ചിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ടത്.
ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം വ്യക്തയുള്ളവരാണ്. കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി സംവിധായകൻ കണ്ടെത്തിയ അഭിനേതാക്കളും അതിഗംഭീരം. ഒരു കഥാപാത്രത്തെ പോലും മിസ് കാസ്റ്റിംഗ് എന്നു പറയാനാനാവില്ല. ആസിഫ് അലിയെന്ന ആക്ടറുടെ കരിയറിൽ എന്നും എടുത്തുപറയാവുന്ന കഥാപാത്രമായിരിക്കും സഖാവ് ഷാനു.
രാഷ്ട്രീയ എതിരാളികൾ ബോംബെറിഞ്ഞപ്പോൾ എല്ലാം നഷ്ടമായ ഷാനുവെന്ന ഷാനവാസ് പിന്നെ പാർട്ടി കുടുംബത്തിന്റെ തണലിലായിരുന്നു ജീവിച്ചത്. ഏറെ തന്മയത്വത്തോടെയാണ് ആസിഫ് തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇമോഷണൽ രംഗമൊക്കെ ഏറെ റിയലിസ്റ്റിക്കായിതന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

എടുത്തു പറയേണ്ടത് സദാനന്ദൻ എന്ന കമ്യൂണിസ്റ്റ നേതാവായി അഭിനയിച്ചിരിക്കുന്ന രഞ്ചിത്തിന്റെ അതിഗംഭീരമായ പകർന്നാട്ടമാണ് ഈ ചിത്രത്തിൽ എടുത്തു പറയേണ്ടത്.
സംവിധായകനും മികച്ച തിരക്കഥാ കൃത്തുമായ രഞ്ചിത്ത് ഇതിനകം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും കൊത്തിലെ പാർട്ടി നേതാവിന് ഒരു ലാൽസലാം. ചിത്രത്തിൽ നായികയായി വരുന്നത് നിഖില വിമൽ ആണ്. തന്നെ ഏൽപ്പിച്ച കഥാപാത്രത്തെ അതി ശക്തമായിതന്നെയാണ് നിഖിലയും കൈകാര്യം ചെയ്തിരിക്കുന്നത്. ചെയ്യാത്ത കൊലക്കുറ്റം പാർട്ടിക്ക് വേണ്ടി ഏറ്റെടുക്കുന്ന കഥയൊക്കെ നാം ഇതിന് മുൻപും പലതവണ സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും സുമേഷ് എന്ന യുവനേതാവിനെ കൊത്തിൽ ഏറെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. റോഷൻ മാത്യുവാണ് സുമേഷ് എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത്. ഒറ്റ സീനിൽ മാത്രമാണ് സുദേവ് നായർ എത്തുന്നതെങ്കിലും സുദേവിന്റെ ഐ പി എസ് ഓഫീസറെയും പ്രേക്ഷകർ മറക്കാൻ വഴിയില്ല.
കണ്ണൂരിലെ വിവിധ ഗ്രാമങ്ങളിലാണ് കൊത്ത് ചിത്രീകരിച്ചിരിക്കുന്നത്. വടക്കൻ സ്ലാംഗിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ സിനിമാ പ്രേക്ഷകരിൽ നിന്നും ലഭിച്ചുപോരുന്നത്, കൊത്ത് എന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന കണ്ണൂർ സ്ലാംഗും സിനിമയുടെ ഹൈലേറ്റാണ്.
ഇവിടെ എല്ലാം പാർട്ടിയാണ്. പാർട്ടി തീരുമാനങ്ങൾക്ക് അനുസരിച്ച് ജീവിക്കുകയാണ് ജനം. അമ്മമാരുടെ കണ്ണീരിനും, ഭാര്യമാരുടെ ആശങ്കകൾക്കുമൊന്നും ഇടമില്ലാത്ത ഒരു രാഷ്ട്രീയ പശ്ചാത്തലം കണ്ണൂരിൽ നിലനിൽക്കുന്നുണ്ടോ. അതിനെല്ലാം കൊത്ത് മറുപടി പറയും.

കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമകൾ മലയാളത്തിൽ നിരവധിയുണ്ടായിട്ടുണ്ട്. ലാൽ സലാം, അറബിക്കഥ, സഖാവ്, ഒരു മെക്‌സിക്കൻ അപാരത, രക്തസാക്ഷികൾ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, വീണ്ടും കണ്ണൂർ, ഈട തുടങ്ങി നിരവധി ചിത്രങ്ങൾ ഈ ഗണത്തിൽ പെടുന്നു. തീവ്രകമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായവരുടെ കഥ പറഞ്ഞ സിനിമകൾ വേറെയുമുണ്ട്.

കണ്ണൂർ എന്നും രാഷ്ട്രീയ കേരളത്തിൽ വേറിട്ട അധ്യായങ്ങളാണ് എഴുതിചേർത്തിരുന്നത്. രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ ഘടകമാണ് കണ്ണൂർ. തെറ്റും ശരിയും എല്ലാം ആപേക്ഷികമാണ്. ഒരു രാഷ്ട്രീയ സംഭവം പ്രമേയമായി സിനിമകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സൂഷ്മതകളെല്ലാം പരമാവധി പാലിച്ചുകൊണ്ടുതന്നെയാണ് കൊത്ത് നിർമ്മിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും, ക്യാമറയുമെല്ലാം മികച്ചതാണ്.
സിബി മലയിൽ എന്ന ഹിറ്റ് മേക്കർക്കിതൊരു തിരിച്ചുവരവാകുമെന്നതിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here