രാജേഷ് തില്ലങ്കേരി

ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാബ് ബച്ചൻ ഇന്ന് എൺപതിന്റെ നിറവിൽ.  ലോകസിനിമാ ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട നാമമാണ് അമിതാബ് ബച്ചന്റേത്. അമിതാബ് ബച്ചൻ  ലോകത്തിനുമുന്നിൽ ഇന്നും അത്ഭുതമാണ്.  എൺപതുകളിൽ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി ബോളിവുഡിൽ നിറഞ്ഞുനിന്ന താരമാണ് അമിതാ ബച്ചൻ. ബച്ചന്റെ സിനിമാ ജീവിതം സമാനതകളില്ലാത്തതായിരുന്നു.

അമിതാഭ് ശ്രീവാസ്തവ എന്ന പേരിൽ ജനിച്ച അദ്ദേഹം ഒരു ചലച്ചിത്ര നടൻ എന്നതിനൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ, മുൻ രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. 1970 കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ സഞ്ജീർ, ദിവാർ, ഷോലെ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന് തുടക്കത്തിൽ പ്രശസ്തി നേടിക്കൊടുക്കുകയും ബോളിവുഡ് സ്‌ക്രീനിലെ വേഷങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ ‘ക്ഷുഭിതനായ യുവാവ്’ എന്ന പേരിൽ അറിയപ്പെടുന്നതിനും ഇടയാക്കി.

ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക് (‘നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടൻ’ എന്ന് ഹിന്ദി), സ്റ്റാർ ഓഫ് മില്ലേനിയം, അല്ലെങ്കിൽ ബിഗ് ബി, എന്നിങ്ങനെ പരാമർശിക്കപ്പെടുന്ന അദ്ദേഹം, ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തിൽ 190 ലധികം ഇന്ത്യൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മഹത്തായതും സ്വാധീനമുള്ളതുമായ നടന്മാരിൽ ഒരാളായി ബച്ചൻ പരക്കെ കണക്കാക്കപ്പെടുന്നു.1970 കളിലും 1980 കളിലും ഇന്ത്യൻ ചലച്ചിത്രരംഗം പൂർണ്ണമായും ബച്ചന്റെ ആധിപത്യത്തിൻ കീഴിലായിരുന്നതിനാൽ ഫ്രഞ്ച് സംവിധായകൻ ഫ്രാങ്കോയിസ് ട്രൂഫൗട്ട് അദ്ദേഹത്തെ ‘വൺ-മാൻ ഇൻഡസ്ട്രി’ എന്ന് വിളിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനപ്പുറം, ആഫ്രിക്ക ,  ഈജിപ്ത്, യു കെ, റഷ്യ, അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള സിനിമാ വിപണികളിൽ ബച്ചന് ഏറെ ആരാധകരുണ്ട്.

മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ അവാർഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാർഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാർഡുകൾ ഉൾപ്പെടെ ബച്ചൻ തന്റെ കരിയറിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പതിനഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ അദ്ദേഹം ആകെ 41 നാമനിർദ്ദേശങ്ങൾ എന്ന നിലയിൽ ഫിലിംഫെയറിലെ ഏതെങ്കിലും പ്രധാന അഭിനയ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്. അഭിനയത്തിനു പുറമേ, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹു വാണ്ട്‌സ് ടു ബി എ മില്ല്യണർ  എന്ന ഗെയിം ഷോയുടെ ഇന്ത്യൻ പതിപ്പായ കോൻ ബനേഗ ക്രോർപതിയുടെ നിരവധി സീസണുകളിൽ അദ്ദേഹം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 1980 കളിൽ ഒരു ഹ്രസ്വകാലം അദ്ദേഹം രാഷ്ട്രീയത്തിലും പ്രവേശിച്ചിരുന്നു.

കലാ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 1984 ൽ പദ്മശ്രീ, 2001 ൽ പത്മഭൂഷൺ, 2015 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു. സിനിമാ ലോകത്തും അതിനുമപ്പുറത്തുമുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിന്റെപേരിൽ ഫ്രാൻസ് സർക്കാർ 2007 ൽ അദ്ദേഹത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. ബാസ് ലുഹ്‌മാന്റെ ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി എന്ന ഹോളിവുഡ് ചിത്രത്തിലും ബച്ചൻ പ്രത്യക്ഷപ്പെടുകയും, അതിൽ മേയർ വുൾഫ്‌ഷൈം എന്ന ഇന്ത്യൻ ഇതര ജൂത കഥാപാത്രത്തെ അവതരിപ്പിച്ചിക്കുകയും ചെയ്തു.

പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്റെ മൂത്ത പുത്രനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിൽ ജനിച്ചു.  ഹിന്ദി കവിയായിരുന്നു  പിതാവ് ഹരിവംശ് റായ് ബച്ചന് അവാധി,  ഉറുദുഎന്നീ ഹിന്ദുസ്ഥാനി ഭാഷകളിലും അതിയായ പ്രാവീണ്യമുണ്ടായിരുന്നു. പിതാവിന്റെ ബന്ധുക്കളായ അദ്ദേഹത്തിന്റെ പൂർവ്വികർ ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ച് തഹ്സിലിലെ ബാബുപട്ടി എന്ന ഗ്രാമത്തിൽ നിന്നാണ് വന്നത്. അദ്ദേഹത്തിന്റെ മാതാവ് തേജി ബച്ചൻ പാക്ക് അധീനപ്രദേശമായ പഞ്ചാബിലെ ലിയാൽപൂരിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയും പഞ്ചാബി സിഖ് വനിതയുമായിരുന്നു.

 സ്വാതന്ത്ര്യസമരകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന മുദ്രാവാക്യമായ ‘ഇൻക്വിലാബ് സിന്ദാബാദ്’  എന്ന വാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബച്ചനെ തുടക്കത്തിൽ ഇൻക്വിലാബ് എന്ന് നാമകരണം ചെയ്തത്. പിന്നീട് സഹ കവി സുമിത്രാനന്ദൻ പന്തിന്റെ നിർദ്ദേശപ്രകാരം ഹരിവംശ് റായ് മകന്റെ പേര്, ‘ഒരിക്കലും അണയാത്ത വെളിച്ചം’ എന്നർത്ഥം വരുന്ന അമിതാഭ് എന്നാക്കി മാറ്റി. അദ്ദേഹത്തിന്റെ വംശനാമം ശ്രീവാസ്തവ എന്നായിരുണെങ്കിലും, അമിതാഭിന്റെ പിതാവ് ‘ബച്ചൻ’ എന്ന തൂലികാനാമം സ്വീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ  പേരിന്റെ ഒടുവിലെ ഈ നാമത്തോടെയാണ് അമിതാഭ് സിനിമകളിലും മറ്റെല്ലാ മേഖലകളിലും അരങ്ങേറ്റം കുറിച്ചത്, ബച്ചൻ എന്നത് അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏറ്റവുമടുത്ത എല്ലാവരുടെയും കുടുംബപ്പേരായി മാറി.

നൈനിത്താൾ ഷെയർവുഡ് കോളജിലും ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കൈറോറിമാൽ കോളജിലുമായി ബച്ചന്റെ വിദ്യാഭ്യാസം.  1969 ൽ മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്ന ദേശീയ അവാർഡ് സിനിമയിലെ ശബ്ദ സാന്നിദ്ധ്യമായി ബച്ചൻ ചലച്ചിത്ര രംഗത്ത് തന്റെ അരങ്ങേറ്റം നടത്തി. 1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്‌മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരിൽ ഒരാളായിട്ടാണ് അദ്ദേഹത്തിന്റെ അഭിനയരംഗത്തേയ്ക്കുള്ള തുടക്കം. ഉത്പാൽ ദത്ത്, അൻവർ അലി, മലയാള നടൻ മധു, ജലാൽ ആഘ എന്നിവരാണ് ബച്ചന്റെ ഒപ്പം ഈ ചിത്രത്തിൽ അഭിനയിച്ചത്. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു.

തന്റെ മുപ്പതാം വയസ്സിൽ പന്ത്രണ്ട് ഫ്‌ലോപ്പുകളും രണ്ട് ഹിറ്റുകളും മാത്രമുള്ള ഒരു ‘പരാജയപ്പെട്ട പുതുമുഖം’ ആയിട്ടാണ് ബച്ചൻ രംഗത്തു പിടിച്ചുനിൽക്കാനുള്ള തീവ്രശ്രമം നടത്തുന്നത്. ബോംബെ ടു ഗോവയിലെ നായകവേഷവും ആനന്ദിലെ സഹ കഥാപാത്രവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മികച്ച സിനിമകളായി എടുത്തുപറയുവാനുണ്ടായിരുന്നത്. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന തിരക്കഥാകൃത്ത് ദ്വയം ‘സലിം-ജാവേദ്’ ബച്ചനിലെ അഭിനേതാവിനെ താമസിയാതെ കണ്ടെത്തി. സലിം ഖാൻ കഥ, തിരക്കഥ,  സംഭാഷണം എന്നിവ രചിച്ച ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജീറിലെ   ‘ക്ഷുഭിത യുവാവിനെ’ ആവിഷ്‌കരിക്കുവാൻ ബച്ചൻ നിയുക്തനായി.  

ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അതിന് മുമ്പുള്ള റൊമാന്റിക് പ്രമേയങ്ങളുള്ള സിനിമകളിൽ നിന്ന് തികച്ചും വിഭിന്നമായിരുന്ന, ഇത് അമിതാഭിനെ ബോളിവുഡ് സിനിമയിലെ ‘കോപാകുലനായ യുവാവ്’ എന്ന ഒരു പുതിയ വ്യക്തിത്വത്തിൽ സ്ഥാപിച്ചു. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെടുകയും പിന്നീട് ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത് എന്നു വിലയിരുത്തപ്പെടുകയും ചെയ്തു. ഈ ചിത്രം വൻ വിജയവും ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവുമായി മാറുകയും ബച്ചനെന്ന താരത്തിന്റെ ഉയർത്തുകയും ചെയ്തു.

ദിവാൻ, ഷോലെ എന്നീ ചിത്രങ്ങളാണ് ബച്ചനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയത്. അടിയന്തിരാവസ്ഥക്കാലത്ത് പുറത്തിറങ്ങിയ ഷോലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. 1999 ൽ ബിബിസി ഇന്ത്യ ഷോലെ എന്ന ചിത്രത്തെ ‘സഹസ്രാബ്ദത്തിന്റെ ചിത്രം ആയി പ്രഖ്യാപിക്കുകയും ദീവാറിനെപ്പോലെ, ബോളിവുഡ് കണ്ടിരിക്കേണ്ട ഏറ്റവും മികച്ച 25 സിനിമകളിലൊന്നായി ഇൻഡിയാ ടൈംസ് മൂവീസും ഇതിനെ ഉദ്ധരിക്കുകയും ചെയ്തു. അതേ വർഷം, അമ്പതാം വാർഷിക ഫിലിംഫെയർ അവാർഡിലെ വിധികർത്താക്കൾ 50 വർഷങ്ങളിലെ മികച്ച ഫിലിംഫെയർ ചിത്രമെന്ന പ്രത്യേക അവാർഡിന് ഈ ചിത്രത്തിനു നൽകി.

സിനിമയിൽ നിന്നും പിൻവാങ്ങിയ ബച്ചൻ എ ബി സി എൽ കോർപ്പറേഷൻ എന്ന നിർമ്മാണ കമ്പനിയുണ്ടാക്കി. വലിയ തിരിച്ചടി നേരിട്ട ബച്ചൻ 2005 ലാണ്  സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലൂടെ അതിഗംഭീരമായ തിരിച്ചുവരവ് നടത്തുന്നത്. വിവേക് ശർമയുടെ ഭൂത്‌നാഥ് എന്ന ചിത്രത്തിൽ ഒരു പ്രേതമായി ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുകയും ഈ ചിത്രം 2008 ൽ മെയ് 9 ന് പുറത്തിറങ്ങുകയും ചെയ്തു. 2005 ൽ പുറത്തിറങ്ങിയ സർക്കാർ എന്ന ചിത്രത്തിന്റെ തുടർച്ചയായ സർക്കാർ രാജ് 2008 ജൂണിൽ പുറത്തിറങ്ങുകയും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടുകയും ചെയ്തു.

സ്വന്തം മകനായ അഭിഷേക് ബച്ചന്റെ പ്രൊജീരിയ ബാധിച്ച 13 വയസുള്ള മകനായി അഭിനയിച്ച പാ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.  മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാർഡും മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും ഈ ചിത്രത്തിലൂടെ നേടി. 2013 ൽ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബച്ചൻ ദ ഗ്രേറ്റ് ഗാറ്റ്‌സ്ബി എന്ന ചിത്രത്തിലൂടെ ലിയോനാർഡോ ഡികാപ്രിയോയ്ക്കും ടോബി മഗ്വെയറിനുമൊപ്പം അഭിനയിച്ചു. ബച്ചന്റെ ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. എൺപതാം വയസിലും അമിതാബ് ബച്ചൻ തന്റെ അഭിനയജീവിതം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here