നാല് വർഷത്തിന് ശേഷം ബോളിവുഡിന്റെ കിംഗ് ഖാൻ നായകനായെത്തുന്ന ചിത്രമായ പഠാൻ റിലീസിനോടടുക്കുന്നതിനൊപ്പം നിരവധി വിവാദങ്ങളിലും ഇടം പിടിച്ചിരുന്നു. അടുത്തിടെ പുറത്തുവന്ന ബഷറം രംഗ് എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രധാരണമടക്കം ചൂണ്ടിക്കാട്ടി ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ഉയർന്നതിന് പിന്നാലെ തന്നെ സെൻസർ നടപടി സംബന്ധിച്ചുണ്ടായ അവ്യക്തതകളും ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന ആശ്വാസകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

 

 

വിവാദ ഗാനത്തിലടക്കം ആകെ പത്ത് കട്ടുകൾ നിർദേശിച്ചാണ് സെൻസറിംഗ് നടപടികൾ പൂർത്തിയായത്. ഇതിൽ പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ് എന്ന പദപ്രയോഗം അടക്കം ഉൾപ്പടുന്നതായാണ് റിപ്പോർട്ട്. സെൻസർ നടപടികൾ പൂർത്തിയാക്കാനായി സിബിഎഫ്സി നിർദേശിച്ച കട്ടുകളിൽ ഏറിയ പങ്കും സംഭാഷണ രംഗങ്ങളാണ്. റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്), പിഎംഒ (പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ്) ,അശോക് ചക്ര, മിസിസ് ഭാരത് മാത എന്നീ വാക്കുകളാണ് ഒഴിവാക്കുകയോ പകരം വാക്കുകൾ ഉൾപ്പെടുത്തുകയോ ചെയ്തിട്ടുള്ളത്.

 

 

വിവാദമായ ബഷറം രംഗ് എന്ന ഗാനത്തിലെ ബിക്കിനിയുടെ ക്ളോസ് അപ്പ് ഷോട്ടുകളും അർദ്ധനഗ്നത വെളിവാക്കുന്ന ഷോട്ടുകളും ഒഴിവാക്കാനായി സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ബഹുത് ടംഗ് കിയാ എന്ന വരികള്‍ വരുമ്പോഴത്തെ നൃത്ത ചലനവും ഒഴിവാക്കാന്‍ സിബിഎഫ്സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീക്കേണ്ട ഷോട്ടുകളുടെ സമയദൈര്‍ഘ്യം എത്രയെന്ന് ബോര്‍ഡ് അറിയിച്ചിട്ടില്ല.

 

സിന്ദാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന പഠാന് സെൻസർ ബോർഡിന്റെ കട്ടുകൾക്ക് ശേഷം രണ്ട് മണിക്കൂർ 26 മിനിറ്റാണ് പ്രദർശന സമയം. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, എന്നിവർ അടങ്ങുന്ന ചിത്രം ജനുവരി 25-നാണ് തിയേറ്ററുകളിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here