നിവിന്‍ പോളി നായകനാവുന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥ സംവിധായകനും തിരക്കഥാകൃത്തുമായ ഗൗതം രാമചന്ദ്രന്‍ മാറ്റി എഴുതിയത് 40 തവണ. തിരക്കഥയ്ക്ക് പൂര്‍ണത ലഭിക്കുന്നതിനായിരുന്നു ഒമ്പതു മാസത്തോളം നീണ്ടുനിന്ന എഴുത്തും തിരുത്തും മാറ്റിയെഴുത്തും. നിരവധി തവണ മാറ്റി എഴുതിയതിന്റെ ഫലമായി തന്റെ തിരക്കഥയ്ക്ക് പൂര്‍ണത കൈവന്നതായി ഗൗതം അവകാശപ്പെടുന്നു. തങ്ങള്‍ നടത്തിയ അധ്വാനത്തിന് ഫലം ലഭിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു. ഉലിദവരു കണ്ടന്തെ എന്ന കന്നഡ ചിത്രമാണ് നിവിന്‍ പോളിയെ നായകനാക്കി ഗൗതം തമിഴിലേക്ക് മൊഴിമാറ്റുന്നത്. ചിത്രത്തിന്  പേരിട്ടിട്ടില്ല.

”തിരക്കഥ പൂര്‍ത്തിയാക്കുന്നതില്‍ നിവിന്‍ സഹായിച്ചു. നിവിന്റെ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കിൽ അത് പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ല. തിരക്കഥ ചര്‍ച്ച ചെയ്യുന്നതിനായി എത്തിയ നിവിന്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ഞങ്ങൾക്കുവേണ്ടി സമയം ചിലവഴിച്ചു. ഓരോ സീനിന്റെയും പ്രതികരണങ്ങളും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. ഈ അർപ്പണബോധത്തിൽ ഞാനും എനിക്കൊപ്പം ഉണ്ടായിരുന്നവരും ഞെട്ടിപ്പോയി”-ഗൗതം പറഞ്ഞു.

നിവിൻ ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് നിര്‍മിക്കുന്നതെന്ന വാര്‍ത്തകൾ ഗൗതം നിഷേധിച്ചു. കന്നഡ ചിത്രം അതേപടി തമിഴിലേക്ക് മൊഴിമാറ്റുകയല്ല, മറിച്ച് തിരക്കഥയിൽ കാലദേശങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്തത്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാര്‍ നിവിന്‍ പോളിയുടെ നായികയായി എത്തുമെന്ന വാര്‍ത്തയും ഗൗതം തള്ളിക്കളഞ്ഞു. പുതുമുഖ നായിക ഉള്‍പ്പെടെയുള്ള ചില സാധ്യതകളാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളതെന്നും ഗൗതം പറഞ്ഞു. 

മെയ് പകുതിയോടെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. നിവിന്റെ സുഹൃത്തുക്കളായ ആനന്ദ് കുമാര്‍, വിനോദ് ഷൊര്‍ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here