മുന്‍ രാജ്യസഭാംഗവു൦ സിനിമ താരവുമായ സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല. നടനെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്ന് വർഷത്തേക്ക് നിയമനം. സുരേഷ് ​ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിം​ഗ് കൗൺസിൽ അധ്യക്ഷനായും കേന്ദ്രം നാമനിർദേശം ചെയ്തു.

കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ ആണ് സുരേഷ് ​ഗോപിയെ നിമയമിച്ചു കൊണ്ടുള്ള ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ പരിചയ സമ്പത്ത് സ്ഥാപനത്തിന്റെ പുരോഗതിക്ക് മുതൽ കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് സുരേഷ് ​ഗോപിയോടായി മന്ത്രി പറഞ്ഞു.

അതേസമയം, ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ വർമ്മയാണ്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡന്‍. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.

‘ജെ.എസ്.കെ’ എന്നൊരു ചിത്രവും സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്‍റെ പൂര്‍ണമായ പേര്. പ്രവീണ്‍ നാരായണൻ ആണ് ചിത്രത്തിന്‍റെ സംവിധാനം. കോർട് റൂം ഡ്രാമ വിഭാഗത്തില്‍ ഉള്ള ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകൻ മാധവും അഭിനയിക്കുന്നുണ്ട്. മേ ഹും മൂസ, പാപ്പന്‍ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here