mani-and-daughter1ചാലക്കുടി: അച്ഛന്റെ വിയോഗത്തില്‍ വെന്തുരുകുമ്പോള്‍ സി.ബി.എസ്.ഇ പത്താം ക്‌ളാസ് പരീക്ഷ എഴുതിയ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് ഫലം വന്നപ്പോള്‍ 96 ശതമാനം മാര്‍ക്ക്. അച്ഛനുണ്ടായിരുന്നെങ്കില്‍ ആഹ്‌ളാദംകൊണ്ട് പൊട്ടിത്തെറിക്കുമായിരുന്ന ഈ വിജയത്തിന്റെ സന്തോഷം ശ്രീലക്ഷ്മി ഒരു മന്ദഹാസത്തിലൊതുക്കി. മണിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വലിയ വേദനയില്‍ കഴിയുന്ന മണിക്കൂടാരത്തില്‍ ശ്രീലക്ഷ്മിയുടെ വിജയം ചെറിയൊരു സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. പരീക്ഷാ വിജയത്തിന്റെ ആഹ്‌ളാദം പങ്കിടാന്‍ അച്ഛനില്‌ളെന്ന ദുഃഖം പക്ഷേ, അവിടെ തളം കെട്ടിനിന്നു. അതുകൊണ്ട് തിളക്കമാര്‍ന്ന വിജയം ശ്രീലക്ഷ്മി അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ്. നല്ല മാര്‍ക്കോടെ വിജയിക്കണമെന്ന അച്ഛന്റെ മോഹമാണ് അവള്‍ സാക്ഷാത്കരിച്ചത്. അഞ്ച് വിഷയത്തില്‍ നാലിനും എ പ്‌ളസ് കിട്ടി. കണക്കില്‍ മാത്രം ബി പ്‌ളസ്. അത് പ്രതീക്ഷിച്ചിരുന്നു. കണക്ക് പരീക്ഷ എല്ലാവര്‍ക്കും കട്ടിയായിരുന്നു.
മണിയുടെ മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സി.ബി.എസ്.ഇ പത്താം ക്‌ളാസ് പരീക്ഷ നടന്നത്. വീട്ടുകാരും നാട്ടുകാരും ഒരുപോലെ കണ്ണീരില്‍ മുങ്ങിയ ദിവസങ്ങളായിരുന്നു അത്. അച്ഛന്റെ സ്‌നേഹപൂര്‍ണമായ ഓര്‍മകള്‍ ഈ 15കാരിയുടെ മനസിനെ വല്ലാതെ നോവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീലക്ഷ്മിക്ക് പരീക്ഷയെഴുതാന്‍ കഴിയുമോയെന്ന കടുത്ത ആശങ്കയുണ്ടായിരുന്നു.
വാശിയോടെ പഠിച്ച് പരീക്ഷ നേരിടാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അന്ന് പരീക്ഷയെഴുതാതെ പിന്മാറിയിരുന്നെങ്കില്‍ അച്ഛന്റെ ആഗ്രഹം നിറവേറപ്പെടുമായിരുന്നില്ല.
ചാലക്കുടിയിലെ സി.എം.ഐ സ്‌കൂളിലായിരുന്നു പഠനം. ശനിയാഴ്ച ഫലമറിയാന്‍ സ്‌കൂളില്‍ പോയി. അധ്യാപകരെല്ലാം അഭിനന്ദിച്ചു. ഇത്ര മാര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്‌ളെന്ന് ശ്രീലക്ഷ്മിയും അമ്മ നിമ്മിയും പറഞ്ഞു. തുടര്‍ന്നും ഇതേ സ്‌കൂളില്‍ പ്‌ളസ് വണ്ണിന് സയന്‍സ് ഗ്രൂപ്പില്‍ ചേരാനാണ് തീരുമാനം. അച്ഛനെപ്പോലെ കലാകാരിയാണ് ശ്രീലക്ഷ്മിയും. പാട്ട്, മിമിക്രി, വയലിന്‍, ചിത്രരചന എന്നിവയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ടെങ്കിലും പഠിച്ച് ഡോക്ടറാവണമെന്നാണ് ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here