1435773028_premam-and-maniyarayile-jinnu-anwar-rasheeds-latest-movies_732
കൊച്ചി: ‘പ്രേമം’ സിനിമയുടെ സെന്‍സര്‍ കോപ്പികള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിച്ചതില്‍ പ്രതിഷേധിച്ച് സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ് ഫെഫ്ക അടക്കമുള്ള സംഘടനകളില്‍ നിന്ന് രാജിവെക്കും. സംവിധായകരുടെ സംഘടനയായ ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ എന്നിവയില്‍ നിന്നാണ് അന്‍വര്‍ റഷീദ് രാജിവെക്കാന്‍ തീരുമാനിച്ചത്. ഇതിമുതല്‍ ഈ സംഘടനകളുടെയൊന്നും പിന്തുണയില്ലാതെ സിനിമ പുറത്തിറക്കുമെന്ന് അന്‍വര്‍ അറിയിച്ചു. ‘പ്രേമം’ സിനിമയുടെ നിര്‍മാതാവാണ് അന്‍വര്‍ റഷീദ്.
സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന പൈറസി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മൗനം പാലിക്കുകയായിരുന്നു ഈ സംഘടനകള്‍. ഒരു സംഘടനയും അതിനെതിരെ പ്രതികരിച്ചില്ല. സെന്‍സര്‍ കോപിയാണ് നെറ്റില്‍ പ്രചരിക്കുന്നത് എന്ന കാര്യം ഏറെ ഗൗരവമുള്ള കാര്യമാണെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.
‘പ്രേമം’ എന്ന ചിത്രത്തിനുവേണ്ടി മാത്രമല്ല താന്‍ സംസാരിക്കുന്നതെന്ന് ചിത്രത്തിന്‍െറ നിര്‍മാതാവായ അന്‍വര്‍ റഷീദ് വ്യക്തമാക്കി. സിനിമാ നിര്‍മാണത്തെ തന്നെ തകര്‍ക്കുന്ന കാര്യമാണിത്. വിജയ് ചിത്രമായ ‘പുലി’യുടെ ടീസര്‍ അനധികൃതമായി യൂട്യൂബില്‍ ഇട്ട് പ്രചരിപ്പിച്ചയാളെ മണിക്കൂറുകള്‍ക്കുള്ളിലാണ് പിടികൂടിയത്. എന്നാല്‍ പ്രേമത്തിന്‍െറ കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായി െല്ലന്നും അന്‍വര്‍ റഷീദ് പറഞ്ഞു.
ചലചിത്ര സംഘടനകളെ കൊണ്ട് മലയാള സിനിമക്ക് ഒരു പ്രയോജനവുമില്ല. പൈറസി പോലുള്ള ഗുരുതര പ്രശ്നങ്ങളില്‍ മൗനം പാലിക്കുകയാണ് ഈ സംഘടനകളെന്നും അന്‍വര്‍ റഷീദ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here