കച്ചവടസിനിമയോട് എനിക്കൊരു എതിർപ്പുമില്ല. വ്യവസായത്തിന്റെ നിലനിൽ‌പിന് അത് അത്യാവശ്യവുമാണ്. പക്ഷെ കല വേറെ തന്നെയാണ് എന്ന് അംഗീകരിക്കാതെ കച്ചവടത്തിന്റെ കൂടെവരുന്ന പണത്തിന്റെയും ഗ്ലാമറിന്റേയും പിന്നാലെ കലാസിനിമയുടെ ഉന്നമനത്തിനായി ഉണ്ടാക്കിയിട്ടുള്ള സ്ഥാപനങ്ങൾ ഒഴുകി നീങ്ങുന്നതിൽ വലിയ എതിർപ്പുണ്ട്. കലാമൂല്യമുള്ള സിനിമകൾക്കായിട്ടാണ് പ്രധാനമായും സംസ്ഥാന അവാർഡ് വിഭാവനം ചെയ്തിരിക്കുന്നത് അതുകൊണ്ടാണല്ലോ ജനപ്രിയ സിനിമയ്ക്ക് പ്രത്യേകം അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

പക്ഷെ അവാർഡ് നൽ‌കുമ്പോൾ മുതൽ അവാർഡ് വിതരണം ചെയ്യുമ്പോൾ വരെ ജനപ്രീതിയെ മുഖവിലക്കെടുത്താണ് വിജയപരാജയങ്ങൾ നിശ്ചയിക്കുന്നത് എന്നുള്ളത് വലിയ അപകടമാണ്. അവാർഡ് വിതരണ പരിപാടിയെ താരനിശയായി മാറ്റിയ പരിപാടി കഴിഞ്ഞ സർക്കാർ തുടങ്ങിവച്ചതാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ സർക്കാരിന് കോട്ടയത്തുവെച്ചു നടത്താൻ കഴിഞ്ഞ ഏറ്റവും വലിയ ഇലക്ഷൻ പ്രചാരണപരിപാടിയായിരുന്നു കഴിഞ്ഞ അവാർഡ് വിതരണമാമാങ്കം. ജനങ്ങൾ ഒഴുകിയെത്തി. കോട്ടയത്തിന്റെ അപദാനങ്ങൾ വാഴ്ത്തിയായിരുന്നു ഓരോ പ്രസംഗവും. ഓരോ കോട്ടയം പരാമർശത്തിനും ജനങ്ങൾ ആർപ്പുവിളിച്ചു. ജനങ്ങളെ കയ്യിലെടുക്കാൻ രാഷ്ട്രീയക്കാർ ചെയ്യുന്ന അതേ പരിപാടി തന്നെ സിനിമാ (കലാകാരന്മാരും?) അനുവർത്തിച്ചു. ഇതുകൊള്ളാമല്ലോ എന്ന് ഇത്തവണ പുതിയ സർക്കാരിനും തോന്നി. അവരത് പാലക്കാടാക്കി.

ഓരോ പ്രസംഗത്തിലും പാലക്കാടിന്റെ അപദാനങ്ങൾ പാടി ജനസഞ്ചയം ഇളകി മറിഞ്ഞു. എന്തൊരു നാടകമാണിത് എന്ന് തോന്നിപ്പോയി. അടുത്തവർഷം തലശേരിയിൽ ഈ പരിപാടി ആവർത്തിക്കും. തലശേരിയുടെ മാഹാത്മ്യം പാടുന്ന പ്രസംഗങ്ങൾ എല്ലാവരും കാണാതെ പഠിക്കും. ഇത് ശരിയായ ഇടപാടാണോ എന്നെനിക്കറിയില്ല. ഒരു സംസ്ഥാന സർക്കാർ അതിന്റെ ഒരു പ്രധാന കലാരൂപത്തിലെ സംഭാവനയ്ക്ക് കലാകാരന്മാർക്കു നൽ‌കുന്ന അംഗീകാരമാണ് ഇത്തരത്തിൽ പ്രകടനപരതയിലേക്ക് കൂപ്പുകുത്തുന്നത്. താരനിശകൾ നിങ്ങൾ എല്ലാ പഞ്ചായത്തിലും ഓരോന്നുവീതം നടത്തിക്കോളൂ. ഒരു പരാതിയുമില്ല. കാണാൻ ഞാനും വന്നേക്കും. പക്ഷേ അവാർഡ് വിതരണത്തെ ഇങ്ങനെ പേക്കൂത്താക്കരുത് പ്ലീസ്.

കലയും കച്ചവടവും വേറെ തന്നെയാണ് എന്ന് തെളിയിക്കുന്നതായിരുന്നു പാലക്കാട്ടു നടന്ന താര നിശ. ലക്ഷക്കണക്കിന് ആളുകൾ തടിച്ചുകൂടിയ മൈതാനം ഒന്നടങ്കം താരങ്ങളെ കാണാൻ എത്തിയതായിരുന്നു. സിനിമയോ സിനിമയ്ക്കു കൊടുക്കുന്ന അംഗീകാരങ്ങളോ ആയിരുന്നില്ല ആർക്കും വിഷയം. ജനക്കൂട്ടത്തിന്റെ ആരവും ആർപ്പുവിളിയുമായിരുന്നു സംഘാടകർ പോലും വിജയമായി കണക്കാക്കിയിരുന്നതും. സംഘാടകർ അങ്ങനെ കരുതുന്നതിൽ കുറ്റമൊന്നുമില്ല പക്ഷേ ചലച്ചിത്രത്തിന്റെ ഉന്നമനത്തിനുവേണ്ടിയുണ്ടാക്കിയ അക്കാഡമി ആയിരുന്നു സംഘാടകർ എന്നതായിരുന്നു സങ്കടം.

സിനിമയെക്കുറിച്ചും സിനിമാസംബന്ധിയായി സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനും സിനിമാമന്ത്രിയും സംസാരിക്കുന്നതുപോലും കേൾക്കാൻ താൽ‌പര്യമില്ലാത്ത പാറപോലുള്ള ജനക്കൂട്ടമായിരുന്നു സദസ്യർ. പ്രസംഗം പോലും തടസപ്പെടുത്തുന്ന രീതിയിൽ ബഹളം വെച്ച ജനക്കൂട്ടത്തിനോട് ‘നിങ്ങൾ ബഹളം വെച്ചാലോന്നും ഞാൻ നിർത്തിപ്പോകില്ല‘ എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് തന്റെ പ്രസംഗം പൂർത്തിയാക്കേണ്ടിവന്നു. ജൂറീ റിപ്പോർട്ട് അവതരിപ്പിച്ചുതുടങ്ങിയപ്പോൾ ബഹളം അതിന്റെ പരമാവധിയായി. ജൂറി ചെയർമാനും ബഹളം വെച്ചാലും റിപ്പോർട്ട് വായിച്ചേ താൻ മടങ്ങൂ എന്ന് ഓർമിപ്പിക്കേണ്ടിവന്നു. അവാർഡ് ദാനത്തിന്റെ ഏറ്റവും പ്രധാനപരിപാടിയായ ജൂറി റിപ്പോർട്ട് വായിക്കുന്നതിൽ ജനക്കൂട്ടത്തിന്റെ അനിഷ്ടം വേണമെങ്കിൽ മനസിലാക്കാം. കാരണം അവർ വന്നത് ജൂറിറിപ്പോർട്ട് കേൾക്കാനല്ല. താരങ്ങളെ കാണാനായിരുന്നു. പക്ഷെ സംഘാടകർ ഒരുപടികൂടി കടന്ന് തങ്ങളുടെ താരാരാധന ജനക്കൂട്ടത്തിന്റേതിനെക്കാൾ ഉയരെയാണെന്ന് ബോധ്യപ്പെടുത്തി.

വൈകിയെത്തിയ ദുൽഖർ സൽമാനെ ജൂറി റിപ്പോർട്ട് വായിക്കുന്നതിനിടയിൽ തന്നെ വേദിയിലൂടെ കയറ്റി കൈവീശിച്ച് സദസിൽ കൊണ്ടിരുത്തി. ജൂറിയും ജൂറി റിപ്പോർട്ടുമൊക്കെ അല്ലെങ്കിൽ തന്നെ ആർക്കുവേണം. ഇതൊക്കെ വെറും ചടങ്ങ് പരിപാടിയല്ലെ. അവാർഡ് ദാനം വെറും ചടങ്ങുമാത്രമാക്കി താരപൂജ മാമാങ്കമാക്കി മാറ്റിയ സംഘാടന വൈദഗ്ധ്യത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. അടുത്തവർഷം സമ്മാനദാനം തലശേരിയിലാണത്രെ. കഴിഞ്ഞ തവണ അത് കോട്ടയത്തുവെച്ചായിരുന്നു. കഴിഞ്ഞവർഷത്തേതിനെക്കാൾ കെങ്കേമമായിരുന്നു ഇത്തവണത്തെ ഉത്സവം. അടുത്ത വർഷം ഇതിലും ഉയരട്ടെ ആരവം. ഒരേ ഒരാഗ്രഹം മാത്രം അവഹേളനം സഹിക്കവയ്യാതെ മലയാള സിനിമ ആത്മഹത്യചെയ്യാതിരിക്കട്ടെ. എന്നാലല്ലേ ഇതിങ്ങനെ തുടർന്നുപോകാൻ കഴിയൂ.

( ഹ്രസ്വചിത്രങ്ങളിലൂടെ സിനിമ മേഖലയിലേക്ക് കടന്നു വന്ന സനല്‍ കുമാറിന്റെ ഒരാള്‍പ്പൊക്കം, ഒഴിവു ദിവസത്തെ കളി തുടങ്ങിയ ചിത്രങ്ങള്‍ നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രങ്ങളാണ്.)

LEAVE A REPLY

Please enter your comment!
Please enter your name here